|
|
ചിത്രം കടപ്പാട് : L. Calçada, ESO |
ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും ദ്രവ്യമാനമേറിയ തമോഗര്‍ത്തം ജ്യോതിശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍നിന്ന് 25 കോടി പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ആ തമോഗര്‍ത്തം, മുമ്പ് കണ്ടെത്തിയ ഏറ്റവും വലിപ്പമേറിയതിനെ അപേക്ഷിച്ച് അഞ്ചുമടങ്ങ് ശക്തമാണ്.
1700 കോടി സൂര്യന്‍മാരുടെ ആകെ ദ്രവ്യമാനത്തിന് തുല്യമാണ് പുതിയ തമോഗര്‍ത്തത്തിന്റേത്!
NGC 1277 എന്ന ഗാലക്‌സിയുടെ മധ്യത്തിലാണ് അത് സ്ഥിതിചെയ്യുന്നത്. ആ ഗാലക്‌സിയുടെ മൊത്തം ദ്രവ്യമാനത്തിന്റെ 14 ശതമാനം വരും തമോഗര്‍ത്തത്തിന് മാത്രം. സാധാരണഗതിയില്‍ ഒരു ഗാലക്‌സിയുടെ 0.1 ശതമാനം മാത്രമാണ് തമോഗര്‍ത്തത്തിന് ഉണ്ടാകാറ്.
'ശരിക്കും അതൊരു വിചിത്ര ഗാലക്‌സിയാണ്' -ഗവേഷകസംഘത്തിലെ അംഗവും ടെക്‌സാസ് സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനുമായ കാള്‍ ഗെബ്ഹാര്‍ഡ്ത് പറഞ്ഞു. 'ഇതൊരു പുതിയ തരം ഗാലക്‌സി-തമോഗര്‍ത്ത സംവിധാനമാണ്' - അദ്ദേഹം ചൂണ്ടിക്കാട്ടി.
സൂര്യന് ചുറ്റുമുള്ള നെപ്ട്യൂണിന്റെ ഭ്രമണപഥത്തിന്റെ 11 മടങ്ങ് വിസ്താരമുണ്ട് പുതിയ തമോഗര്‍ത്തത്തിന് -
'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഗുരുത്വാകര്‍ഷബലത്തിന്റെ അതിശാക്തമായ പിടിത്തത്തില്‍നിന്ന് പ്രകാശത്തിന് പോലും രക്ഷപ്പെടാനാകാത്ത പ്രാപഞ്ചിക കെണികളാണ് തമോഗര്‍ത്തങ്ങള്‍.
അതിഭീമന്‍ തമോഗര്‍ത്തങ്ങളുടെ ഊര്‍ജത്താല്‍ നിലനില്‍ക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമാനമേറിയ വസ്തുക്കള്‍ ക്വാസറുകള്‍ എന്നറിയിപ്പെടുന്നു. അത്തരമൊരു ഭീമന്‍ ക്വാസറിനെ നിരീക്ഷിക്കുക വഴിയാണ്, അതിന് പിന്നിലുള്ള തമോഗര്‍ത്തത്തിന്റെ വിവരങ്ങള്‍ ഗവേഷകര്‍ മനസിലാക്കിയത്.
'ആദ്യം അതിന്റെ ദ്രവ്യമാനം കണക്കുകൂട്ടി നോക്കിയപ്പോള്‍ ഞാന്‍ കരുതിയത് എന്തോ പിശക് പറ്റിയെന്നാണ്'- പഠനത്തിന് നേതൃത്വം നല്‍കിയ ജര്‍മനിയില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോണമിയിലെ റിംകോ വാന്‍ ഡെന്‍ ബോഷ് അറിയിച്ചു. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചു, അങ്ങനെയാണ് ഒടുവില്‍ പുതിയ തമോഗര്‍ത്തത്തിന്റെ വലിപ്പം സ്ഥിരീകരിച്ചത്.
ഗാലക്‌സികള്‍ക്ക് മധ്യേ സ്ഥിതിചെയ്യുന്ന തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പൊതുധാരണകള്‍ മാറ്റാന്‍ പുതിയ കണ്ടുപിടിത്തം വഴി തുറക്കുന്നതായി ഗവേഷകര്‍ കരുതുന്നു.
NGC 1277 ഗാലക്‌സിയുടെ പരിസരമേഖലയില്‍ മറ്റ് അഞ്ച് ഗാലക്‌സികളെ തങ്ങള്‍ നിരീക്ഷിച്ചതായും, അവയിലും സമാനസ്വഭാവമുള്ള തമോഗര്‍ത്തങ്ങള്‍ ഉണ്ടാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം.
(തമോഗര്‍ത്തങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കാണുക :
Black Hole Encyclopedia)