രാത്രിയില്‍ ആകാശത്ത് നമ്മള്‍ കാണുന്നത് നക്ഷത്രങ്ങള്‍ മാത്രമല്ല, അവയില്‍ കോടിക്കണക്കിന് ഗ്രഹങ്ങളുമുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. പുതിയ തെളിവുകള്‍ വിശകലനം ചെയ്ത് അവര്‍ എത്തിയ നിഗമനം ഇതാണ് -നമ്മുടെ ആകാശഗംഗയില്‍ മാത്രം കുറഞ്ഞത് പതിനായിരം കോടി ഗ്രഹങ്ങളുണ്ടാകാം!
കെപ്ലാര്‍ -32 നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളെ മാതൃകയാക്കി നടത്തിയ പഠനമാണ്, കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്) യിലെ ജ്യോതിശാസ്ത്രജ്ഞരെ ഈ നിഗമനത്തിലേക്ക് നയിച്ചത്. പഠനറിപ്പോര്‍ട്ട് താമസിയാതെ 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിക്കുമെന്ന്, കാല്‍ടെകിന്റെ
വാത്താക്കുറിപ്പ് അറിയിച്ചു.
കെപ്ലാര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് ആ നക്ഷത്രത്തെ ചുറ്റുന്ന അഞ്ച് ഗ്രഹങ്ങളെ കണ്ടെത്താന്‍ രണ്ട് വ്യത്യസ്ത ഗവേഷകസംഘങ്ങള്‍ക്ക് കഴിഞ്ഞത്. ആദ്യം രണ്ട് ഗ്രഹങ്ങളെ ഒരു കൂട്ടരും, അവശേഷിച്ച മൂന്ന് ഗ്രഹങ്ങളെ കാല്‍ടെക് സംഘവും കണ്ടെത്തി.
ആ ഗ്രഹസംവിധാനത്തെ കെപ്ലാര്‍ ദൗത്യത്തില്‍ കണ്ടെത്തിയ മറ്റ് ഗ്രഹസംവിധാനങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പുതിയ പഠനം. 'നമ്മുടെ ഗാലക്‌സിയില്‍ പോലും പതിനായിരം കോടി ഗ്രഹങ്ങളുണ്ടാകാം എന്നാണ് ഞങ്ങളെത്തിയ നിഗമനം' - പഠനത്തിലുള്‍പ്പെട്ട കാല്‍ടെക് ഗവേഷകന്‍ ജോണ്‍ ജോണ്‍സണ്‍ പറഞ്ഞു.
'ചുവപ്പ് കുള്ളന്‍' (എം ഡ്വാര്‍ഫ്) വിഭാഗത്തില്‍ പെടുന്ന നക്ഷത്രത്തിനാണ് അഞ്ച് ഗ്രഹങ്ങളുള്ളതായി കെപ്ലാര്‍ കണ്ടെത്തിയത്. ആകാശഗംഗയിലെ 75 ശതമാനവും ചുവപ്പ് കുള്ളന്‍ വിഭാഗത്തില്‍ പെടുന്ന നക്ഷത്രങ്ങളാണ്. മാത്രമല്ല, അഞ്ച് ഗ്രഹങ്ങളും ഏതാണ്ട് ഭൂമിയുടെ വലിപ്പമുള്ളവയുമാണ്. മറ്റ് ചുവപ്പ് കുള്ളന്‍മാരെ ചുറ്റുന്നതായി കണ്ട ഗ്രഹങ്ങളും അതേ വലപ്പമുള്ളവ തന്നെയാണ്.
നമ്മുടെ ഗാലക്‌സിയിലെ ഭൂരിപക്ഷം ഗ്രഹങ്ങളും കെപ്ലാര്‍ -32 ന്റെ ഗ്രഹങ്ങളോട് സാമ്യമുള്ളതാകാമെന്ന് സാരം. ഈ പൊതുസ്വഭാവത്തിന്റെ വെളിച്ചത്തിലാണ്, നമ്മുടെ ഗാലക്‌സയില്‍ പതിനായിരം കോടി ഗ്രഹങ്ങളുണ്ടാകാമെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.