കമ്പ്യൂട്ടര്‍ നിര്‍മിതലോകത്തെ, യഥാര്‍ഥലോകത്തേക്ക് പ്രതിഷ്ഠിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി (സമീപയാഥാര്‍ഥ്യം)യുടെ കാലത്തേക്കാണ് ലോകം ചുവടുവെയ്ക്കുന്നത്. ഗൂഗിള്‍ അടുത്തയിടെ പ്രഖ്യാപിച്ച
'പ്രോജക്ട് ഗ്ലാസ്' പദ്ധതി, ഭാവി എങ്ങനെയാണ് രൂപപ്പെടാന്‍ പോകുന്നതെന്ന് വ്യക്തമായ സൂചന നല്‍കുന്നു.
നമ്മളിന്ന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും (apps) സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഉപകരണങ്ങളും നമ്മുടെ മനസിലേക്കും ശരീരത്തിലേക്കും സംസ്‌ക്കാരത്തിലേക്കും ആഴത്തില്‍ പതിപ്പിക്കുകയാണ് സമീപയാഥാര്‍ഥ്യം ചെയ്യുന്നത്. അത്തരമൊരു അവസ്ഥ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും എങ്ങനെയൊക്കെ സ്വാധീനമുണ്ടാക്കുമെന്ന് അന്വേഷിക്കുന്ന ഒരു ഹൃസ്വസിനിമ എത്തിയിരിക്കുന്നു -
'സൈറ്റ് (Sight).
ഇരാന്‍ മെയ്‌റാസും ഡാനിയേല്‍ ലാസോയും ചേര്‍ന്ന് നിര്‍മിച്ച ഈ ഫ്യൂച്ചറിസ്റ്റിക് ഫിലിമിന്റെ ദൈര്‍ഘ്യം ഏഴു മിനിറ്റാണ്. ജെറുസലേമിലെ ബെസാലീല്‍ ആര്‍ട്‌സ് ആക്കാദമിയില്‍ വെച്ച് ഗ്രാഡ്വേഷന്‍ പ്രൊജക്ടായി ചെയ്ത 'സൈറ്റ്', മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു.
കണ്ണില്‍ പിടിപ്പിച്ച ലെന്‍സ് ആണ് ഈ സിനിമയില്‍ സമീപയാഥാര്‍ഥ്യത്തിലേക്കുള്ള വാതായനം. ഈ ലെന്‍സ് കണ്ണില്‍ പിടിപ്പിച്ച പാട്രിക്ക് ആണ് സിനിമയിലെ നായകന്‍. സിനിമ തുടങ്ങുമ്പോള്‍ ഏകാന്തമായ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കമ്പ്യൂട്ടര്‍ഗെയിമിന്റെ മധ്യേയാണ് നായകന്‍. അയാള്‍ക്ക് മാത്രമേ ഗെയിം അനുഭവിക്കാന്‍ സാധിക്കൂ.
പിന്നീട് അടുക്കളയിലെത്തി പാചകം. കക്കിരി ഒരേ വലിപ്പത്തില്‍ അരിയാന്‍ പോലും പ്രോഗ്രാമിന്റെ സഹായം. പിന്നീട് കാമുകിയുമായി സംഗമം. യഥാര്‍ഥലോകത്ത് കമ്പ്യൂട്ടര്‍ പരിഷ്‌കൃതലോകം പതിപ്പിച്ചുവെയ്ക്കുന്നതോടെ, വ്യക്തബന്ധങ്ങള്‍ പോലും എത്ര സങ്കീര്‍ണമായി മാറുന്നുവെന്ന് 'സൈറ്റ്' കാട്ടിത്തരുന്നു.
Sight from Sight Systems on Vimeo.