
ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റാണ്
ഗൂഗിള്‍. ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൗഹൃക്കൂട്ടായ്മാ സൈറ്റ് (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ്)
ഫെയ്‌സ്ബുക്കും. രണ്ടും ഇന്റര്‍നെറ്റിന്റെ രണ്ടു തുറകളില്‍ ആധിപത്യം നിലനിര്‍ത്തുന്നവര്‍.
എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ വര്‍ധിച്ചു വരുന്ന ജനപ്രീതി കണ്ടില്ലെന്ന് നടിക്കാന്‍ ഗൂഗിളിന് എത്രകാലം കഴിയും. ഫെയ്‌സ്ബുക്കിന് ബദലായി ഗൂഗിള്‍ അവതരിപ്പിച്ച സര്‍വീസുകള്‍ക്കൊന്നും ലക്ഷ്യം നേടാനായിട്ടില്ല എന്നകാര്യം കൂടി കണക്കിലെടുക്കുമ്പോള്‍, പുതിയൊരു അഭ്യൂഹത്തിന് സാധുതയേറുന്നു. ഫെയ്‌സ്ബുക്കിന് ശരിക്കുള്ള ഒരു പ്രതിയോഗിയെ ഗൂഗിള്‍ രംഗത്തെത്തിക്കാന്‍ പോകുന്നാണ് അഭ്യൂഹം. 'ഗൂഗിള്‍ മി' (Google Me) എന്നാണ് ഫെയ്‌സ്ബുക്ക് പ്രതിയോഗിയുടെ പേരെന്നും അറിയുന്നു.
പ്രശസ്ത ബുക്ക്മാര്‍ക്കിങ് സൈറ്റായ
'ഡിഗ്ഗി'ന്റെ (Digg) സ്ഥാപകന്‍
കെവിന്‍ റോസ് ആണ് ഒരു ട്വിറ്ററിലൂടെ പുതിയ അഭ്യൂഹം പുറത്തു വിട്ടത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് കെവിന്‍ റോസ് പറയുന്നു. പക്ഷേ, മറ്റ് വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
അഭ്യൂഹം ശരിയാണെങ്കില്‍, സൗഹൃദക്കൂട്ടായ്മാ മേഖലയിലേക്ക് ഗൂഗിള്‍ വന്‍ചുവടുവെപ്പ് നടത്താന്‍ പോകുന്നുവെന്നാണ് അര്‍ഥം.
ഇതിനകം രണ്ട് സൗഹൃദക്കൂട്ടായ്മാ സര്‍വീസുകള്‍ അവതരിപ്പിച്ച കമ്പനിയാണ് ഗൂഗിള്‍-ഓര്‍ക്കുട്ടും ബസ്സും (Orkut & Buzz).
ഓര്‍ക്കുട്ടിന് ഇന്ത്യയിലും ബ്രസീലിലും നല്ല അടിത്തറ ഉണ്ട്. മറ്റ് രാജ്യങ്ങളില്‍ അതിന് അത്ര സ്വാധീനം ലഭിച്ചില്ല. എന്നാല്‍, ഇന്ത്യയിലും ഫെയ്‌സ്ബുക്കിന്റെ സ്വാധീനം മൂലം ഓര്‍ക്കുട്ടിന്റെ ആധിപത്യത്തിന് വെല്ലുവിളി നേരിടുകയാണ്.
ജിമെയിലിന്റെ ഭാഗമായാണ്
ബസ്സ് എന്ന സൗഹൃദക്കൂട്ടായ്മാ സര്‍വീസ് കഴിഞ്ഞ ഫിബ്രവരിയില്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. പക്ഷേ, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ബസ്സ് വലിയ വിവാദമുയര്‍ത്തി. പ്രതീക്ഷയ്‌ക്കൊത്ത് അതിന്റെ ജനപിന്തുണ ഉയര്‍ന്നില്ല.
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സര്‍വീസുകളുടെ ചില പ്രത്യേകതകള്‍ ബസ്സിലുണ്ടെങ്കിലും, ഫെയ്‌സ്ബുക്കിന് വെല്ലുവിളിയാകാന്‍ അതിന് സാധിച്ചില്ല.
ഈ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ യഥാര്‍ഥ പ്രതിയോഗിയെ ഗൂഗില്‍ രംഗത്തെത്തിക്കാന്‍ പോകുന്നതെന്ന് കരുതാം. കൂടുതലറിയാന്‍ ഗൂഗിള്‍ എന്തെങ്കിലും പ്രതികരിക്കുംവരെ നമുക്ക് കാക്കേണ്ടി വരും.