ഐഫോണ്‍ 4 : വീഡിയോകോളിങിന്റെ പുത്തന്‍യുഗം

Posted on: 09 Jun 2010


-സ്വന്തം ലേഖകന്‍





മനോഹരമായ രൂപകല്‍പ്പന, കാഴ്ചയില്‍ കുലീനത, വേഗമേറിയ പ്രോസസര്‍, മള്‍ട്ടിടാസ്‌കിങ് സാധ്യമാക്കുന്ന പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം, ഉന്നത റസല്യൂഷനുള്ള സ്‌ക്രീന്‍, മികച്ച ക്യാമറ, ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങിന് മാത്രമല്ല, വീഡിയോ എഡിറ്റിങിനുമുള്ള സൗകര്യവും.......ശരിക്കും പുതിയ ഐഫോണ്‍! ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച 'ഐഫോണ്‍ 4' ആരെയും നിരാശപ്പെടുത്തില്ല, തീര്‍ച്ച!

പക്ഷേ, ഈ പുതിയ ഐഫോണിനെപ്പറ്റി ഒരു ചോദ്യം അവശേഷിക്കുന്നു. ആശയവിനിമയത്തിന്റെ അല്ലെങ്കില്‍ വിനോദത്തിന്റെ ഏത് മേഖലയിലാകും ഐഫോണ്‍ 4 മാറ്റിമറിക്കുക.

ആപ്പിളിന്റെ ഓരോ ഉത്പന്നവും ഇത്തരം മാറ്റത്തിന് നാന്ദി കുറിച്ചിട്ടുണ്ട്. 2001-ല്‍ പുറത്തിറങ്ങിയ ഐപോഡ് സംഗീതവ്യവസായത്തിന്റെയും സംഗീതആസ്വാദനത്തിന്റെയും മേഖലയെ അടിമുടി മാറ്റി. 2007-ല്‍ ഐഫോണ്‍ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് തുടക്കമിട്ടു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ തലക്കുറി മാറ്റുന്ന അവതാരമാണ് ഈവര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറെന്ന് വിലയിരുത്തപ്പെടുന്നു.

എങ്കില്‍ ഏത് മേഖലയാവും ഐഫോണ്‍ 4 ന്റെ മാന്ത്രികസ്​പര്‍ശത്താല്‍ മാറ്റിമറിക്കപ്പെടാന്‍ പോകുന്നത്. വീഡിയോകോളിങിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാകും ഐഫോണ്‍ 4 സഹായിക്കുകയെന്നാണ് സാങ്കേതികരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. മുഖ്യധാരാ ആശയവിനിമയം ദൃശ്യനിബിഢമാക്കാന്‍ ഐഫോണ്‍ 4 വഴിയൊരുക്കുമെന്ന് അവര്‍ പറയുന്നു.

വീഡിയോ കോളിങ് ഇപ്പോള്‍ തന്നെ പല സ്മാട്ട്‌ഫോണുകളിലും സാധ്യമാണെങ്കിലും, ഇനിയും ഈ ആശയവിനിമയ രീതി മുഖ്യധാരയിലേക്ക് എത്തിയിട്ടില്ല. അവിടെയാകും ഐഫോണ്‍ 4 ന്റെ യഥാര്‍ഥ സ്​പര്‍ശമുണ്ടാവുക.



അമേരിക്കയില്‍ ജൂണ്‍ 24 ന് പുതിയ ഐഫോണ്‍ കടകളിലെത്തും. രണ്ട് മോഡലുണ്ട് - 32 ജിബി മോഡലിന് വില 299 ഡോളറും (ഏതാണ്ട് 14000 രൂപ), 16 ജിബി മോഡലിന് 199 ഡോളറും (ഏതാണ്ട് 9200 രൂപ).

9.3 മില്ലിമീറ്ററാണ് ഐഫോണ്‍ 4 ന്റെ കനം. തൊട്ടുമുമ്പുള്ള ഐഫോണ്‍ വകഭേദത്തെ അപേക്ഷിച്ച് 24 ശതമാനം കുറവാണിത്. 'ആദ്യ ഐഫോണ്‍ പുറത്തു വന്നശേഷം ഈ രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ മുന്നേറ്റം' എന്നാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചുകൊണ്ട് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് പറഞ്ഞത്.

സ്റ്റെയിന്‍ലസ്സ് സ്റ്റീലിന്റെ ചട്ടക്കൂടാണ് ഐഫോണ്‍ 4 ന്റേത്. ഐപാഡിലുപയിഗിച്ചിട്ടുള്ള അതേ A4 CPU ആണ് ഇതിലും. വേഗമേറിയ പ്രോസസറിനൊപ്പം വലിപ്പം കൂടിയ ബാറ്ററിയും ഐഫോണ്‍ 4 ലുണ്ട്. അതിനാല്‍, മുന്‍ ഐഫോണുകളെ അപേക്ഷിച്ച് ബാറ്ററിലൈഫ് കൂടുതല്‍ ലഭിക്കും. പുതിയ ഫോണിന് ബ്രൗസിങ് സമയം പത്തു മണിക്കൂര്‍ എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

മൂന്നര ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണിന്റേത്. സ്‌ക്രീന്‍ റസല്യൂഷന്‍ 960 ബൈ 640 പിക്‌സല്‍. മുന്‍ ഐഫോണ്‍ വകഭേദത്തെ അപേക്ഷിച്ച് പിക്‌സലുകളുടെ എണ്ണം, അതേ വിസ്തീര്‍ണത്തില്‍ നാലു മടങ്ങ് വര്‍ധിക്കുന്നു. ഈ റസല്യൂഷനില്‍ ടെക്സ്റ്റിന്റെയും ചിത്രങ്ങളുടെയും വീഡിയോയുടെയും മിഴിവും വ്യക്തതയും ഏറുക സ്വാഭാവികം മാത്രം.

ഗൈറോസ്‌കോപ്പ്, ആക്‌സലറോമീറ്റര്‍, കോംപസ് എന്നിവ ഐഫോണ്‍ 4 ലുണ്ട്. ഗെയിമിങിന് കൂടുതല്‍ ഫലപ്രദമായ ആക്‌സിസ് നല്‍കാന്‍ ഇത് സഹായിക്കും. മുഖ്യക്യാമറ അഞ്ചു മെഗാപിക്‌സലാണ്. ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍ പാകത്തില്‍ ബാക്ക്‌സൈഡ് ഇലുമിനേറ്റഡ് സെന്‍സറും എല്‍ഇഡി ഫ്ലഷുമുണ്ട്. മാത്രമല്ല ഡിജിറ്റല്‍ സൂം, 720p HD വീഡിയോ റിക്കോര്‍ഡിങും സാധ്യമാണ്.



ഐപാഡിലുള്ള 'ഐഫോണ്‍ ഒഎസ് 4.0' ആപ്പിള്‍ പുനര്‍നാമകരണം ചെയ്ത് പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ഐഫോണ്‍ 4 ല്‍, ഐഒഎസ്4 (iOS4) എന്നാണ് പുതിയ പേര്. ജൂണ്‍ 21 മുതല്‍ ഐഫോണില്‍ ഇത് അപ്‌ഗ്രേഡ് ചെയ്യാം.

'ഫെയ്‌സ്‌ടൈം വീഡിയോ കാളിങ്' (FaceTime video Calling) എന്ന് ആപ്പിള്‍ വിശേഷിപ്പിച്ചിക്കുന്ന പരസ്​പരം കണ്ടുകൊണ്ട് സംസാരിക്കാവുന്ന സംവിധാനമാണ് ഐഫോണ്‍ 4 നെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയം. വീഡിയോകോളിങിനെ മുഖ്യാധാരയിലേക്കെത്തിക്കാന്‍ ഇതാണ് സഹായിക്കുക. മുന്നിലോ പിന്നിലോ ഉള്ള ക്യാമറകള്‍ ഉപയോഗിച്ച് വീഡിയോകോളിങ് നടത്താം.

മിക്കവരും മുന്‍ഭാഗത്തെ ക്യാമറയാകും സംസാരിക്കാന്‍ ഉപയോഗിക്കുക. അങ്ങനെയാകുമ്പോള്‍ അങ്ങേത്തലയ്ക്കലുള്ള ആളെ കണ്ടുകൊണ്ട് സംസാരിക്കാം. എന്നാല്‍, ഏതെങ്കിലും ചടങ്ങിന്റെയോ മറ്റോ നിലവാരമുള്ള വീഡിയോ തത്സമയം അയച്ചുകൊടുക്കാന്‍ പിന്‍ഭാഗത്തെ റസല്യൂഷന്‍ കൂടുതലുള്ള ക്യാമറ ഉപയോഗിച്ച് സാധിക്കും.

നിലവില്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 15 ശതമാനമാണ് ഐഫോണിന്റെ വിഹിതം. മുന്നില്‍ ബ്ലാക്ക്‌ബെറിയും സിമ്പിയാന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഫോണുകളുമാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകള്‍ 10 ശതമാനവും മൈക്രോസോഫ്ട് വിന്‍ഡോസ് മൊബൈല്‍ വിപണിയില്‍ ഏഴ് ശതമാനവും കൈയടക്കി വെച്ചിരിക്കുന്നു.

ആപ്പിളിന്റെ ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണ്‍ കടുത്ത മത്സരമാണ് നേരിടുന്നത്. രണ്ടുവര്‍ഷത്തിനിടെ ആന്‍ഡ്രോയിഡ് വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിലവിലുള്ള കണക്കു പ്രകാരം ദിവസവും ഒരുലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വീതം രംഗത്തെത്തുന്നു. ഐഫോണിന് പകരം നില്‍ക്കാവുന്ന ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഒട്ടേറെ കമ്പനികള്‍ക്ക് തുണയാകുന്നത് ആന്‍ഡ്രോയിഡാണ്. മത്സരം മുന്നില്‍ കണ്ടു തന്നെയാണ് ഐഫോണ്‍ 4 നെ ആപ്പിള്‍ രംഗത്തെത്തിച്ചിരിക്കുന്നത്.





TAGS:
iphone 4  |  iphone  |  mobile phones  |  apple  |  video calling 


Stories in this Section