ചൈനയില്‍ നിന്ന് ഗൂഗിളിന്റെ പിന്‍മാറ്റം ഉറപ്പായി : റിപ്പോര്‍ട്ട്‌

Posted on: 13 Mar 2010





ചൈനീസ് അധികൃതരും ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളും തമ്മിലുള്ള പ്രശ്‌നം പ്രതിസന്ധിഘട്ടത്തില്‍ എത്തിയതായും, ഗൂഗിളിന്റെ ചൈനീസ് സെര്‍ച്ച്എഞ്ചിന്‍ പൂട്ടുമെന്ന് '99.9 ശതമാനം' ഉറപ്പായതായും 'ഫിനാന്‍സ് ടൈംസ്' റിപ്പോര്‍ട്ടു ചെയ്തു.

ചൈനീസ് സെര്‍ച്ച്എഞ്ചിന്‍ നിര്‍ത്തലാക്കാന്‍ വിശദമായ പദ്ധതി ഗൂഗിള്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്ന്, വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ ഗൂഗിളിന്റെ പ്രാദേശിക ഉദ്യോഗസ്ഥരെ, അധികൃതരുടെ പ്രതികാരനടപടിയില്‍ നിന്ന് രക്ഷിക്കാന്‍ പാകത്തിലുള്ളതാകും ഗൂഗിളിന്റെ നീക്കമെന്ന് കരുതപ്പെടുന്നു.

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരെ വെള്ളിയാഴ്ച ചൈന ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഗൂഗിള്‍ അനുസരിച്ചേ മതിയാകൂ എന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയത്.

ഗൂഗിളിനും മറ്റ് 30 കമ്പനികള്‍ക്കുമെതിരെ ചൈനയില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്, ചൈനയില്‍ നിന്ന് പിന്‍മാറുമെന്ന സൂചന കഴിഞ്ഞ ജനവരിയില്‍ ഗൂഗിള്‍ നല്‍കിയത്. തങ്ങളുടെ ചൈനീസ് സെര്‍ച്ച്എഞ്ചിന്‍ നടത്തുന്ന സെന്‍സറിങ് അവസാനിപ്പിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.

വ്യവസായരംഗത്തും രാഷ്ട്രീയമായും വന്‍ പ്രതികരണമാണ് ഗൂഗിളിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത്. സൈബര്‍ ആക്രമണം നടത്തുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ചൈനയോട് അമേരിക്കയിലെ ഒബാമ ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെടുക വരെ ചെയ്തു.

സെര്‍ച്ച് ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് ഗൂഗിള്‍ അവസാനിപ്പിച്ചാല്‍ എന്തു ചെയ്യുമെന്നുമെന്ന് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോഴാണ്, ചൈനീസ് നീയമങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍, അതിന്റെ അനന്തരഫലം നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന്, ചൈനീസ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി ലി യിഷോങ് വെള്ളിയാഴ്ച വ്യക്തമാക്കിയത്.

സെര്‍ച്ച്ഫലങ്ങളുടെ സെന്‍സറിങ് സംബന്ധിച്ച് ചൈനയുമായി നടത്തുന്ന ചര്‍ച്ചയുടെ ഫലം ഉടന്‍ പുറത്തുവിടാനാകുമെന്ന് കരുതുന്നതായി ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്ത് പറഞ്ഞത് ബുധനാഴ്ചയാണ്. അതിന് തൊട്ടു പിന്നാലെയാണ് ചൈനയുടെ രൂക്ഷമായ പ്രതികരണമുണ്ടായത്.


Related News:


Stories in this Section