മൊബൈല്‍ പ്ലാറ്റ്‌ഫോമായ 'ഐഫോണ്‍ ഓപ്പറ്റേറ്റിങ് സിസ്റ്റ' (ഐഒഎസ്)ത്തില്‍ മുന്‍കൂറായി ലോഡ് ചെയ്ത ആപ്ലിക്കേഷനുകളില്‍ നിന്ന്
യുട്യൂബ് ആപ് (YouTube app) ആപ്പിള്‍ ഒഴിവാക്കുന്നു. ഗൂഗിളിന്റെ ജനപ്രിയ വീഡിയോ പങ്കിടല്‍ സൈറ്റാണ് യുട്യൂബ്.
ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണായ ഐഫോണും, ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡും പ്രവര്‍ത്തിക്കുന്നത് ഐഒഎസിലാണ്. ആ മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ അടുത്ത വേര്‍ഷനില്‍ (
iOS6) യുട്യൂബ് ആപ് ലോഡ് ചെയ്തിട്ടുണ്ടാകില്ലെന്ന് ആപ്പിള്‍ അറിയിച്ചതായി, 'റോയിട്ടേഴ്‌സ്' വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
മൊബൈല്‍ വിപണിയില്‍ പ്രമുഖ ടെക് കമ്പനികള്‍ തമ്മില്‍ മുറുകുന്ന കിടമത്സരത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്, ഗൂഗിളിനെതിരെയുള്ള ആപ്പിളിന്റെ ഈ നീക്കം.
ഗൂഗിളിന്റെ മാപ്പിങ് സര്‍വീസ് തങ്ങളുടെ ഉപകരണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതായി മുമ്പ് ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.
ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ഭാവിയിലേക്ക് മുന്നേറുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ്. അതാണ് ഇരുവരും തമ്മിലുള്ള പോര് മുറുകാന്‍ കാരണം-'നീഥാം ആന്‍ഡ് കോ (Needham & Co)യിലെ കെറി റൈസ് വിലയിരുത്തുന്നു.
ലോകത്തെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആണ്, ലോകത്തെ ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോം. മൊബൈല്‍ഫോണ്‍ കമ്പനിയായ
മോട്ടറോള മൊബിലിറ്റി (Motorola Mobility) യെ 1250 കോടി ഡോളര്‍ നല്‍കി ഗൂഗിള്‍ ഏറ്റെടുത്തത് കഴിഞ്ഞ മെയ് മാസത്തിലാണ്.
അതോടെ, ഗൂഗിളിന് അതിന്റെ മൊബൈല്‍ സോഫ്ട്‌വേറും ഹാര്‍ഡ്‌വേറും കൂടുതല്‍ മികച്ച രീതിയില്‍ കൂട്ടിയിണക്കാന്‍ അവസരമാവുകയാണ്. ആപ്പിളുമായി നേരിട്ടുള്ള മത്സരത്തിലേക്ക് ഗൂഗിളിനെ ഈ നീക്കം എത്തിക്കുന്നു.
ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ യുട്യൂബ് ആപിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതായി ആപ്പിള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സഫാരി ബ്രൗസറില്‍ യുട്യൂബ് വിളിക്കാമെന്ന് ആപ്പിള്‍ നിര്‍ദേശിച്ചു. ഗൂഗിളിന്റെ ആപ് സ്റ്റോറിലേക്ക് പുതിയൊരു യുട്യൂബ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ വികസിപ്പിക്കുന്നതായും ആപ്പിള്‍ പറഞ്ഞു.
2007 ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട നാള്‍ മുതല്‍, ഐഫോണില്‍ മുന്‍കൂറായി ലോഡ് ചെയ്ത ഏതാനും ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു യുട്യൂബ് ആപ്. അതാണിപ്പോള്‍ അവസാനിക്കുന്നത്.
ആപ്പിളിന്റെ ഈ നീക്കം ഗൂഗിളിന് തീര്‍ച്ചയായും തലവേദന സൃഷ്ടിക്കുന്നത് തന്നെയാണ്. ഐഫോണിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എന്‍ജിന്‍ എന്ന പദവി നാളെ ഗൂഗിള്‍ സെര്‍ച്ചിന് നഷ്ടമായാലും അത്ഭുതപ്പെടാനില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഗൂഗിളിന് ലഭിക്കുന്ന മൊബൈല്‍ പരസ്യവരുമാനത്തില്‍ നല്ലൊരു പങ്ക് ഐഫോണ്‍ ഉപയോഗിക്കുന്നവരില്‍ നിന്നാണെന്ന കാര്യം പരിഗണിക്കുമ്പോള്‍, അത്തരമൊരു നീക്കം ഗൂഗിളിന് തീര്‍ച്ചയായും വെല്ലുവിളി തന്നെയായിരിക്കും.