ബെയ്ദുവിന്റെ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഒഎസ് ഈ വര്‍ഷം ?

Posted on: 09 Jul 2011


-സ്വന്തം ലേഖകന്‍



ചൈനയിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമനായ ബെയ്ദു പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. സെര്‍ച്ച് രംഗത്ത് തങ്ങളുടെ പ്രതിയോഗിയായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആണ്, ബെയ്ദുവിന്റെ മൊബൈല്‍ ഒഎസിന് അടിസ്ഥാനം.

അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ബെയ്ദുവിന്റെ മൊബൈല്‍ ഒഎസ് പുറത്തുവരും. 'ക്യൂഷി' (Qiushi) എന്നാണ് മൊബൈല്‍ ഒഎസിന് ബെയ്ദു കോഡുനാമം നല്‍കിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 'ശരത്കാലത്തിന്റെ ഫലങ്ങള്‍' എന്നാണ് ഈ വാക്കിനര്‍ഥം.

എന്നാല്‍, ഈ റിപ്പോര്‍ട്ട് ബെയ്ദു തള്ളിക്കളഞ്ഞു. നിര്‍മാണത്തിലുള്ള ഒരു ആഡ് ഉത്പന്നം മാത്രമാണ് 'ക്യൂഷി'യെന്ന് ബെയ്ദുവിന്റെ വക്താക്കള്‍ പറയുന്നു.

ബെയ്ദുവിന്റെ നീക്കത്തിന് പക്ഷേ ചൈനയില്‍ അത്ര പുതുമയില്ല. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി ചൈനയില്‍ പുറത്തിറങ്ങുന്ന ആദ്യ മൊബൈല്‍ ഒഎസ് അല്ല ബെയ്ദുവിന്റേത്.

അത്തരം ഒട്ടേറെ മൊബൈല്‍ ഒഎസുകള്‍ നിലവില്‍ ചൈനയില്‍ പ്രചാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ 'ഡിയാന്‍ക്‌സിന്‍ ഒഎസ്' (DianxinOS), ക്‌സിയാവോമി ടെകിന്റെ എം.ഐ.യു.ഐ. (MIUI) എന്നിവയാണ്. ഡിയാന്‍ക്‌സിന്‍ സ്ഥാപകന്‍ ഷാങ് ലീയ് ആണ് ബെയ്ദു വയര്‍ലെസ്സ് ബിസിനസിന്റെ മേധാവി.

തങ്ങളുടെ ഭാവി പരിപാടികളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് വലിയ പ്രാധാന്യമുണ്ടെന്ന്, ബെയ്ദുവിലെ ഉന്നതരിലൊരാളായ റെന്‍ ഷുയാങ് അടുത്തയിടെ പ്രസ്താവിച്ചിരുന്നു. അതുമായി കൂട്ടി വായിക്കാവുന്നതാണ് പുതിയ വാര്‍ത്ത.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ ശക്തിയും, ഏറ്റവും വലിയ ദൗര്‍ബല്യവും അത് ഓപ്പണ്‍സോഴ്‌സ് സ്റ്റാറ്റസുള്ളതാണ് എന്നതാണ്. ആര്‍ക്കും അതിനെ തങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ രൂപപ്പെടുത്തി ഉപയോഗിക്കാം. ആ സ്വാതന്ത്ര്യമാണ് മൊബൈല്‍ വിപണിയില്‍ ഗൂഗിളിന് ശക്തമായ സാന്നിധ്യമുണ്ടാക്കിക്കൊടുത്തത്.

ചൈനയിലെ സെര്‍ച്ച് വിപണിയില്‍ 83 ശതമാനവും കൈകാര്യം ചെയ്യുന്ന ബെയ്ദു, തങ്ങളുടെ ഇംഗ്ലീഷ് സേവനം മെച്ചപ്പെടുത്താനായി മൈക്രോസോഫ്ടുമായി കൈകോര്‍ക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഗൂഗിളിന്റെ സേവനം ഇപ്പോള്‍ ചൈനയില്‍ പരിമിതമാണ്. സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് അവിടെ നിന്ന് ഗൂഗിള്‍ പിന്‍മാറിയിട്ട് ഒന്നര വര്‍ഷമാകുന്നു. ഈ പശ്ചാത്തലത്തില്‍ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ബെയ്ദു മൊബൈല്‍ ഒഎസ് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത ഏറെ കൗതുകമുണര്‍ത്തുന്നു.
TAGS:
baidu  |  mobile os  |  android 


Stories in this Section