സാംസങിന്റെ 'ജെറ്റ്-2' എത്തി

Posted on: 25 Feb 2010




സാംസങിന്റെ ത്രിജി മൊബൈല്‍ ഫോണുകളില്‍ ഏറ്റവും ഒടുവിലത്തെ മോഡലായ 'ജറ്റ്2' (Jet 2) ഇന്ത്യയിലെത്തി. കഴിഞ്ഞ വര്‍ഷം 'കമ്മ്യൂണിക്ക ഏഷ്യ 2009'-ല്‍ കമ്പനി പ്രഖ്യാപിച്ച മോഡലാണിത്.

പഴയ ജറ്റ് മോഡലുകളില്‍ നിന്ന് വലിയ പരിഷ്‌ക്കരണങ്ങളോടെയാണ് ജെറ്റ്-2 എത്തിയിരിക്കുന്നത് എന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ നിരാശയാകും ഫലം. കാരണം, ഈ ടച്ച്‌സ്‌ക്രീന്‍ ഫോണില്‍ കാര്യമായ പുതുമയൊന്നും ഇല്ല, അടിസ്ഥാനപരമായി ഇത് പഴയ അതേ ജറ്റാണ്.

ഹാര്‍ഡ്‌വേറില്‍ വലിയ മാറ്റമൊന്നുമില്ലെന്ന് മാത്രമല്ല ഫീച്ചറുകളും പഴയവ തന്നെയാണ്. അതേസമയം, സോഫ്ട്‌വേറിലും യൂസര്‍ ഇന്റര്‍ഫേസിലും ചില പരിഷ്‌ക്കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. 3.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ WVGA AMOLED ഡിസ്‌പ്ലേയില്‍ 160 ലക്ഷം നിറഭേദങ്ങള്‍ പ്രതിഫലിപ്പിക്കാനാകും. ഇത് WQVGA ഡിസ്‌പ്ലേയെ അപേക്ഷിച്ച് നാലുമടങ്ങ് മികച്ചതാണ്.

800MHz ആപ്ലിക്കേഷന്‍ പ്രോസസര്‍ ജെറ്റ്-2 മോഡലിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. TouchWiz 2.0 UI, Wi-Fi, GPS, DNSe, SRS ശബ്ദസങ്കേതം, 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയൊക്കെ ജെറ്റ്-2 ഫോണിലുണ്ട്. ഒന്നിലധികം വിന്‍ഡോകളെ ജെറ്റ് ഒരേ സമയം പിന്തുണയ്ക്കും, അതിനാല്‍ ജാവ അടിസ്ഥാനമായുള്ള പ്രോഗ്രാമുകള്‍ ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. വീഡിയോകള്‍ കാണാന്‍ DivX, XviD സൗകര്യവുമുണ്ട്.

മുമ്പത്തെ ജെറ്റ് മോഡലുകളിലേതു പോലെ ഡോള്‍ഫിന്‍ ബ്രൗസറാണ് നെറ്റ് ഉപയോഗത്തിന് ജെറ്റ്-2 ലുമുള്ളത്. ഒപ്പറ മിനി ബ്രൗസറിനെയും, ജാവ അടിസ്ഥാനമായുള്ള ബ്രൗസറുകളെയും ആവശ്യമെങ്കില്‍ ജെറ്റ്-2 പിന്തുണയ്ക്കും.

TouchWiz UI ആണ് ജെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയായി സാംസങ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനെ, മീഡിയ ഗേറ്റ് യു.ഐ (media gate UI) എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. വെബ്ബ് ബ്രൗസിങ് വേളയില്‍ ഒറ്റ വിരല്‍ ഉപയോഗിച്ച് സൂമിങ് നടത്താന്‍ ഈ സംവിധാനം അവസരമൊരുക്കുന്നു. ഫോട്ടോകള്‍, ടെക്ട്, പിഡിഎഫ്, പിപിറ്റി ഫയലുകള്‍ എന്നിവയൊക്കെ മികച്ച രീതിയില്‍ കാണാന്‍ ഇതിന്റെ സഹായത്തോടെ സാധിക്കും.

19,500 രൂപ വിലയുള്ള ജെറ്റ്-2 മോഡല്‍ ഇപ്പോള്‍ സാംസങ് സ്‌റ്റോറുകളില്‍ ലഭിക്കും.


Stories in this Section