ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുള്ള ഫോണുകള്‍ക്കാണ് ഇപ്പോള്‍ പ്രിയമേറെ. ആഗോളതലത്തില്‍ തന്നെ വമ്പന്‍കമ്പനികള്‍ പുതിയ ആന്‍ഡ്രോയ്ഡ് മോഡലുകളിറക്കാന്‍ മത്സരിക്കുന്നു. എല്‍.ജിയും സാംസങും എച്ച്.ടി.സി.യും ഉള്‍പ്പടെ ഒട്ടേറെ പ്രമുഖ കമ്പനികള്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പുറത്തിറക്കിക്കഴിഞ്ഞു. മുറുകുന്ന ആന്്രേഡായ്ഡ് മത്സരത്തിലെ പുതിയ അംഗമാണ് മോട്ടറോളയുടെ 'ചാം' (Charm). വിപണിയിലെത്തിയിട്ടില്ലെങ്കിലും ഈ ഫോണിന്റെ ചിത്രങ്ങളും വിശദാംശങ്ങളും മോട്ടറോള ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ 'ചാം' ലോകം മുഴുവന്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ച 'കിന്' എന്ന ഫോണിനോടാണ് ചാമിന് രൂപത്തില്‍ സാദൃശ്യം. ചതുരാകൃതി, ചെറിയ സ്ക്രീന്‍, വീതികൂടിയ കീപാഡ്... എല്ലാം ഓര്‍മിപ്പിക്കുന്നത് കിന്നിനെ തന്നെ. പുറത്തിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എല്ലാവരും മറന്ന മോഡലാണ് കിന്. വിപണിയില്‍ അത് ഒരു പ്രതികരണവും സൃഷ്ടിച്ചില്ല. കിന്നിന്റെ പരാജയകാരണം എന്തായിരുന്നുവെന്ന് മൈക്രോസോഫ്റ്റിനു പോലും അഞ്ജാതമണെന്നതാണ് രസകരമായ വസ്തുത. അതുകൊണ്ടാകും ആകൃതിയില്‍ കിന്നിനോട് സാമ്യമുള്ള ഫോണിറക്കാന്‍ മോട്ടറോളയ്ക്ക് ഭയമില്ലാത്തത്.
സൗഹൃദക്കൂട്ടായ്മ സൈറ്റുകളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയുടെ ആരാധകരായ യുവതലമുറയെ മുന്നില്‍ കണ്ടു തന്നെയാണ് ചാം രൂപക്ല്പന ചെയ്തതതെന്നുറപ്പാണ്. ഇത്തരം സൈറ്റുകളുടെ ഉപയോക്താക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്ന എല്ലാസൗകര്യങ്ങളും ചാമിലുണ്ട്. കീപാഡിനു പുറമെ ടച്ച്സ്ക്രീനും നാവിഗേഷന്‍ പാഡുമുളളതിനാല് ടൈപ്പിങ് വേഗത്തിലാക്കാന്‍ കഴിയും. ഫോണിന്റെ പുറകുവശത്തുള്ള നാവിഗേഷന്‍ പാഡ് ലാപ്ടോപ്പുകളിലെ ടച്ച്പാനലുകള് പോലെയാണ് പ്രവര്‍ത്തിക്കുക. 'ബാക്ക്ട്രാക്ക്' എന്നാണ് മോട്ടറോള ഈ സംവിധാനത്തിന് നല്കിയ പേര്.
ബാക്ക്ട്രാക്ക് ഗുണമാണോ ദോഷമാണോ ചെയ്യുക എന്നറിയണമെങ്കില്‍ ഫോണ്‍ ഉപയോഗിച്ചുനോക്കേണ്ടി വരും എന്നതാണ് സത്യം. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറകുവശത്തെ ബാക്ക്ട്രാക്കില്‍ സ്പര്ശിച്ചുപോകുമെന്നുറപ്പാണല്ലോ. അങ്ങനെ ചെയ്താല്‍ സെറ്റിങ്സ് മാറിപ്പോകാനോ അപ്ലിക്കേഷനുകള്‍ തുറന്നുവരാനോ സാധ്യതയുണ്ടെന്ന് മോട്ടറോളയുടെ വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍ ബാക്ക്ട്രാക്കിന് പ്രത്യേകമായി ഓണ്‍/ഓഫ് ഓപ്ഷനുണ്ടാകുമെന്ന് കരുതി സമാധാനിക്കുകയാണ് മോട്ടറോള ആരാധകര്‍.
തിരക്കുള്ള സ്ഥലങ്ങളില്‍ വെച്ച് ഫോണില്‍ സംസാരിക്കുമ്പോള്‍ ചുറ്റുപാടുമുളള ബഹളങ്ങള്‍ ഒഴിവാക്കാനുള്ള ചാമിലുണ്ടെന്ന് മോട്ടറോള അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മൂവായിരം രൂപയ്ക്ക് കിട്ടുന്ന ചില ഇന്ത്യന്‍ മൊബൈല്‍ ഫോണുകളില്‍ പോലും ഇപ്പോള്‍ ഈ സംവിധാനമുണ്ടെന്നത് വേറെ കാര്യം. ഫ്ലഷ് ഉപയോഗിച്ചുള്ള സന്ദേശങ്ങളും ഗൂഗിള്‍ അപ്ലിക്കേഷനുകളും തുറക്കാനുള്ള സൗകര്യം ചാമിലുണ്ട്. നാല് എക്സ് ഡിജിറ്റല്‍ സൂമോടുകൂടിയ മൂന്ന് മെഗാപിക്സല്‍ ക്യാമറയാണ് ഫോണിലള്ളത്.
ത്രിജിയെക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന എച്ച്.എസ്.ഡി.പിഎ.(HSDPA)കണക്ടിവിറ്റിയാണ് ചാമിലുള്ളത്. ആന്‍ഡ്രോയിഡ് 2.1 വകഭേദത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. യു.എസ്.ബി.പോര്‍ട്ട് 2.0, ബ്ലൂടൂത്ത്, വൈഫൈ എന്നിവയുമുണ്ട്. ഇന്റര്‍നെറ്റിന് ജി.പി.ആര്.എസ്, എഡ്ജ്, എച്ച്.ടി.എം.എല്‍. സങ്കേതങ്ങളെല്ലാം ലഭ്യം. മ്യൂസിക് പ്ലെയര്‍, എഫ്.എം.റേഡിയോ തുടങ്ങിയവയുമുണ്ട്.
ലിഥിയം-അയണ്‍ ബാറ്ററിയാണ് ചാമിലേത്. ഏഴു മണിക്കൂര്‍ സംസാര സമയമാണ് ബാറ്ററി ആയുസ്സ്, സ്റ്റാന്‍ബൈ സമയം 267 മണിക്കൂറും. ത്രിജി ഉപയോഗിക്കുമ്പോള്‍ അഞ്ചു മണിക്കൂര്‍ ബാറ്ററി ആയുസ്സ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഫോണിന്റെ ഇന്റേണല്‍ മെമ്മറി 512 എംബിയാണ്. കാര്‍ഡിന്റെ സഹായത്തോടെ അത് 32 ജിബി വരെ വികസിപ്പിക്കാം.110 ഗ്രാമാണ് ഫോണിന്റെ ഭാരം.