നാസ ലക്ഷ്യമിടുന്ന ക്ഷുദ്രഗ്രഹത്തിന് 9 വയസുകാരന്‍ പേരിട്ടു - 'ബെന്നൂ'

Posted on: 02 May 2013




2018 ല്‍ നാസയുടെ വാഹനമെത്തി ശിലാഭാഗം ശേഖരിക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷുദ്രഗ്രഹത്തിന് നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒന്‍പത് വയസുകാരന്‍ പേരിട്ടു. (101955) 1999 RQ36 എന്ന ക്ഷുദ്രഗ്രഹം ഇനി 'ബെന്നൂ' ( Bennu ) എന്ന് അറിയപ്പെടും.

അന്താരാഷ്ട്രതലത്തില്‍ നടന്ന പേരിടല്‍ മത്സരത്തില്‍ 8000 ലേറെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. അതില്‍ നിന്നാണ് ഒന്‍പത് വയസുകാരനായ മൈക്കല്‍ പുസിയോ സമര്‍പ്പിച്ച പേര് തിരഞ്ഞെടുക്കപ്പെട്ടത്.

നാസയുടെ 'ഒസിരിയസ് - റെക്‌സ് ദൗത്യ'മാണ്
ബെന്നൂവിലെത്തി ശിലാഭാഗം ശേഖരിച്ച് ഭൂമിയിലെത്തിക്ക് മടങ്ങുക. 80 കോടി ഡോളര്‍ (4320 കോടി രൂപ) ചെലവ് വരുന്ന ദൗത്യമാണത്. 2016 ല്‍ വിക്ഷേപിക്കപ്പെടുന്ന ദൗത്യവാഹനം, 1840 അടി (560 മീറ്റര്‍) വിസ്താരമുള്ള ബന്നൂവിലെത്തുക 2018 ലാണ്. 2023 ഓടെ ക്ഷുദ്രഗ്രഹത്തിന്റെ ശിലാഭാഗവുമായി വാഹനം തിരിച്ചെത്തും.

മൈക്കല്‍ പുസിയോ
'ഇത് ഗംഭീരമായി' - താന്‍ നിര്‍ദേശിച്ച പേര് തിരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞപ്പോള്‍ പുസിയോ പ്രതികരിച്ചത് ഇങ്ങനെ. 'സൗരയൂഥത്തിന്റെ ഒരു ഭാഗത്തിന് പേരിടുന്ന ആദ്യ കുട്ടി ഞാനാണ്!'

തവിട്ട് നിറമുള്ള കൊറ്റികളുടെ ( gray heron ) ആകൃതിയില്‍ ചിത്രീകരിക്കപ്പെടാറുള്ള ഈജിപ്ഷ്യന്‍ ദേവനാണ് 'ബെന്നൂ'. ക്ഷുദ്രഗ്രഹത്തില്‍ നിന്ന് ശിലാഭാഗം ശേഖരിക്കുന്ന ഒസിരിയസ്-റെക്‌സിന്റെ ( Osiris-Rex ) നീണ്ട കാലും, വാഹനത്തിന്റെ സോളാര്‍ പാനല്‍ ചിറകുകളും ചേരുമ്പോള്‍ അതിന് ബെന്നൂവുമായി രൂപസാമ്യമുണ്ട്. അതുകൊണ്ടാണേ്രത ക്ഷുദ്രഗ്രഹത്തിന് പുസിയോ ആ പേരിട്ടത്.

450 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ട വേളയില്‍ ഗ്രഹങ്ങളാകാതെപോയ ഭാഗങ്ങളാണ് ക്ഷുദ്രഗ്രഹങ്ങളായി മാറിയത്. ഭൂമിയിലേക്ക് ജലവും കാര്‍ബണ്‍ അധിഷ്ഠിത വസ്തുക്കളും എത്തിയത് ക്ഷുദ്രഗ്രഹങ്ങള്‍ വഴിയാകാമെന്നും, ഇവിടെ ജീവന്റെ ആവിര്‍ഭാവത്തിന് കാരണം അതാകാമെന്നും കരുതുന്ന ശാസ്ത്രജ്ഞരുണ്ട്.

ക്ഷുദ്രഗ്രഹത്തില്‍ നിന്നുള്ള ശിലാഭാഗം പരിശോധിച്ചാല്‍ ഇത്തരം നിഗമനങ്ങളുടെ നിജസ്ഥിതി അറിയാന്‍ പറ്റും. അതിനാല്‍ ഒസിരിയസ്-റെക്‌സ് ദൗത്യം പ്രധാനപ്പെട്ടതാണെന്ന് നാസ കരുതുന്നു.

ബെന്നൂവിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുന്ന ക്ഷുദ്രഗ്രഹങ്ങളിലൊന്നാണ് ബെന്നൂ. 2182 ല്‍ അത് ഭൂമിയില്‍ പതിക്കാന്‍ ആയിരത്തിലൊന്ന് സാധ്യത ജോതിശാസ്ത്രജ്ഞര്‍ കല്‍പ്പിക്കുന്നു.

ഒസിരിയസ്-റെക്‌സ് ദൗത്യം


'നെയിം ദാറ്റ് അസ്റ്ററോയ്ഡ്' ( Name that Asteroid ) എന്ന മത്സരം കഴിഞ്ഞ വര്‍ഷമാണ് തുടങ്ങിയത്. ഒസിരിസ്-റെക്‌സ് ദൗത്യത്തിന്റെ മുഖ്യഗവേഷകന്‍ ഡാന്തെ ലാറെറ്റ പ്രവര്‍ത്തിക്കുന്ന അരിസോണ സര്‍വകലാശാല, ദി പ്ലാനെറ്ററി സൊസൈറ്റി, എം.ഐ.ടി.യിലെ ലിങ്കണ്‍ നിയര്‍ എര്‍ത്ത് അസ്റ്ററോയ്ഡ് റിസര്‍ച്ച് സര്‍വ്വെ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മത്സരം നടന്നത്.

18 വയസില്‍ താഴെയുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന മത്സരമായിരുന്നു അത്. ക്ഷുദ്രഗ്രഹത്തിന് ഒരു പേരും, അതിന്റെ ലഘു വിശദീകരണവുമാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്. 25 രാജ്യങ്ങളില്‍ നിന്നായി 8000 ലേറെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്നാണ് പുസിയോ നിര്‍ദേശിച്ച ബെന്നൂ എന്ന നാമം സ്വീകരിച്ചത്.

ജ്യോതിര്‍ഗോളങ്ങളുടെ നാമകരണം നടത്താറുള്ള 'അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍' വേണം ബെന്നൂവെന്ന പേരിന് ഇനി ഔദ്യോഗിക അംഗീകാരം നല്‍കാന്‍.
TAGS:
asteroids  |  bennu  |  nasa  |  science  |  astronomy  |  osiris rex asteroid mission 


Stories in this Section