സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ധൂമകേതുക്കളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി. പുതിയ ഏഴ് 'അന്യധൂമകേതുക്കളു'ടെ വിവരം കൂടി പുറത്തുവന്നതോടെയാണിത്.
1987 ലാണ് സൗരയൂഥത്തിന് വെളിയില്‍ ആദ്യമായി ഒരു ധൂമകേതുവിനെ ('exocomet') കണ്ടെത്തിയത്. അതുകഴിഞ്ഞ് മൂന്നെണ്ണത്തെക്കൂടി തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് സാധിച്ചു.
അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 221 -ാം വാര്‍ഷിക സമ്മേളത്തിലാണ് ഏഴ് പുതിയ അന്യധൂമകേതുക്കളുടെ വിവരം കൂടി അവതരിപ്പിക്കപ്പെട്ടത്. അതോടെ അറിയപ്പെടുന്ന അന്യധൂമകേതുക്കളുടെ എണ്ണം 11 ആയി.
ജ്യോതിശാസ്ത്രജ്ഞന്‍ ബാരി വെല്‍ഷ് ആണ് പുതിയ ധൂമകേതുക്കളുടെ വിവരം അവതരിപ്പിച്ചത്. ടെക്‌സാസിലെ മക്‌ഡൊണാള്‍ഡ് ഒബ്‌സര്‍വേറ്ററിയില്‍ നടത്തിയ നിരീക്ഷണങ്ങളുടെ ഫലമായിരുന്നു അത്.
സൗരയൂഥത്തില്‍ മാത്രമല്ല, പ്രപഞ്ചത്തിന്റെ ഇതര ഭാഗങ്ങളിലും ധൂമകേതുക്കള്‍ സാധാരണമാണ് എന്ന് പുതിയ പഠനം സൂചന നല്‍കുന്നു. ഗ്രഹങ്ങളില്‍ വെള്ളവും ജീവന്റെ നിര്‍മാണസാമിഗ്രികളായ മറ്റ് ചില രാസവസ്തുക്കളും ധൂമകേതുക്കള്‍ വഴിയാണെത്തുന്നതെന്ന വാദം മുഖവിലയ്‌ക്കെടുത്താല്‍, പുതിയ കണ്ടെത്തലിന് വലിയ പ്രധാന്യമുണ്ട്.
നമുക്ക് പരിചിതമായ ഹാലിയുടെ വാല്‍നക്ഷത്രം പോലുള്ളവ ദീര്‍ഘവാര്‍ത്തുള ഭ്രമണപത്തിലാണ് സൂര്യനെ ചുറ്റുന്നത്. ഹാലിയുടെ വാല്‍നക്ഷത്രത്തിന് ഒരു തവണ സൂര്യനെ പരിക്രമണം ചെയ്യാന്‍ 75 വര്‍ഷം വേണം. സൂര്യനടുത്തെത്തുമ്പോഴേക്കും ഇത്തരം ധൂമകേതുക്കളുടെ വാലിന് ദൈര്‍ഘ്യമേറുന്നു.
മാതൃനക്ഷത്രത്തോട് അടുക്കുമ്പോള്‍ നീളുന്ന ധൂമകേതുവിന്റെ വാല് നക്ഷത്രത്തിന്റെ പ്രകാശത്തില്‍ ചെറിയൊരു പങ്ക് ആഗിരണം ചെയ്യും. നക്ഷത്രപ്രകാശത്തില്‍ അതുണ്ടാക്കുന്ന വ്യതിയാനം ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തിലൂടെ മനസിലാക്കിയാണ് ബാരി വെല്‍ഷും സഹപ്രവര്‍ത്തകനും പുതിയ ധൂമകേതുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
സൗരയൂഥത്തില്‍ ബാഹ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കിയ്പ്പര്‍ ബല്‍റ്റ്, അതിനപ്പുറത്തുള്ള ഊര്‍റ്റ് മേഘം തുടങ്ങിയ അവശിഷ്ടമേഖലകളില്‍ നിന്നാണ് നമ്മളെ തേടി ധൂമകേതുക്കള്‍ എത്തുന്നത്. അത്തരം മേഖലകള്‍ വിദൂര നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഉണ്ടാകാനുള്ള സാധ്യത പുതിയ കണ്ടെത്തല്‍ മുന്നോട്ടുവെയ്ക്കുന്നു.
ബീറ്റ പിക്‌റ്റോറിസ് എന്ന നക്ഷത്രത്തിന് സമീപം 1987 ല്‍ ഒരു ധൂമകേതുവിനെ കണ്ടെത്തിയിരുന്നു. അതായിരുന്നു ശാസ്ത്രലോകം തിരിച്ചറിഞ്ഞ ആദ്യ അന്യധൂമകേതു. അവിടെയുള്ള ഒരു ഗ്രഹമാകാം ആ ധൂമകേതുവിന് ഉത്തരവാദിയെന്ന് പ്രവചനമുണ്ടായിരുന്നു. 2009 ല്‍ ഒരു ഭീമന്‍ ഗ്രഹത്തെ അവിടെ കണ്ടെത്തി.