ബ്ലാക്ക്ബറി 10 കരുത്ത് തെളിയിക്കുമെന്ന് റിപ്പോര്‍ട്ട്‌

Posted on: 02 Feb 2013



ബ്ലാക്ക്ബറി സെഡ് 10



ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പിളിന്റെ ഐഒഎസും ആയിരിക്കാം വിപണിയില്‍ മുന്നില്‍. 2013 ലും ആ മേധാവിത്വത്തിന് കോട്ടം തട്ടാന്‍ ഇടയില്ല. എന്നിരിക്കിലും, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണും ബ്ലാക്ക്ബറി 10 ഉം ഈ വര്‍ഷം കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്.

രണ്ടുദിവസം മുമ്പാണ് ബ്ലാക്ക്ബറി 10 മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മൊബൈല്‍ ഫോണുകള്‍ ബ്ലാക്ക്ബറി ലിമിറ്റഡ് കമ്പനി അവതരിപ്പിച്ചത്. ബ്ലാക്ക്ബറി സെഡ് 10, ബ്ലാക്ക്ബറി ക്യു 10 എന്നീ മോഡലുകള്‍ അമേരിക്കയില്‍ അടുത്ത മാസങ്ങളിലേ വിപണിയിലെത്തൂ.

എങ്കിലും, 2013 അവസാനത്തോടെ ഉപഭോക്താക്കളുടെ പക്കല്‍ 200 ലക്ഷം ബ്ലാക്ക്ബറി 10 ഫോണുകള്‍ എത്തിയിട്ടുണ്ടാകുമെന്ന് എബിഐ റിസര്‍ച്ച് (ABI Research) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഈവര്‍ഷം ബ്ലാക്ക്ബറിയുടെ വിഹിതം 1.4 ശതമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

വന്‍ഡോസ് ഫോണ്‍ 8 ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിവിഹിതം 3.2 ശതമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നുവെച്ചാല്‍, 2013 അവസാനത്തോടെ 450 ലക്ഷം വിന്‍ഡോസ് ഫോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കളുടെ പക്കലെത്തിയിട്ടുണ്ടാകും.

2013 അവസാനമാകുമ്പോഴേക്കും ലോകത്ത് ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം 140 കോടി കവിയും. 57 ശതമാനം വിപണി വിഹിതത്തോടെ ആന്‍ഡ്രോയിരിക്കും മുന്നില്‍ (79.8 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍ വിറ്റിട്ടുണ്ടാകും). ഐഫോണിന്റെ വിപണി വിഹിതം 21 ശതമാനമായിരിക്കും (29.4 കോടി ഐഫോണുകള്‍ വിറ്റിട്ടുണ്ടാകും).

അതുവെച്ച് നോക്കിയാല്‍ ബ്ലാക്ക്ബറി 10 ന്റെ വിഹിതം ശുഷ്‌ക്കമെന്ന് തോന്നിയേക്കാം. എന്നാല്‍, അവതരിപ്പിക്കപ്പെട്ട വര്‍ഷം തന്നെ ബ്ലാക്ക്ബറി 10 ന് കരുത്ത് തെളിയിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.

ബ്ലാക്ക്ബറി സെഡ് 10, ക്യു 10

ബ്ലാക്ക്ബറി 10 ഒഎസിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നാണ് 'റിസര്‍ച്ച് ഇന്‍ മോഷന്' പകരം 'ബ്ലാക്ക്ബറി ലിമിറ്റഡ്' എന്ന് പേരുമാറ്റിയ ബ്ലാക്ക്ബറി നിര്‍മാതാക്കളുടെ പ്രതീക്ഷ. 2010 ഏപ്രിലില്‍ ബ്ലാക്ക്ബറി സ്വന്തമാക്കിയ 'ക്യുഎന്‍എക്‌സ്' (QNX) അധിഷ്ഠിതമായാണ് ബ്ലാക്ക്ബറി 10 ഒഎസിന് രൂപംനല്‍കിയിരിക്കുന്നത്.

ബ്ലാക്ക്ബറി ക്യു 10



ആ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണുകളാണ് ബ്ലാക്ക്ബറി സെഡ് 10, ബ്ലാക്ക്ബറി ക്യു 10 എന്നിവ. 4.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയോടു കൂടിയ ബ്ലാക്ക്ബറി സെഡ് 10 യു.എസ്.വിപണിയിലെത്തുക മാര്‍ച്ച് പകുതിയോടെയായിരിക്കും. മുന്‍കൂര്‍ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബ്ലാക്ക്ബറിയുടെ പരമ്പരാഗത ക്യുവെര്‍ട്ടി കീബോര്‍ഡുള്ള ബ്ലാക്ക്ബറി ക്യു 10 ഏപ്രിലാകും വിപണിയിലെത്താന്‍.

135 ഗ്രാം ഭാരവും 9 മില്ലീമീറ്റര്‍ കനവുമുള്ള സെഡ് 10 ന്റെ ഏറ്റവും വലിയ സവിശേഷതയായി ടെക് വിദഗ്ധര്‍ എടുത്തു കാട്ടുന്നത് അതിന്റെ ഗംഭീരമായ ടച്ച്‌സ്‌ക്രീന്‍ അനുഭവമാണ്. ഹാര്‍ഡ്‌വേര്‍ഡ് സ്‌പെസിഫിക്കേഷനും മോശമല്ലെന്നാണ് അഭിപ്രായം.

ബ്ലാക്ക്ബറി ഉപയോഗിച്ച് ശീലിച്ചവരെ ഗൃഹാതുരത്വത്തിന്റെ പഴയ കാലത്തിലേക്ക് നയിക്കാന്‍ പോന്നതാണ് ക്യു 10 ലെ ക്യുവെര്‍ട്ടി കീബോര്‍ഡ്. 2011 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്ബറി 9900 മോഡലിലേതിനെക്കാള്‍ വലിയ കീകളാണ് ക്യു 10 ലുള്ളത്. 3.1 ഇഞ്ച് ഡിസ്‌പ്ലെയോടുകൂടിയ ക്യു 10 ന്റെ സ്‌ക്രീന്‍ റിസല്യൂഷന്‍ 720 ബൈ 720 പിക്‌സലുകളാണ്. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെക്ക്, ബ്ലാക്ക്ബറി 9900 മോഡലിലുള്ളതിലും 30 ശതമാനം വലിപ്പക്കൂടുതലുണ്ട്.
TAGS:
blackberry 10  |  mobile os  |  blackberry z10  |  blackberry q10  |  blackberry  |  rim 


Stories in this Section