വിവാദങ്ങളൊഴിഞ്ഞ നേരമില്ല ഗൂഗിളിന്. ബ്ലോഗും, ഗൂഗിള്‍ എര്‍ത്തും, മാപ്പുമടങ്ങിയ യൂസര്‍ ജനറേറ്റഡ് കണ്ടന്റുകളുടെ വന്‍ ശേഖരമായി ഗൂഗിള്‍ മാറിയതോടെ, സുരക്ഷാപ്രശ്‌നങ്ങളുടെ പേരില്‍ ഗൂഗിളിന് വിമര്‍ശനം ഒഴിഞ്ഞ സമയമില്ല എന്നായിട്ടുണ്ട്. പലയിടത്തും ഗൂഗിള്‍ സേവനങ്ങള്‍ നിരോധിക്കുന്നതു വരെയെത്തി കാര്യങ്ങള്‍.
ഗൂഗിള്‍ എര്‍ത്തിലും മാപ്‌സിലും മൂല്യവര്‍ദ്ധിത സേവനമായി നല്‍കുന്ന സ്ട്രീറ്റ് വ്യൂവാ (
Street view) ണ് പുതിയ വിവാദത്തിലെ താരം. സ്ഥലം ഇംഗ്ലണ്ട്. രാജ്യത്തെ 95 ശതമാനം തെരുവുകളും ഗൂഗിളിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തെന്ന് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് സ്റ്റേറ്റിന്റെ കത്തി സ്ട്രീറ്റ് വ്യൂവിനു നേരെ വീണത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഫോട്ടോ എടുക്കുന്നതുപോലും നിരോധിച്ച സ്‌പെഷ്യല്‍ ബോട്ട്‌സര്‍വ്വീസ്, സ്‌പെഷ്യല്‍ എയര്‍ സര്‍വീസ്, ആണവായുധ ഗവേഷണസെന്റര്‍ ഉള്‍പ്പടെയുള്ള നിരവധി മേഖലകളാണ് ഗൂഗിള്‍ ഒപ്പിയെടുത്തതും ഊടുവഴികള്‍ വരെ രേഖപ്പെടുത്തി ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചതും. എന്തായാലും പ്രശ്‌നം കത്തിപ്പടര്‍ന്നതോടെ ഇമേജുകള്‍ പിന്‍വലിച്ച് ഗൂഗിള്‍ തടി രക്ഷപ്പെടുത്തിയതായി ടെലഗ്രാഫ് ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യം തുറന്നു സമ്മതിക്കാന്‍ പക്ഷേ ഗൂഗിള്‍ താത്പര്യം കാണിച്ചില്ല.
ഭിത്തിയില്‍ വീണ വിള്ളല്‍ വരെ വ്യക്തമായി കാണാവുന്ന ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങളാണ് സ്ട്രീറ്റ് വ്യൂ നല്‍കുന്നത്. തീവ്രവാദികള്‍ക്ക് അനായാസം ഉപയോഗപ്പെടുത്താവുന്നതാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല താനും. രാജ്യത്തെ പ്രത്യേകം പരിശീനം നല്‍കിയ ടാക്‌സി ഡ്രൈവര്‍മാരെയാണ് തെരുവുകളുടെ ചിത്രമെടുക്കാന്‍ ഗൂഗിള്‍ നിയോഗിച്ചത്. പ്രത്യേകം തയ്യാറാക്കിയ ഇത്തരം കാറുകള്‍ ഇംഗ്ലണ്ടില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച് ഫോട്ടോ എടുക്കുകയായിരുന്നു.
സുരക്ഷാ പ്രശ്‌നമുള്ള സ്ഥലങ്ങളുടെ ചിത്രം എടുക്കരുതെന്ന് ഇവര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായും ഇനി അഥവാ കണ്ടുപിടിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്യുമെന്നുമാണ് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കിയത്.
ഏതൊരാള്‍ക്കും വീട്ടിലെ സ്വന്തം കാര്‍ വരെ മാപ്പില്‍ നിന്ന് നീക്കം ചെയ്യാന്‍ 'റിപ്പോര്‍ട്ട് എ പ്രോബ്ലം ' എന്ന ലിങ്കിലൂടെ ആവശ്യപ്പെടാമെന്നും അത് സന്തോഷത്തോടെ ചെയ്തുകൊടുക്കുമെന്നും ഗൂഗിള്‍ പറയുന്നു. എന്തൊക്കെയായാലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഒഫിഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം ഗൂഗിളിന് പണി കിട്ടുമെന്ന കാര്യം ഉറപ്പാണെന്നാണ് വിദഗ്ധാഭിപ്രായം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 25 നഗരങ്ങളുടെ സ്ട്രീറ്റ് മാപ്പ് സംവിധാനംനിലവില്‍ വന്നത്. അന്നു തന്നെ ഇതിനെതിരെ വിവാദങ്ങളുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിലെ മിക്ക റോഡുകളും തങ്ങളുടെ സ്ട്രീറ്റ് മാപ്പിലുണ്ടെന്ന് പ്രഖ്യാപിച്ചത് ഈ മാസം ആദ്യവും.
ഏതായാലും, സുരക്ഷയുടെ പേരില്‍ ഗൂഗിളിനെ സ്ഥിരമായി ആക്രമിക്കുന്നവര്‍ ഒരു നല്ല ആയുധം കൈയില്‍ കിട്ടിയ സന്തോഷത്തിലാണ്.
-
biminith@gmail.com