മൊബൈല്‍ പേറ്റന്റുകളുടെ പേരില്‍ ആഗോളതലത്തില്‍ പോര് മുറുകുന്നതിനിടെ, സാംസങിന് നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിളിനോട് ഒരു ഡച്ച് കോടതി ഉത്തരവിട്ടു. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സങ്കേതവുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്.
സ്മാര്‍ട്ട്‌ഫോണുകളിലെയും ടാബ്‌ലറ്റുകളിലെയും ഫീച്ചറുകളും സങ്കേതങ്ങളും കവര്‍ന്നതായി പരസ്പരം ആരോപിച്ചുകൊണ്ടാണ് ഒരു ഡസണിലേറെ രാജ്യങ്ങളില്‍ ആപ്പിളും സാംസങും പരസ്പരം പോരടിക്കുന്നത്. അതിനിടെയാണ്, നെതര്‍ലന്‍ഡ്‌സ് കോടതി ഈ ഉത്തരവിറക്കിയത്.
ഫോണുകളും ടാബ്‌ലറ്റുകളും ഇന്റര്‍നെറ്റുമായി കണക്ടുചെയ്യുന്ന സങ്കേതത്തിന്റെ കാര്യത്തില്‍ സാംസങിന്റെ പേറ്റന്റ് ആപ്പിള്‍ ലംഘിച്ചതായാണ് ഡച്ച് കോടതി കണ്ടെത്തിയത്. എന്നാല്‍, എന്തു നഷ്ടപരിഹാരം ആപ്പിള്‍ നല്‍കണമെന്ന് കോടതി പറഞ്ഞില്ല. നെതര്‍ലന്‍ഡ്‌സില്‍ ഐഫോണിന്റെയും ഐപാഡിന്റെയും വില്‍പ്പന അനുസരിച്ച് സാംസങിനുണ്ടായ നഷ്ടം കണക്കാക്കാം.
അതിനിടെ, ഐപാഡിന്റെ 4ജി കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് 22.9 ലക്ഷം ഡോളര്‍ പിഴയടയ്ക്കാന്‍ ഒരു ഓസ്‌ട്രേലിയന്‍ കോടതി ആപ്പിളിനോട് ആവശ്യപ്പെട്ടു. 'ഓസ്‌ട്രേലിയന്‍ കോംപറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍' (ACCC) ആണ് കഴിഞ്ഞ മാര്‍ച്ചില്‍ ആപ്പിളിനെതിരെ നിയമനടപടി ആരംഭിച്ചത്.
ഡച്ച് കോടതിയുടെ വിധിയെ സാംസങ് സ്വാഗതം ചെയ്തു. തങ്ങളുടെ സാങ്കേതങ്ങള്‍ അനുവാദംകൂടാതെ ആപ്പിള്‍ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ഈ വിധിയെന്നും സാംസങ് പറഞ്ഞു. തീര്‍ച്ചയായും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിളിനോട് ആവശ്യപ്പെടുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് സാംസങും ആപ്പിളും. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങിയവയുടെ ഡിസൈനുമായി ബന്ധപ്പെട്ട് ഡസണ്‍ കണക്കിന് പേറ്റന്റ് കേസുകളാണ് ഇരുകമ്പനികളും പരസ്പരം നടത്തുന്നത്.
വിവിധ രാജ്യങ്ങളിലായി നടക്കുന്ന നിയമപ്പോരില്‍, ആരും പൂര്‍ണവിജയിയാകാന്‍ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 'ചില കേസുകളില്‍ ആപ്പിള്‍ ജയിക്കുമെന്നും, മറ്റു ചിലതില്‍ സാംസങാകും വിജയിയെന്നും ഇരുകമ്പനികളും മനസിലാക്കേണ്ടതുണ്ട്', കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഫ്രോസ്റ്റ് ആന്‍ഡ് സുലിവന്റെ മാനേജിങ് ഡയറക്ടര്‍ മനോജ് മേനോന്‍ ബിബിസിയോട് പറഞ്ഞു.
സമാധാനപരമായ ഒരു പരിഹാരത്തിന് ഇരുകമ്പനികള്‍ക്ക് മേലും ഇക്കാര്യം സമ്മര്‍ദം ചെലുത്തുമെന്ന് മനോജ് മേനോന്‍ അഭിപ്രായപ്പെട്ടു. നിയമപ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്ത് പരിഹാരിക്കാന്‍ ഇരുകമ്പനികളുടെയും ചീഫ് എക്‌സിക്യുട്ടീവുകളോട് കഴിഞ്ഞ മാസം ഒരു അമേരിക്കന്‍ ജഡ്ജി ആവശ്യപ്പെടുകയുണ്ടായി.
ഡച്ച് കോടതിയുടെ വിധിക്ക് പിന്നാലെയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ആപ്പിളിന് വീണ്ടും പ്രഹരമേറ്റത്. ആപ്പിളിന്റെ പുതിയ ഐപാഡ് കഴിഞ്ഞ മാര്‍ച്ച് 16 നാണ് ഓസ്‌ട്രേലിയയില്‍ വില്‍പ്പനയ്‌ക്കെത്തിത്. അതിന് 4ജി മൊബൈല്‍ ഡേറ്റ നെറ്റ്‌വര്‍ക്ക് കഴിവുണ്ടെന്നാണ് ആപ്പിള്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഓസ്‌ട്രേലിയയിലെ 'ടെല്‍സ്ട്ര എല്‍.ടി.ഇ' നെറ്റ്‌വര്‍ക്കില്‍ ഐപാഡ് പ്രവര്‍ത്തിക്കില്ല. ഇക്കാര്യത്തില്‍ ഉപഭോക്താക്കളെ ആപ്പിള്‍ തെറ്റിദ്ധരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി എ.സി.സി.സി. കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് 22.9 ലക്ഷം ഡോളര്‍ പിഴയടയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ കോടതി ആപ്പിളിനോട് ആവശ്യപ്പെട്ടത്.