പേറ്റന്റ് ലംഘനമാരോപിച്ച് പരസ്പരം പോരടിക്കുന്ന ആപ്പിളിനും സാംസങിനും ദക്ഷിണകൊറിയന്‍ കോടതി വിലക്കേര്‍പ്പെടുത്തി. മൊബൈല്‍ പേറ്റന്റുകളുടെ കാര്യത്തില്‍ ഇരു കമ്പനികളും പരസ്പരം അടിച്ചുമാറ്റല്‍ നടത്തിയിട്ടുണ്ടെന്ന് കോടതി വിധിയില്‍ പറഞ്ഞു.
രണ്ടു കമ്പനികളും തമ്മിലുള്ള പേറ്റന്റ് പ്രശ്‌നത്തില്‍ അമേരിക്കയില്‍ കാലഫോര്‍ണിയയിലെ ജൂറിക്ക് മുമ്പാകെ വാദം തുടരുന്നതിനിടെയാണ്, ദക്ഷിണകൊറിയയില്‍ നിന്ന് ഇങ്ങനെയൊരു വിധി.
സാംസങിന്റെ രണ്ടു പേറ്റന്റുകളില്‍ ആപ്പിള്‍ കൈയേറ്റം നടത്തിയപ്പോള്‍, ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ആപ്പിളിന്റെ ഒരു പേറ്റന്റ് ലംഘിച്ചുവെന്ന് കോടിതി വിധിയില്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസ്, ഐഫോണ്‍ 4, ഐപാഡ്, ഐപാഡ് 2 എന്നീ മൊബൈല്‍ ഉപകരണങ്ങള്‍ ദക്ഷിണകൊറിയയില്‍ വില്‍ക്കുന്നത് കോടതി താത്ക്കാലികമായി വിലക്കി. സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എസ് 1, ഗലക്‌സി എസ് 2, ടാബ്‌ലറ്റുകളായ ഗാലക്‌സി ടാബ്, ഗാലക്‌സി ടാബ് 10.1 എന്നിവയുടെ വില്‍പ്പനയും രാജ്യത്ത് നിരോധിച്ചു.
നഷ്ടപരിഹാരമായി സാംസങിന് 400 ലക്ഷം വൊണ്‍ (ഏതാണ്ട് 19 ലക്ഷം രൂപ) നല്‍കാന്‍ ആപ്പിളിനോട് കോടതി ആവശ്യപ്പെട്ടു. ആപ്പിളിന് സാംസങ് 250 ലക്ഷം വൊണ്‍ നഷ്ടപരിഹാരം നല്‍കണം.
ഐപാഡിന്റെയും ഐഫോണിന്റെയും ഡിസൈനും ഫീച്ചറുകളും തങ്ങളുടെ ഉത്പന്നങ്ങളില്‍ ഉപയോഗിച്ചതിന് സാംസങ് 250 കോടി ഡോളര്‍ (ഏതാണ്ട് 13500 കോടി രൂപ) നഷ്ടപരിഹാരമാണ് കാലിഫോര്‍ണിയയിലെ കേസില്‍ ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതുവെച്ചു നോക്കിയാല്‍ നിസ്സാരമായ നഷ്ടപരിഹാരമാണ് ദക്ഷിണകൊറിയന്‍ കോടതി വിധിച്ചിട്ടുള്ളത്.
ആപ്പിളിന് പേറ്റന്റുള്ള 'ബൗണ്‍സ് ബാക്ക്' (bounce back) ഫങ്ഷന്‍ സാംസങ് അതിന്റെ ഉത്പന്നങ്ങളില്‍ ഉപയോഗിച്ചുവെന്നാണ് ദക്ഷിണകൊറിയന്‍ കോടതി കണ്ടെത്തിയത്. ആപ്പിള്‍ ഉപകരണങ്ങളുടെ ഡിസൈന്‍ സാംസങ് കവര്‍ന്നുവെന്ന ആപ്പിളിന്റെ വാദം പക്ഷേ, കോടതി അംഗീകരിച്ചില്ല.
സാംസങ് വികസിപ്പിച്ച ടെലകോം സ്റ്റാന്‍ഡേര്‍ഡുകള്‍ ആപ്പിള്‍ ഉപയോഗിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഉപകരണങ്ങള്‍ തമ്മില്‍ ഡേറ്റാ കൈമറ്റത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യയും ഈ സ്റ്റാന്‍ഡേര്‍ഡുകളില്‍ പെടുന്നു.