ടെലിവിഷന്‍ ചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന ഗൂഗിള്‍ പദ്ധതിയിലെ യഥാര്‍ഥ താരത്തിന്റെ പേര് വെളിവായി -'ഡ്രാഗണ്‍പോയന്റ്'. ടി.വി.യിലൂടെ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനായി ഗൂഗിള്‍ വികസിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണത്.
ഇലക്ട്രോണിക് മാധ്യമമെന്ന നിലയില്‍ മുക്കാല്‍ നൂറ്റാണ്ടിലേറെ അരങ്ങ് അടക്കി വാഴുന്ന ടെലിവിഷനെ, ഡിജിറ്റല്‍ യുഗത്തിന്റെ ആവശ്യത്തിനിണങ്ങും വിധം പരിഷ്‌ക്കരിക്കാനുള്ള പദ്ധതിയാണ് ഗൂഗിളിന്റേത്. ഒരുപക്ഷേ, ഇന്റര്‍നെറ്റിന്റെയും ടെലിവിഷന്റെയും ഭാവിയില്‍ നിര്‍ണായകമാകാന്‍ പോകുന്ന ഒന്നാണിത്.
ഇന്റല്‍, സോണി, ലോഗിടെക് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിളിന്റെ ടി.വി.പദ്ധതി പുരോഗമിക്കുന്നത്. അടുത്ത മാസം ഗൂഗിള്‍ ടി.വി.ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടി.വി.യിലേക്കുള്ള വെബ്ബിന്റെ കുടിയേറ്റത്തിന് സഹായിക്കുന്ന സെറ്റപ്പ് ബോക്‌സാണ് പദ്ധതിയില്‍ വികസിപ്പിക്കുന്നത്. അതിനാവശ്യമായ ആറ്റം ചിപ്പുകള്‍ ഇന്റല്‍ നിര്‍മിക്കും. ടിവിയില്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന ആന്‍ഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗൂഗിള്‍ വികസിപ്പിക്കുന്നത്. അതിന്റെ പേരാണ് ഡ്രാഗണ്‍പോയന്റ് (Dragonpoint).
പുതിയ സംവിധാനത്തിന് വേണ്ടി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കീബോര്‍ഡാണ് ലോഗിടെക് വികസിപ്പിക്കുന്നത്. സോണിയാണ് പുതിയ സെറ്റപ്പ് ബോക്‌സ് നിര്‍മിക്കുക.
ടെലിവിഷന്‍ എന്ന മാധ്യമം മറ്റൊരു വഴിത്തിരിവിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഗൂഗിളില്‍ ടിവിയും രംഗപ്രവേശം നടത്തുന്നത്. ത്രിഡിയിലേക്കുള്ള ഭാവപകര്‍ച്ചയുടെ വക്കിലാണ് ഇപ്പോള്‍ ടെലിവിഷന്‍. സോണി ഉള്‍പ്പടെയുള്ള കമ്പനികള്‍ ത്രിമാന ടെലിവിഷന്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.