ഐഫോണിനും ഐപോഡ് ടച്ചിനുമുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വകഭേദം (iOS 4) ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ 4 ന് മാത്രമല്ല, പഴയ മോഡല്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പുതിയ സോഫ്ട്വേറിന്റെ പ്രയോജനം ലഭിക്കും. ജൂണ്‍ ആദ്യവാരം ഐഫോണ്‍ 4 അവതരിപ്പിക്കുന്ന വേളയിലാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യം ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് വെളിപ്പെടുത്തിയത്.
ഐഫോണ്‍ 3G, ഐഫോണ്‍ 3GS മോഡലുകള്‍ക്ക് യോജിക്കുന്ന തരത്തിലാണ് iOS 4 ന്റെ സൗജന്യ അപ്ഡേറ്റുകള് ആപ്പിള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, രണ്ടും മൂന്നും തലമുറ ഐപോഡ് ടച്ചിനും സൗജന്യ അപ്ഡേറ്റുകള് ഉപയോഗിക്കാം. എന്നാല്‍, ആദ്യ ഐഫോണുകളില്‍ (2007) പുതിയ സോഫ്ട്വേര്‍ വകഭേദം പ്രവര്‍ത്തിക്കില്ല.
ഒരേസമയം പല ജോലികള്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന 'മള്‍ട്ടിടാസ്കിങ്' സങ്കേതം, രണ്ടാം തലമുറ ഐഫോണുകളില്‍ (ഐഫോണ്‍ 3G (2008)) പ്രവര്‍ത്തിക്കില്ല. അത് മൂന്നാം തലമുറ ഐപോഡ് ടച്ചിലും ഐഫോണ്‍ 3GS മോഡലുകളിലും (2009) മാത്രമേ പ്രവര്‍ത്തിക്കൂ.
മള്‍ട്ടിടാസ്കിങ് - ഒരേ സമയം പല ജോലികള്‍ ചെയ്യാനുള്ള അവസരം സാധ്യമാക്കുകയാണ് ഇതുവഴി. ഓഡിയോ ഫയല്‍ ശ്രദ്ധിക്കുന്ന വേളയില്‍ തന്നെ വെബ്ബ് ബ്രൗസ് ചെയ്യുന്നത് ഉദാഹരണം. മള്‍ട്ടിടാസ്കിങ് വഴി ബാറ്ററിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും.
ഫോള്‍ഡറുകള്‍ - ഐഫോണ്‍ ഹോംസ്ക്രീനില്‍ ഫോള്‍ഡറുകളും ആപ്ലിക്കേഷനുകളും അനായാസമായി കൂടുതല്‍ സൗകര്യത്തോടെ ക്രമീകരിക്കാനും എടുത്തു മാറ്റാനും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവസരം നല്കുന്നു (വീഡിയോ കാണുക)
ഐബുക്സ് - ഐപാഡിലാണ് ആപ്പിള്‍ ഐബുക്സ് (iBooks) സംവിധാനം അവതരിപ്പിച്ചത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവോടെ ഐബുക്സ് ഇനി ഐഫോണിലും ലഭിക്കും (മ്യൂസിക്കിന്റെ കാര്യത്തില്‍ ഐട്യൂണ്‍സ് എന്നതു മാതിരി, ഇലക്ട്രോണിക്സ് പുസ്തകങ്ങള്‍ക്കായി ആപ്പിള്‍ ആവിഷ്ക്കരിച്ച സംവിധാനമാണ് ഐബുക്സ്)
വീഡിയോ ഫോക്കസിങ് - പുതിയ സോഫ്ട്വേര്‍ അപ്ഡേറ്റിന്റെ സഹായത്തോടെ, ഐഫോണ്‍ 3ഏട ഉപഭോക്താക്കള്‍ക്ക് ഒറ്റ സ്പര്ശത്തില് വീഡിയോകള്‍ ഫോക്കസ് ചെയ്യാനാകും, ഫോട്ടോകള്‍ എടുക്കുന്ന മാതിരി. ബില്‍റ്റ്ഇന്‍ ക്യാമറയില്‍ 5ത ഡിജിറ്റല്‍ സൂം പ്രത്യേകതയും പുതിയ സോഫ്ട്വേറിലുണ്ട്.
ബ്ലൂടൂത്ത് കീബോര്‍ഡ് - ഐഫോണില്‍ ദൈര്‍ഘ്യമേറിയ ഡോക്യുമെന്റുകള്‍ എഴുതാന്‍ ബ്ലൂടൂത്ത് വയര്‍ലസ്സ് കീബോര്‍ഡിന്റെ സഹായം ലഭിക്കുമെന്നതാണ് പുതിയ സോഫ്ട്വേറിന്റെ മറ്റൊരു സവിശേഷത. ഇതുവഴി, കമ്പ്യൂട്ടറിലേതുപോലെ ഐഫോണിലും അനായാസം ഡോക്യുമെന്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
മികച്ച സ്പെല്‍ ചെക്ക് - മെയില്‍, നോട്ട്സ്, സഫാരി എന്നിങ്ങനെ വ്യത്യസ്ത ആപ്ലിക്കേഷനുകളില്‍ അക്ഷരത്തെറ്റ് ഒഴിവാക്കാനുള്ള സംവിധാനം പ്രവര്‍ത്തിക്കും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ആപ്പിള്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.
മലയാളികളെ സംബന്ധിച്ചും ഈ മൊബൈല്‍ പ്ലാറ്റ്ഫോം പ്രധാന്യമര്‍ഹിക്കുന്നു. മികച്ച മലയാളം റെന്ഡറിങാണ് iOS 4 നല്‍കുന്നത്. വടിവൊത്ത രീതിയില്‍ തന്നെ മലയാളം ഇതില്‍ വായിക്കാം.
iOS 4 അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ -
1. ഐട്യൂണ്‍സ് വകഭേദം 9.2 ആയി അപ്ഗ്രേഡ് ചെയ്യുക
2. iOS ഉപകരണം യു.എസ്.ബി.വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് സിങ്ക്രണൈസ് ചെയ്യുക (അതിലെ ഡേറ്റ ബാക്കപ്പ് ചെയ്യുന്നതാകും സുരക്ഷിതം)
3. സിങ്ക്രണൈസിങ് പൂര്‍ത്തിയാകുമ്പോള്‍, 'ചെക്ക് ഫോര്‍ അപ്ഡേറ്റ്സി'ല്‍ ക്ലിക്ക് ചെയ്യുക
4. iOS 4 ഡൗണ്‍ലോഡ് ചെയ്യുക. അതിന് ശേഷം സ്ക്രീനിലെത്തുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക......നിങ്ങള്‍ iOS 4 യുഗത്തിലെത്തി!!