മറ്റൊരു 'ലോകാവസാന ഭീതി'ക്കുള്ള അവസരം നഷ്ടമാകുന്നു. ഭയപ്പെട്ടിരുന്നതുപോലെ, 2040 ഫിബ്രവരിയില്‍ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം (asteroid) ഭൂമിയെ വന്നിടിക്കാന്‍ സാധ്യത വളരെ പരിമിതമാണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തി.
ഹാവായിലെ മൗന കീയിലെ ജമിനി നോര്‍ത്ത് ടെലസ്‌കോപ്പിന്റെ സഹായത്തോടെ നടത്തിയ നീരീക്ഷണത്തിലാണ്, '2011 എജി5' ക്ഷുദ്രഗ്രഹം 2040 ല്‍ ഭൂമിക്ക് ഭീഷണിയാകില്ലെന്ന് വ്യക്തമായത്. ആ ക്ഷുദ്രഗ്രഹം ഭൂമിയെ വന്നിടിക്കാന്‍ 0.2 ശതമാനം സാധ്യതയാണ് മുമ്പ് കല്‍പ്പിക്കപ്പെട്ടിരുന്നത്.
140 മീറ്റര്‍ വ്യാസമുള്ള 2011 എജി5 ക്ഷുദ്രഗ്രഹത്തിന് ഏതാണ്ട് രണ്ട് ഫുട്‌ബോള്‍ കളങ്ങളുടെ വിസ്താരമുണ്ട്. അത് ഭൂമിയില്‍ വന്നിടിച്ചാല്‍, നൂറ് മെഗാടണ്‍ ഊര്‍ജം പുറപ്പെടുവിക്കുമെന്നും, രണ്ടാംലോകമഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനിലിട്ട ആറ്റംബോംബിന്റെ ആയിരക്കണക്കിന് മടങ്ങ് ശക്തമായിരിക്കും ആ കൂട്ടിയിടിക്കെന്നും വിലയിരുത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ അപകടകാരിയായ ആ ക്ഷുദ്രഗ്രഹത്തെ കൂടുതല്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കാന്‍ ഗവേഷകലോകം തീരുമാനിക്കുകയായിരുന്നു. എന്നാല്‍, അത് ഭൂമിക്ക് ഭീഷണിയല്ലെന്ന് കണ്ട സ്ഥിതിക്ക് ഇനി കൂടുതല്‍ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്ന് നാസ അധികൃതര്‍ പറയുന്നു.
യു.എച്ച്. ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ അസ്‌ട്രോണമിയിലെ ഡേവിഡ് തോലെന്‍, റിച്ചാര്‍ഡ് വെയ്ന്‍സ്‌കോട്ട്, മാര്‍കോ മിഷെലി എന്നിവരാണ് ജമിനി നോര്‍ത്ത് ടെലസ്‌കോപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബര്‍ 20, 21, 27 തിയതികളില്‍ ക്ഷുദ്രഗ്രഹത്തെ നിരീക്ഷിച്ച് അതിന്റെ സ്ഥാനവും ദിശയും പരിശോധിച്ചത്.
ആ നിരീക്ഷണം വഴി കിട്ടിയ വിവരങ്ങള്‍ കാലിഫോര്‍ണിയയിലെ പസദേനയില്‍ നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലുള്ള 'നിയര്‍-എര്‍ത്ത് ഒബ്ജക്ട് പ്രോഗ്രാം ഓഫീസി'ല്‍ വിശകലനം ചെയ്തു. പുതിയ വിശകലനം അനുസരിച്ച്, കരുതിയിരുന്നതിന്റെ അറുപതിലൊന്ന് ഭീഷണിയേ ആ ക്ഷുദ്രഗ്രഹം ഭൂമിക്ക് സൃഷ്ടിക്കുന്നുള്ളൂ എന്ന് വ്യക്തമായി.
ക്ഷുദ്രഗ്രഹത്തിന്റെ സഞ്ചാരപഥവും ഭൂമിയുടെ അപ്പോഴത്തെ സ്ഥാനവും അനുസരിച്ച്, 2040 ല്‍ ഭൂമിക്ക് 8.9 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാകും ക്ഷുദ്രഗ്രഹം കടന്നുപോവുകയെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ രണ്ടുമടങ്ങിലേറെ വരും ഇത്.