26/11/2008. മുംബൈ നഗരഹൃദയത്തിലെ ടാജ്മഹല് പാലസ് ഹോട്ടലില്‍ കയറിപ്പറ്റിയ ഭീകരര്‍ ഇരുനൂറോളം താമസക്കാരെ ബന്ധികളാക്കി. 22 നിലകളിലായി 565 മുറികളുള്ള ആ നക്ഷത്രഹോട്ടലിന്റെ ഏതൊക്കെ ഭാഗങ്ങളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നറിയാതെ സുരക്ഷാസേന വിയര്‍ത്തു. ഹോട്ടലിനകത്ത് ആറ് വ്യത്യസ്ത ഇടങ്ങളിലായി സ്ഫോടനങ്ങള്‍ നടത്തിക്കൊണ്ട് ഭീകരര്‍ തങ്ങളുടെ പ്രഹരശേഷി തെളിയിക്കുകയും ചെയ്തു.
രണ്ടും കല്‍പ്പിച്ച് ഹോട്ടലിലേക്ക് ഇരച്ചുകയറാനായിരുന്നു നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സിന് ലഭിച്ച നിര്‍ദ്ദേശം. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ ഹോട്ടലിന്റെ പലഭാഗങ്ങളിലായി നൂഴ്ന്നുകയറി. രണ്ടുദിവസം നീണ്ട ഉഗ്രഏറ്റുമുട്ടലുകള്ക്കൊടുവില് അവര്‍ ഒമ്പത് ഭീകരരെയും കൊന്നു. പക്ഷേ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവന് നമുക്ക് ബലി നല്‍കേണ്ടിവന്നു.
അക്രമികള്‍ ഒളിച്ചിരിക്കുന്ന ഇടങ്ങളിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള എന്തെങ്കിലും ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് സുരക്ഷാഏജന്‍സികള്‍ ആഗ്രഹിക്കുക ഇത്തരം സാഹചര്യങ്ങളിലാണ്. ഒരു ബട്ടന്റെ മാത്രം വലിപ്പമുള്ള ഒളിക്യാമറകള്‍ ഇന്ന് ഇഷ്ടംപോലെ ലഭ്യമാണ്. പക്ഷേ, അക്രമികളുടെ ഒളിയിടങ്ങളിലേക്ക് ഇതെങ്ങനെയെത്തിക്കും? എത്തിച്ചാല്‍ തന്നെ അവിടെ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും ഒപ്പിയെടുക്കാന്‍ ആ ചെറുകാമറയ്ക്ക് സാധിച്ചെന്നും വരില്ല. പിന്നെന്തു ചെയ്യാനാവും? മുംബൈ ആക്രമണത്തിന് നാലു വര്‍ഷം തികയുന്ന ഈ നവംബര്‍ മാസത്തില്‍ ടെക്വിദഗ്ധര്‍ അതിനൊരു മറുപടി കണ്ടെത്തിയിരിക്കുന്നു. പന്തിന്റെ ആകൃതിയിലൊരു ക്യാമറ.
അമേരിക്കയില്‍ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
'ബൗണ്‍സ് ഇമേജിങ്' കമ്പനിയാണ് ഈ ക്യാമറപ്പന്തിന്റെ സൃഷ്ടാക്കള്‍. ടെന്നീസ് ബാളിന്റെ വലിപ്പം മാത്രമുള്ള പന്തിനുള്ളില്‍ ആറു ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തീ, പുക, കാറ്റ് തുടങ്ങി അന്തരീക്ഷത്തിലെ വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനുള്ള സെന്‍സറുകളും ഇതിലുണ്ട്. ആറു ക്യാമറകള്‍ എടുക്കുന്ന വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത് 360 ഡിഗ്രി പനോരമിക് ചിത്രങ്ങളാണ് പന്ത് സമ്മാനിക്കുക. ചിത്രങ്ങള്‍ അപ്പപ്പോള്‍തന്നെ ലാപ്ടോപ്പിലേക്കോ സ്മാര്‍ട്ഫോണിലേക്കോ അയച്ചുതരുന്നതിനുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും പന്തിലുണ്ട്.
മങ്ങിയവെളിച്ചത്തിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളാകണ് പന്തിലുള്ളത്. ഭീകരര്‍ ജനങ്ങളെ ബന്ദിയാക്കിവെച്ച താവളങ്ങളിലോ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലോ തീപ്പിടിത്തം നടക്കുന്ന സ്ഥലങ്ങളിലോ ഈ പന്ത് ഉരുട്ടിയിട്ടാല് അവിടെ നടക്കുന്ന കാര്യങ്ങളെക്കുറച്ച് വ്യക്തമായ ചിത്രം പുറംലോകത്തിന് ലഭിക്കും.
നിലവില്‍ അയ്യായിരം ഡോളര്‍ ചെലവുവരും ഇത്തരമൊരു ക്യാമറപ്പന്ത് നിര്‍മിക്കാന്‍. എന്നാല്‍, ഗവേഷണപ്രവര്‍ത്തനങ്ങള്‍ അല്പം കൂടി വികസിച്ചാല്‍ അഞ്ഞൂറു ഡോളറായി ചെലവു കുറയ്ക്കാനാകുമെന്ന് ബൗണ്സിങ് ഇമേജിങ് കമ്പനിയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ്കോ ഓഗിലര്‍ അവകാശപ്പെടുന്നു.
ഓഗിലറും സുഹൃത്ത് ഡേവ് യങും ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്. എം.ഐ.ടി.യിലെ മാനേജ്മെന്റ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. 2010ല്‍ ഹെയ്ത്തിയിലെ ഭൂകമ്പപ്രദേശങ്ങളില്‍ സന്നദ്ധസേവനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ക്യാമറയെക്കുറിച്ചുള്ള ആശയം മനസിലുദിച്ചതെന്ന് ഓഗിലര്‍ പറയുന്നു. ഭൂകമ്പത്തില്‍ നിലംപതിച്ച കെട്ടിടാവശിഷടങ്ങള്ക്കുള്ളില് ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍ കുഴങ്ങി. ഫൈബര്‍ ഒപ്ടിക്ക് ക്യാമറകള്‍ ഉപയോഗിച്ചുള്ള ചില സംവിധാനങ്ങളുണ്ടായിരുന്നുവെങ്കിലും അത് ഉപയോഗിക്കാന്‍ വിദഗ്ധര്‍ക്ക് മാത്രമേ സാധിച്ചിരുന്നുള്ളു. സാധാരണക്കാര്‍ക്കുപോലും ഉപയോഗിക്കാവുന്ന പന്തിന്റെ ആകൃതിയിലുള്ള ക്യാമറകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച ഓഗിലര്‍ ആലോചിച്ചുതുടങ്ങിയത് അന്നു മുതല്ക്കാണ്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനികസേവനമനുഷ്ടിച്ചിട്ടുള്ള സുഹൃത്ത് ഡേവ് യങിനോട് ഈ ആശയം പറഞ്ഞു. ഇത്തരമൊരു പന്ത് സൈനികര്‍ക്ക് ഏറെ ഉപയോഗപ്പെടുമെന്ന് ഡേവ് യങും പറഞ്ഞു. അങ്ങനെയാണ് ഒരു കമ്പനി രുപവത്കരിച്ച് പന്ത് നിര്‍മാണം ഉഷാറാക്കാന്‍ ഇരുവരും തീരുമാനിച്ചത്. ഇപ്പോഴും ഗവേഷണഘട്ടത്തില്‍ തന്നെ തുടരുന്ന ഈ ഇ-പന്തിന്റെ പ്രോട്ടോടൈപ്പ് മാത്രമേ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളൂ. എന്നിട്ടുപോലും ടൈം മാഗസിന്റെ 2012 ലെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനം നേടാന്‍ ബൗണ്‍സ് ഇമേജിങിനായിട്ടുണ്ട്.