ആന്‍ഡ്രോയിഡ് ഫോണുമായി ചൈനീസ് കമ്പനി

Posted on: 07 Sep 2010


-പി.എസ്.രാകേഷ്‌





എന്തൊക്കെ ബഹളമായിരുന്നു, ആന്‍ഡ്രോയിഡ്, സിംബിയന്‍, മീഗോ... സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളായ രണ്ടുപേര്‍ കണ്ടുമുട്ടിയാലുടന്‍ തുടങ്ങുന്ന ചര്‍ച്ചയിലെ പ്രധാന അജണ്ടകളായിരുന്നു ഇവയെല്ലാം. സാദാഫോണും പോക്കറ്റിലിട്ടുനടക്കുന്നവര്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുമുന്നില്‍ അപകര്‍ഷതാബോധം കൊണ്ടു ചൂളിയ നാളുകള്‍. ചുരുങ്ങിയത് 15,000 രൂപയെങ്കിലും മുടക്കാനില്ലാത്തവര്‍ക്ക് സ്മാര്‍ട് ഫോണിനെക്കുറിച്ച് ചിന്തിക്കാന്‍ േപാലുമാകില്ലെന്നതായിരുന്നു സ്ഥിതി. എന്നാല്‍ അതൊക്കെ മാറുകയാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള കിടിലന്‍ സ്മാര്‍ട്‌ഫോണ്‍ ഏവര്‍ക്കും താങ്ങുന്ന വിലയക്ക് വിപണിയിലെത്തിച്ചുകൊണ്ട് സോഷ്യലിസം നടപ്പാക്കാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ ഹ്വാവേ.

കമ്പ്യൂട്ടറിനോട് കിടപിടിക്കുന്ന സാങ്കേതികസൗകര്യങ്ങളും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമുളള ഫോണുകളെയാണ് സ്മാര്‍ട്‌ഫോണുകള്‍ എന്നുവിളിക്കുന്നത്. കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിനോട് സമാനതയുള്ള സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോമിലാണ് ഇത്തരം ഫോണുകള്‍ പ്രവര്‍ത്തിക്കുക. ഒരു ലാപ്‌ടോപ്പിലുളള സംവിധാനങ്ങളൊക്കെ കൈപ്പിടിയിലൊതുക്കാമെങ്കിലും പൊള്ളുന്ന വില കാരണം സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു സ്മാര്‍ട്‌ഫോണുകള്‍. തുടക്കത്തില്‍ 25000 രൂപായ്ക്ക് മേലായിരുന്നു ഇവയുടെ വില. പുതിയ കമ്പനികളുടെ കടന്നുവരവോടെ മത്സരം കടുത്തപ്പോള്‍ വില അല്പം താഴ്ന്നു. എന്നാല്‍പോലും 15,000 രൂപയില്‍ കുറച്ച് സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കാന്‍ മിക്ക കമ്പനിയും തയ്യാറായില്ല.

ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ് ചൈനീസ് ടെലികോം കമ്പനിയായ ഹ്വാവേ. 'ഐഡിയോസ്' എന്ന പേരില്‍ കമ്പനി േലാകവിപണിയില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ക്ക് 4500 രൂപ മുതല്‍ 9000 രൂപാ വരെയാണ് വില. വില കുറവാണെങ്കിലും സാങ്കേതികവിദ്യയില്‍ മറ്റെല്ലാ സ്മാര്‍ട്‌ഫോണുകളോടും കിടപിടിക്കും ഹ്വാവേയുടെ ഫോണുകള്‍. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 2.2 പതിപ്പ് തന്നെയാണ് ഹ്വാവേ ഉപയോഗിച്ചിരിക്കുന്നത്. രാജ്യാന്തരവിപണി ലക്ഷ്യമിട്ട് ഒരു ചൈനീസ് കമ്പനി പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണാണ് 'ഐഡിയോസ്'.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഐഡിയോസ് ഹോങ്കോങ് വിപണിയില്‍ ലഭിച്ചുതുടങ്ങും. ഈ വര്‍ഷം അവസാനത്തോടുകൂടി യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുമെല്ലാം ഈ അത്ഭുതഫോണ്‍ എത്തുമെന്ന് കമ്പനി ഉറപ്പുതരുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് അത്ര സുപരിചിതമായ പേരല്ലെങ്കിലും ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നാണ് ഹ്വാവേ. ഷെന്‍സെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യകമ്പനിക്ക് ചൈനീസ് സര്‍ക്കാറിന്റെ എല്ലാവിധ സാമ്പത്തിക,സാങ്കേതിക പിന്തുണയും ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ ബി.എസ്.എന്‍.എല്ലിനു വേണ്ടി കമ്പനി വിലകുറഞ്ഞ ത്രിജി ഫോണുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. സ്വകാര്യമൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കുവേണ്ടി ടെലികോം ഉപകരണങ്ങളും കമ്പനി നല്‍കിയിരുന്നു.

കമ്പനി ചൈനീസ് സര്‍ക്കാറിനുവേണ്ടി ചാരവൃത്തി നടത്തുകയാണെന്ന് അന്ന് ആരോപണങ്ങളുമുയര്‍ന്നു. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ തങ്ങള്‍ ടെലികോം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. വിവാദങ്ങളെത്തുടര്‍ന്ന് ഹ്വാവേയുമായുള്ള ഇടപാട് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടു. എന്തായാലും പിന്നീട് അതിനെക്കുറിച്ചൊന്നും കേട്ടില്ല.

ഗൂഗിളുമായി സഹകരിച്ചാണ് ഹ്വാവേ ഐഡിയോസ് നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെ ബാക്ക്പാനലില്‍ ഗൂഗിളിന്റെ ലോഗോയുമുണ്ട്. ത്രിജി, ജി.പി.എസ്., വൈഫൈ, 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 3.2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഫോണിലെ പ്രധാനസൗകര്യങ്ങള്‍.

ഐഡിയോസിന്റെ കടന്നുവരവ് വന്‍ചലനമുണ്ടാക്കുക ഇന്ത്യന്‍മൊബൈല്‍ വിപണിയിലാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വകാര്യമൊബൈല്‍ കമ്പനികളും ത്രിജി സേവനരംഗത്തേക്ക് കടക്കുകയാണ്. അതോടെ ത്രിജി സൗകര്യമുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് ആവശ്യക്കാരേറും. ആ സമയത്ത് നേട്ടം കൊയ്യാന്‍ ഹ്വാവേയ്ക്കാകുമെന്നുറപ്പ്.
TAGS:
Related News:


Stories in this Section