ചൈനയില്‍ നിന്നുള്ള പിന്‍മാറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍ പത്തിന് ചൈന വിടാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ചൈനയിലെ ഗൂഗിള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് 'ചൈന ബിസിനസ് ന്യൂസാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ പത്തിന് ഗൂഗിള്‍ ചൈന വിടുമെന്നുള്ള സ്ഥിരീകരിക്കാത്ത സന്ദേശം അവിടുത്തെ ഒരു ഔദ്യോഗിക ഏജന്റിന് ലഭിച്ചുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
ചൈനീസ് അധികൃതരും ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളും തമ്മിലുള്ള പ്രശ്‌നം പ്രതിസന്ധിഘട്ടത്തില്‍ എത്തിയതായും, ഗൂഗിളിന്റെ ചൈനീസ് സെര്‍ച്ച്എഞ്ചിന്‍ പൂട്ടുമെന്ന് '99.9 ശതമാനം' ഉറപ്പായതായും 'ഫിനാന്‍സ് ടൈംസ്' കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗൂഗിളിനും മറ്റ് 30 കമ്പനികള്‍ക്കുമെതിരെ ചൈനയില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്, ചൈനയില്‍ നിന്ന് പിന്‍മാറുമെന്ന സൂചന കഴിഞ്ഞ ജനവരിയില്‍ ഗൂഗിള്‍ നല്‍കിയത്. തങ്ങളുടെ ചൈനീസ് സെര്‍ച്ച്എഞ്ചിന്‍ നടത്തുന്ന സെന്‍സറിങ് അവസാനിപ്പിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.
-ജെ.എ.