വാഷിങ്ടണ്‍:അപകടത്തിലോ അര്‍ബുദബാധയാലോ ചെവിക്കുട നഷ്ടപ്പെട്ടവര്‍ക്കും ജന്മനാ ചെവിയില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഇനി ആശ്വസിക്കാം. കാരണം, കാഴ്ചയില്‍ യഥാര്‍ഥ ചെവിക്ക് സമാനമായ 'കൃത്രിമ ചെവി' ശാസ്ത്രജ്ഞര്‍ കണ്ടെത്തിക്കഴിഞ്ഞു. ത്രിമാന പ്രിന്‍റിങ്ങിന്റെ സഹായത്തോടെയാണ് ചെവി രൂപകല്പന ചെയ്തിരിക്കുന്നത്.
ത്രിമാന ബിംബം ഉപയോഗിച്ച് ചെവിയുടെ ഒരു പൊള്ളയായ മാതൃകയുണ്ടാക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. ഇതില്‍ ജീവനുള്ള കോശങ്ങള്‍കൊണ്ട് നിര്‍മിച്ച ഉയര്‍ന്ന സാന്ദ്രതയിലുള്ള ജെല്‍ നിറച്ചു. കൃത്രിമമാതൃക നീക്കിക്കഴിഞ്ഞപ്പോള്‍ തരുണാസ്ഥി, കലകളെതമ്മില്‍ ബന്ധിപ്പിക്കുന്ന കൊളാജനുമായി ചേര്‍ന്നുവളരുന്നതായി കണ്ടെത്തുകയായിരുന്നു.
ചെവിയുടെ കൃത്രിമമാതൃകയുണ്ടാക്കാന്‍ അരദിവസവും ജെല്‍ നിറയ്ക്കാന്‍ അരമണിക്കൂറും അത് ഉറച്ച് ചെവിയായി പുറത്തെടുക്കാന്‍ 15 മിനിറ്റുംമാത്രമേ ആവശ്യമായുള്ളൂ എന്ന് ഗവേഷകര്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഒരു കൃത്രിമച്ചെവി നിര്‍മിക്കാന്‍ ഒരു ദിവസംപോലും വേണ്ടിവരില്ലെന്ന് അര്‍ഥം!
അമേരിക്കയില്‍ പതിനായിരം കുഞ്ഞുങ്ങളില്‍ നാലുപേരെങ്കിലും ജനിക്കുന്നത് ജന്മനാചെവിക്കുടയില്ലാത്ത വൈകല്യവുമായാണ്. ആന്തരകര്‍ണത്തിനു കുഴപ്പമില്ലെങ്കില്‍പ്പോലും ചെവിക്കുടയുടെ അഭാവം ഇവരില്‍ കേള്‍വിപ്രശ്‌നം ഉണ്ടാക്കാറുണ്ട്.
അഞ്ചോ ആറോ വയസ്സാണ് കുട്ടികളില്‍ കൃത്രിമച്ചെവി വെച്ചുപിടിപ്പിക്കാനുള്ള ഏറ്റവുംനല്ല പ്രായമെന്ന് ഗവേഷകര്‍ പറയുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ കൃത്രിമച്ചെവി വെച്ചുപിടിപ്പിക്കല്‍ പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷ.