ക്രിസ്മസ് ആഘോഷമാക്കാന്‍ നൂക്ക് ടാബ്‌ലറ്റ് വരുന്നു

Posted on: 15 Nov 2011


-പി.എസ്.രാകേഷ്‌




കേരളത്തിലെ ഷോപ്പിങ് ഉത്സവത്തിനു കൊടിയേറുക ഓണക്കാലത്താണല്ലോ. ടിവിയും ഫ്രിഡ്ജും കമ്പ്യൂട്ടറുമടങ്ങുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി കൈയിലുളള കാശെല്ലാം തീര്‍ത്താലേ മലയാളിക്ക് ഓണക്കാലത്ത് സമാധാനം കിട്ടൂ. ഏതാണ്ടിതേ സ്ഥിതിയാണ് ക്രിസ്മസ് വേളയില്‍ അമേരിക്കയിലും. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന ക്രിസ്മസ് ഷോപ്പിങ് പുതുവര്‍ഷദിനം വരെ നീളും. കോടികളുടെ കച്ചവടമാണ് ഈ നാളുകളില്‍ അമേരിക്കയില്‍ നടക്കാറ്. കളിപ്പാട്ടങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുക.

ഈ വര്‍ഷത്തെ അമേരിക്കന്‍ ക്രിസ്മസ് വിപണിയില്‍ രണ്ട് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള പൊരിഞ്ഞ മത്സരമാണ് നടക്കുകയെന്ന് വ്യക്തമായിക്കഴിഞ്ഞു. ലോകപ്രശസ്തമായ രണ്ടു പുസ്തകശാലകള്‍ അവതരിപ്പിച്ച ടാബ്‌ലറ്റുകളാണിവ എന്നത് മത്സരത്തിന്റെ രസമേറ്റുന്നു. ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണിന്റെ കിന്‍ഡ്ല്‍ ഫയറും, ബാണ്‍സ് ആന്‍ഡ് േനാബിളിന്റെ നൂക്ക് ടാബ്‌ലറ്റുമാണ് വന്‍ പരസ്യസന്നാഹങ്ങളോടെ യുഎസ് വിപണി പിടിക്കാനൊരുങ്ങുന്നത്.

അയ്യായിരം കോടി ഡോളര്‍ വാര്‍ഷികവരുമാനമുള്ള വന്‍കിട പുസ്തകശാലയാണ് ബി ആന്‍ഡ് എന്‍ എന്നറിയപ്പെടുന്ന ബാണ്‍സ് ആന്‍ഡ് നോബിള്‍. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലുമായി 717 ശാഖകള്‍ ബി ആന്‍ഡ് എന്നിനുണ്ട്. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഡിവിഡികളുമെല്ലാം വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ തന്നെയാണ് ഓരോ ബി ആന്‍ഡ് എന്‍ ശാഖയും.


ഓണ്‍ലൈന്‍ പുസ്തകവില്‍പനയുടെ പുതിയ ട്രെന്‍ഡുമായി ആമസോണ്‍ ഡോട്ട്‌കോം ചുവടുറപ്പിച്ചതോടെ ബി ആന്‍ഡ് എന്നിന് തിരിച്ചടിയായി. ഉടന്‍തന്നെ ഓണ്‍ലൈന്‍ വിപണിയിലേക്കും കടന്നുകൊണ്ട് കമ്പനി പോരാട്ടം തുടങ്ങി. 2007ല്‍ ആമസോണ്‍ കിന്‍ഡ്ല്‍ എന്ന പേരില്‍ ഇ-ബുക്ക് റീഡര്‍ ഇറക്കിയപ്പോള്‍ ബി ആന്‍ഡ് എന്നും നോക്കിനിന്നില്ല. നൂക്ക് കളര്‍ എന്ന പേരില്‍ സ്വന്തമായൊരു ഇ-ബുക്ക് റീഡര്‍ അവരും വിപണിയിലെത്തിച്ചു.

പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രം ഉപകരിക്കുന്ന ഇ-ബുക്ക് റീഡറില്‍ നിന്ന് ഒരു പടി കൂടി ഉയര്‍ന്ന് കിന്‍ഡ്ല്‍ ഫയര്‍ എന്ന പേരില്‍ ആമസോണ്‍ ടാബ്‌ലറ്റുകളിറക്കിയത് കഴിഞ്ഞ മാസം 28 നായിരുന്നു. ഒരാഴ്ച കഴിഞ്ഞില്ല, നൂക്ക് എന്ന പേരിലൊരു ടാബ്‌ലറ്റുമായി ബി ആന്‍ഡ് എന്നും രംഗത്തെത്തി. 199 ഡോളറാണ് കിന്‍ഡ്ല്‍ ഫയറിന്റെ വിലയെന്നിരിക്കെ അതിലും അമ്പതു ഡോളര്‍ കുട്ടി 249 ഡോളറിനാണ് നൂക്ക് ടാബ് വില്‍ക്കുന്നത്. വില കൂടുന്നതിനനുസരിച്ച് ഗുണവും കൂടുന്നുണ്ടെന്നാണ് നൂക്ക് നിര്‍മാതാക്കളുടെ അവകാശവാദം.

കാഴ്ചയില്‍ കിന്‍ഡ്ല്‍ ഫയറിനോട് സാമ്യമുണ്ട് നൂക്കിന്. ഏഴിഞ്ച് വിസ്താരമുളളതാണ് ഇരു ടാബ്‌ലറ്റുകളും. എന്നാല്‍ ഹാര്‍ഡ്‌വേറിന്റെ കാര്യത്തില്‍ ഫയറിന്റെ ഇരട്ടി കരുത്തുണ്ട് നൂക്കിന്. ഒരു ജിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസര്‍, 16 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെയുള്ള എക്‌സ്പാന്‍ഷന്‍ സ്‌ലോട്ട്, ഇന്റഗ്രേറ്റഡ് മൈക്രോഫോണ്‍ എന്നിവയെല്ലാം നൂക്കിലുണ്ട്. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് ഈ ടാബ് പ്രവര്‍ത്തിക്കുന്നത്. 11 മണിക്കൂര്‍ തുടര്‍ച്ചയായ ഇ-ബുക്ക് വായനയും എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ കാണലുമാണ് ഈ ടാബിന്റെ ബാറ്ററി ആയുസായി കമ്പനി അവകാശപ്പെടുന്നത്് . ഏത് ആംഗിളില്‍ നോക്കിയാലും ദൃശ്യസുഖം ഉറപ്പുതരുന്ന ഐപിഎസ് (ഇന്‍പ്ലേന്‍സ്വിച്ചിങ്) ഡിസ്‌പ്ലേയും ഈ ടാബിലുണ്ട്. എല്‍ജി കമ്പനിയാണ് നൂക്കിന്റെ ഡിസ്‌പ്ലേ സിസ്റ്റം നിര്‍മിച്ചുനല്‍കുന്നത്.


ബാണ്‍സ് ആന്‍ഡ് നോബിളിന്റെ പുസ്തക കാറ്റലോഗിലുള്ള ഇരുപതുലക്ഷം പുസ്തകങ്ങളുടെ ഇ-പതിപ്പുകള്‍ വായിക്കാനാകും എന്നതാണ് നൂക്കിന്റെ ഏറ്റവും വലിയ സവിശേഷത. മിക്ക പുസ്തകങ്ങളും സൗജന്യമാണെങ്കിലും, ചിലതിനു പണം കൊടുക്കേണ്ടിവരും. അതിനുപുറമെ ലോകമെങ്ങുമുള്ള 250 ലേറെ പ്രസിദ്ധീകരണങ്ങളും ഓണ്‍ലൈന്‍ ആയി നൂക്കില്‍ വായിക്കാം. എല്ലാവിധ ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകളും പ്രവര്‍ത്തിപ്പിക്കാവുന്ന മള്‍ട്ടിമീഡിയ പ്ലാറ്റ്‌ഫോമും നൂക്കിലുണ്ട്. ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഇതൊക്കെയാണെങ്കിലും ചില പോരായ്മകള്‍ നൂക്കിനുണ്ട്. ക്യാമറകളില്ല എന്നതാണ് അതില്‍ പ്രധാനം. ബ്ലൂടൂത്ത്, ത്രിജി സംവിധാനങ്ങളില്ല എന്നതും തിരിച്ചടി തന്നെ. ഇവയൊന്നും കിന്‍ഡ്ല്‍ ഫയറിനുമില്ല എന്നതാകും നൂക്കിന്റെ ആരാധകരുടെ മറുപടി. എന്തായാലും നൂക്ക് ആണോ ഫയര്‍ ആണോ അന്തിമവിജയി എന്നറിയണമെങ്കില്‍ ഈ ക്രിസ്മസ് കാലം കഴിയുന്നതു വരെ കാക്കേണ്ടി വരും.


TAGS:


Stories in this Section