ഗൂഗിള്‍,
യാഹൂ ഉള്‍പ്പടെയുള്ള ഏഴ് പ്രമുഖ ഇന്റര്‍നെറ്റ് സൈറ്റുകളെ മതനിന്ദയുടെ പേരില്‍ പാകിസ്താന്‍ നിരീക്ഷിക്കുന്നു. മുസ്‌ലീങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഉള്ളടക്കം ഇത്തരം സൈറ്റുകളിലുണ്ടോ എന്നാണ് നിരീക്ഷിക്കുക.
യുടൂബ്,
ആമസോണ്‍,
എംഎസ്എന്‍,
ഹോട്ട്‌മെയില്‍,
ബിംഗ് തുടങ്ങിയവയാണ് നിരീക്ഷണപട്ടികയിലുള്ള മറ്റ് സൈറ്റുകള്‍. അതേസമയം, അത്രയേറെ അറിയപ്പെടാത്ത 17 സൈറ്റുകള്‍ പാക് അധികൃതര്‍ തടയും.
നിരീക്ഷണപട്ടികയിലുള്ള സൈറ്റുകളില്‍ വരുന്ന ഹിതകരമല്ലാത്ത ലിങ്കുകള്‍ ഉദ്യോഗസ്ഥര്‍ ബ്ലോക്ക് ചെയ്യും. പ്രവാചകന്‍ മുഹമ്മദിന്റെ ചിത്രം വരയ്ക്കാനുള്ള മത്സരത്തിന് ആതിഥേയത്വം വഹിച്ചതിനെ തുടര്‍ന്ന്
ഫെയ്‌സ്ബുക്ക് കഴിഞ്ഞ മാസം പാകിസ്താനില്‍ നിരോധിച്ചിരുന്നു.
ഇപ്പോള്‍ നിരീക്ഷണപട്ടികയിലുള്ള ഏഴ് സൈറ്റുകളിലെ ഉള്ളടക്കം നിരീക്ഷണ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പരിശോധിക്കും. ഹിതകരമല്ലാത്ത വിവരങ്ങളുള്ള പേജുകള്‍ ഓരോന്നും തടയും. മാതൃസൈറ്റിനെ തടസ്സപ്പെടുത്താത്ത വിധമാകും ഈ സെന്‍സറിങെന്ന്, ടെലികോംസ് ഓഫീസര്‍ ഖുരാം മെഹ്‌റാന്‍ പറഞ്ഞു.
ആക്ഷേപാര്‍ഹമായ പേജ് ഫെയ്‌സ്ബുക്ക് തടഞ്ഞതിനെ തുടര്‍ന്ന്, രണ്ടാഴ്ച കഴിഞ്ഞ് ആ സൗഹൃദക്കൂട്ടായ്മാ സൈറ്റിനുള്ള വിലക്ക് പാക് അധികൃതര്‍ നീക്കി.
2007-ല്‍ പാക് സര്‍ക്കാര്‍ യുടൂബ് തടയുകയുണ്ടായി. അന്നത്തെ പര്‍വേസ് മുഷാറഫ് സര്‍ക്കാരിനെതിരായ വീഡിയോകള്‍ യുടൂബില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്.