പുതിയ ഗാലക്‌സിയെ കണ്ടെത്തിയ മേഖല - ഇന്‍സെറ്റില്‍ പുതിയ ഗാലക്‌സി
പ്രപഞ്ചത്തില്‍ ഇതുവരെ അറിയപ്പെട്ടതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സിയെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. പ്രപഞ്ചാരംഭത്തില്‍ രൂപപ്പെട്ട ഗാലക്‌സിയാണ് അതെന്ന് ഗവേഷകര്‍ പറയുന്നു.
MACS0647-JD എന്ന് പേരിട്ടിട്ടുള്ള ആ ഗാലക്‌സി 1330 കോടി പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. എന്നുവെച്ചാല്‍, 1330 കോടി വര്‍ഷം സഞ്ചരിച്ചാലേ അവിടെ നിന്ന് പ്രകാശം ഇവിടെയെത്തൂ.
മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ടത് 1370 കോടി വര്‍ഷം മുമ്പാണെന്നാണ് കണക്ക്. അതുപ്രകാരം, പ്രപഞ്ചം രൂപപ്പെട്ട് വെറും 40 കോടി വര്‍ഷം കഴിഞ്ഞ് ഉണ്ടായതാണ്, ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഗാലക്‌സി! പ്രപഞ്ചത്തിലെ സ്ഥല കാലങ്ങളുടെ (space and time) ഏതാണ്ട് മുഴുവന്‍ ചരിത്രവും കൈവശമുള്ള കക്ഷിയാണ് ഈ ഗാലക്‌സിയെന്ന് സാരം.
അകലെയുള്ള ഗാലക്‌സികളിലൂടെ പ്രകാശം കടന്നുവരുമ്പോഴുണ്ടാകുന്ന 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' (gravitatioal lens) എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ, യു.എസ്.ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഹബ്ബിള്‍, സ്പിറ്റ്‌സര്‍ സ്‌പേസ് ടെലസ്‌കോപ്പുകളാണ് വിദൂര ഗാലക്‌സിയെ തിരിച്ചറിഞ്ഞത്.
വിദൂര വസ്തുക്കളുടെ പ്രകാശം, അകലെയുള്ള ഗാലക്‌സികളിലൂടെ കടന്നുവരുമ്പോള്‍, ഗാലക്‌സികളുടെ ഗുരുത്വാകര്‍ഷണം സ്‌പേസ്-ടൈമിലുണ്ടാക്കുന്ന വക്രീകരണം മൂലം പ്രകാശകിരണങ്ങള്‍ക്ക് ദിശാവ്യതിയാനം സംഭവിക്കും. ഗാലക്‌സി മൊത്തത്തില്‍ ഒരു ലെന്‍സ് പോലെ പ്രവര്‍ത്തിക്കും. ഇതാണ് ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്നറിയപ്പെടുന്നത്.
സാധാരണ ടെലസ്‌കോപ്പിലൂടെ ദൂരെയുള്ള വസ്തുക്കള്‍ കാണാന്‍ കഴിയുന്നതുപോലെ, പ്രപഞ്ചത്തിലെ വിദൂരകോണുകളിലേക്ക് നോക്കാന്‍ പലപ്പോഴും ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് തുണയാകുന്നു. ഇപ്പോഴത്തെ കണ്ടെത്തലിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.
പ്രപഞ്ചത്തിന് ഇപ്പോഴത്തേതിന്റെ വെറും മൂന്നുശതമാനം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ രൂപപ്പെട്ട ഗാലക്‌സിയെയാണ് പുതിയതായി കണ്ടെത്തിയത്. ആകാശഗംഗയെ അപേക്ഷിച്ച് അത് ചെറുതാണ്. ഒരുതരം മിനിഗാലക്‌സി. 600 പ്രകാശവര്‍ഷം വിസ്താരമേ പുതിയ ഗാലക്‌സിക്കുള്ളൂ. ആകാശഗംഗയ്ക്കിത് ഒന്നര ലക്ഷം പ്രകാശവര്‍ഷമാണ്.
പുതിയ ഗാലക്‌സി മറ്റ് ചെറിയ ഗാലക്‌സികളുമായി ചേര്‍ന്ന് വലിയ ഗാലക്‌സിയായിട്ടുണ്ടാകാം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ഒരുപക്ഷേ, നമുക്ക് പരിചയമുള്ള ഭീമന്‍ ഗാലക്‌സികള്‍ രൂപപ്പെടാനുള്ള അടിസ്ഥാന ഘടകങ്ങളിലൊന്നായി പ്രവര്‍ത്തിക്കുകയാവാം മിനിഗാലക്‌സി ചെയ്തിട്ടുണ്ടാവുക -സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡാന്‍ കോയി പറഞ്ഞു. പുതിയ ഗാലക്‌സിയെക്കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയത് ഡാന്‍ കോയി ആണ്.
നിരീക്ഷണോപകരണങ്ങളും സങ്കേതങ്ങളും മെച്ചപ്പെട്ടതിനനുസരിച്ച്, പ്രപഞ്ചത്തില്‍ കൂടുതല്‍ അകലെയുള്ള ഗാലക്‌സികളെ നിരീക്ഷിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നുണ്ട്. ഇതുവരെ ഏറ്റവും അകലെയുള്ള ഗാലക്‌സി എന്ന റിക്കോര്‍ഡ് പേറിയിരുന്നത് SXDF-NB1006-2 ആണ്. 1291 കോടി പ്രകാശവര്‍ഷം അകലെയാണ് ആ ഗാലക്‌സിയെ കണ്ടെത്തിയത്.