സാംസങ് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നും, തങ്ങളുടെ പേറ്റന്റുകള്‍ ലംഘിച്ച സാംസങിന്റെ എല്ലാ ഉപകരണങ്ങള്‍ക്കും യു.എസ്.വിപണിയില്‍ സ്ഥിരമായ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആപ്പിള്‍ കോടതിയെ സമീപിച്ചു.
ആപ്പിളിന്റെ ഐഫോണിലെ ആറു പേറ്റന്റുകളില്‍ സാംസങ് കടന്നുകയറ്റം നടത്തിയെന്നും അതിന് നഷ്ടപരിഹാരമായി 105 കോടി ഡോളര്‍ (5600 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ആഗസ്ത് അവസാനം
യു.എസ്.കോടതി വിധിച്ചിരുന്നു. അതിന് പുറമെ 70.7 കോടി ഡോളര്‍ (3800 കോടി രൂപ) കൂടി സാംസങ് നല്‍കണമെന്നാണ് ആപ്പിള്‍ കോടതിയില്‍ പുതിയതായി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കേസില്‍ പുതിയ വിചാരണ നടത്തണമെന്ന് സാംസങ് കോടതിയില്‍ ആവശ്യപ്പെട്ടു. പേറ്റന്റ് ലംഘനങ്ങളുടെ പേരില്‍ പത്ത് രാജ്യങ്ങളില്‍ സാംസങും ആപ്പിളും തമ്മിലുള്ള നിയമപോരാട്ടം തുടരുകയാണ്.
ഐഫോണിന്റെ ഡിസൈനുമായി ബന്ധപ്പെട്ട കടന്നുകയറ്റങ്ങള്‍ക്ക് 40 കോടി ഡോളറും, മറ്റ് വിവിധ വിഭാഗങ്ങളിലുള്ള ലംഘനങ്ങള്‍ക്ക് 30.7 കോടി ഡോളറും സാംസങ് നല്‍കണമെന്നാണ് ആപ്പിളിന്റെ പുതിയ ആവശ്യം.
മാത്രമല്ല, തങ്ങളുടെ പേറ്റന്റ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സാംസങിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും യു.എസില്‍ സ്ഥിരമായ വിലക്ക് ഏര്‍പ്പെടുത്താനും ആപ്പിള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സാംസങിന്റെ പുതിയ സൂപ്പര്‍ഫോണായ ഗാലസ്‌കി എസ് 3 യും നിരോധിക്കാനാണ് ആപ്പിളിന്റെ നീക്കം.
പേറ്റന്റ് കേസുകളുടെ സങ്കീര്‍ണതയും മാനവും കണക്കിലെടുത്ത് അതിനനുസരിച്ച് സാക്ഷികളെയോ തെളിവുകളോ ഹാജരാക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും, അതിനാല്‍ ആപ്പിളിന്റെ അവകാശവാദങ്ങളോട് ന്യായമായി പ്രതികരിക്കാനുള്ള സമയം കിട്ടിയില്ലെന്നും, കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സാംസങ് പറഞ്ഞു. അതിനാല്‍, കേസ് പുതിയതായി വിചാരണ ചെയ്യാന്‍ സാംസങ് കോടതിയോട് അപേക്ഷിച്ചു.