1999 ലാണ് കനേഡിയന്‍ കമ്പനിയായ റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) ഗാഡ്ജറ്റ് നിര്‍മാണം ആരംഭിച്ചത്. 850 എന്ന് പേരിട്ട പേജര്‍ ആയിരുന്നു കമ്പനിയുടെ ആദ്യ ഉല്പന്നം. ബാര്‍സോപ്പിന്റെ വലിപ്പമുണ്ടായിരുന്ന ആ പേജര്‍ ആരും വാങ്ങിയില്ല. രണ്ടുവര്‍ഷത്തിനുള്ളില്‍ പേജര്‍ സംവിധാനം തന്നെ ഇല്ലാതായി.
മൊബൈല്‍ ഫോണുകളാണ് വരുംകാലത്തിന്റെ സാങ്കേതികവിദ്യയെന്ന് തിരിച്ചറിഞ്ഞ റിം ആ വഴിക്ക് പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ ഫലമായി 2003 ല്‍ ആദ്യ ബ്ലാക്ക്ബെറി ഫോണ്‍ അവതരിപ്പിക്കപ്പെട്ടു. വെറുമൊരു മൊബൈല്‍ഫോണ്‍ ആയിരുന്നില്ല ബ്ലാക്ക്ബെറി. പുഷ് ഈമെയില്‍, ടെക്സ്റ്റ് മെസേജിങ്, ഇന്റര്‍നെറ്റ് ഫാക്സിങ്, വെബ് ബ്രൗസിങ് എന്നീ സൗകര്യങ്ങളെല്ലാമുള്ള അസലൊരു സ്മാര്‍ട്ഫോണ്‍ തന്നെയായിരുന്നു അത്.
നോക്കിയ 3310 പോലുള്ള ബേസിക് മോഡല്‍ ഫോണുകള്‍ മാത്രം വിപണിയിലുളള കാലത്താണ് ബ്ലാക്ക്ബെറിയുടെ വരവെന്നോര്‍ക്കണം. ലോകമെങ്ങുമുളള പുത്തന്‍പണക്കാരും വന്‍കിട ബിസിനസ് മേധാവികളുമെല്ലാം ബ്ലാക്ക്ബെറി സ്വന്തമാക്കാന്‍ പരക്കം പാഞ്ഞു. ബ്ലാക്ക്ബെറി ഒരു സ്റ്റാറ്റസ് സിംബലായി മാറിയത് വപെട്ടെന്നാണ്. ബ്ലാക്ക്ബെറി ഫോണ്‍ ഉപയോക്താക്കള്‍ക്ക് പരസ്പരം സൗജന്യസന്ദേശങ്ങള് അയക്കാന്‍ സൗകര്യമൊരുക്കുന്ന ബ്ലാക്ക്ബെറി മെസഞ്ചര്‍ സര്‍വീസും (ബി.ബി.എം) പെട്ടെന്ന് ഹിറ്റായി. അതിന്റെയൊക്കെ ഫലമായി പത്തുവര്‍ഷത്തിനുള്ളില്‍ ലോകമെങ്ങും 20 കോടി ഹാന്‍ഡ്സെറ്റുകള്‍ വിറ്റഴിക്കാന്‍ റിമ്മിന് സാധിച്ചു.
കാലം മാറി, കഥ മാറി. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും രംഗം കീഴടക്കി. ബ്ലാക്ക്ബെറിയുടെ പ്രതാപം നഷ്ടപ്പെട്ടു. ആപ്പിളും സാംസങുമൊക്കെ മുന്നേറിയപ്പോള്‍ സ്മാര്ട്ഫോണ്രംഗത്ത് ബ്ലാക്ക്ബെറിയുടെ കാലിടറി. ആഗോള മൊബൈല്‍ വിപണിയില്‍, 2011 ല്‍ വെറും മൂന്ന് ശതമാനമാണ് കമ്പനിയുടെ വിഹിതം. സാംസങിന്റെയും ആപ്പിളിന്റെയും നോക്കിയയുടെയുമൊക്കെ പിന്നില്‍ ആറാം സ്ഥാനത്താണ് കമ്പനിയുടെ ഇപ്പോഴത്തെ സ്ഥാനം. ട
2008 ല്‍ ഓഹരിവില 90 ശതമാനം കണ്ട് കുറഞ്ഞതും കമ്പനിയുടെ നില പരുങ്ങലിലാക്കി. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് അടിമുടി പരിഷ്കാരങ്ങള്‍ക്കൊരുങ്ങുകയാണ് ബ്ലാക്ക്ബെറിയുടെ നിര്‍മാതാക്കളായ റിം.
അതിന്റെ ഭാഗമായി ബ്ലാക്ക്ബറി 10 എന്ന പേരില്‍ സ്മാര്‍ട്ഫോണുകളുടെ പുതുനിര അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മെച്ചപ്പെടുത്തിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി 10 ഫോണുകള്‍ 2013 ജനവരി 30 ന് വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ബ്ലാക്ക്ബെറിയുടെ അപ്ഡേറ്റഡ് വെര്ഷന് എന്ന പദ്ധതി ഏറെക്കാലമായി റിമ്മിന്റെ മനസിലുള്ളതാണ്. 2012 ക്രിസ്മസ് കാലത്ത് ഈ ഫോണുകള്‍ വിപണിയിലെത്തിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഉദ്ദേശിച്ച സമയത്ത് ജോലികള്‍ തീരാത്തതിനാലാണ് ലോഞ്ചിങ് നീളുന്നത്.
'തികച്ചും വ്യത്യസ്തമായൊരു മൊബൈല്‍ കമ്പ്യൂട്ടിങ് അനുഭവം സമ്മാനിക്കുക എന്നതാണ് ബ്ലാക്ക്ബെറി 10 ഫോണുകളുടെ ലക്ഷ്യം. ലോകോത്തരമായ ബ്രൗസര്‍, മികച്ച മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍, ബ്ലാക്ക്ബെറി ഫ്ലോ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇന്റര്‍ഫേസ് എന്നിവയാണ് ബ്ലാക്ക്ബെറി 10 ന്റെ സവിശേഷതകള്‍''- റിം ചീഫ് എക്സിക്യുട്ടീവ് തോര്സ്റ്റെന് ഹെയിന്‍സ് പറഞ്ഞു.
ഫ്ലോ എന്ന പുത്തന്‍ യൂസര്‍ ഇന്റര്‍ഫേസ് തന്നെയാകും ബ്ലാക്ക്ബെറി 10 ന്റെ തുറുപ്പ് ശീട്ട്. ആപ്ലിക്കേഷനുകളില്‍ നിന്ന് ആപ്ലിക്കേഷനുകളിലേക്കുളള ഒഴുക്കോടെയുള്ള യാത്രയാണ് ഫ്ലോ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള പല സ്മാര്‍ട്ഫോണുകളിലും ഒരു ആപ്ലിക്കേഷനില്‍ നിന്ന് മറ്റൊന്നിലേക്ക് പോകണമെങ്കില്‍ ഹോം സ്ക്രീനിലേക്ക് മടങ്ങേണ്ടതുണ്ട്്. ഫ്ലോയില്‍ അതുവേണ്ട. ഇമെയില്‍ നോക്കിക്കഴിഞ്ഞാല്‍ നേരെ ഫേസ്ബുക്കിലേക്ക് പോകാമെന്നര്ഥം.
പോയ നല്ലകാലം തിരിച്ചുപിടിക്കാന്‍ ബ്ലാക്ക്ബെറി 10 റിമ്മിനെ സഹായിക്കുമെന്നാണ് ഏവരും കരുതുന്നത്. ഈ പുതുമോഡല്‍ ഫോണുകളുടെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചയുടന്‍ തന്നെ കമ്പനിയുടെ ഓഹരിവില 5.5 ശതമാനം ഉയര്‍ന്നതും ശുഭലക്ഷണമായി പലരും കരുതുന്നു.
(ചിത്രങ്ങള്‍ കടപ്പാട് : slashgear.com)