ഗാലക്‌സി നെക്‌സസിന്റെ വില്‍പ്പന തടയണമെന്ന് ആപ്പിള്‍

Posted on: 12 Feb 2012


-സ്വന്തം ലേഖകന്‍




പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ് ഗാലക്‌സി നെക്‌സസ് സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന തടയണമെന്ന ആവശ്യവുമായി ആപ്പിള്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ 'ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്' (ആന്‍ഡ്രോയിഡ് 4.0) പതിപ്പ് ഉപയോഗിക്കുന്ന ആദ്യഫോണായ ഗാലക്‌സി നെക്‌സ്, തങ്ങളുടെ നാല് പേറ്റന്റുകള്‍ ലംഘിക്കുന്നുവെന്നാണ് ആപ്പിളിന്റെ വാദം.

ഗാലക്‌സി നെക്‌സസിന്റെ വില്‍പ്പന പ്രാഥമികമായി തടയണമെന്നാവശ്യപ്പെട്ട് കാലിഫോര്‍ണിയയിലെ ജില്ലാകോടതിയെയാണ് ആപ്പിള്‍ സമീപിച്ചത്.

ഒരു 'ഡേറ്റാ ടാപ്പിങ്' പേറ്റന്റ്, സിരിയും ഏകീകൃത സെര്‍ച്ചും തമ്മില്‍ ബന്ധപ്പെട്ട മറ്റൊരു പേറ്റന്റ്, അണ്‍ലോക്ക് ചെയ്യാന്‍ വശത്തേക്ക് സ്ലൈഡ് ചെയ്യുന്ന വിദ്യയുടെ പേറ്റന്റ്, ടച്ച്‌സ്്ക്രീനില്‍ വാക്കുകള്‍ ടൈപ്പ് ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ബാക്കി അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സങ്കേതത്തിന്റെ പേറ്റന്റ് -ഇങ്ങനെ നാല് പേറ്റന്റുകള്‍ സാംസങിന്റെ ഫോണ്‍ ലംഘിക്കുന്നുവെന്നാണ് ആപ്പിള്‍ ആരോപിക്കുന്നതെന്ന്, ഫോസ് പേറ്റന്റി'ലെ ഫ് ളോറിയന്‍ മ്യുള്ളര്‍ അറിയിച്ചു.

പേറ്റന്റിന്റെ പേരില്‍ സാംസങിന്റെ ഫോണിനെയാണ് ഉന്നംവെയ്ക്കുന്നതെങ്കിലും, ആപ്പിളിന്റെ യഥാര്‍ഥ ലക്ഷ്യം ഗൂഗിളാണ്. ഗൂഗിളിന്റെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ആന്‍ഡ്രോയിഡ് പതിപ്പായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ആണ് ഇതുവഴി ഭീഷണിയിലാകുന്നത്.

ഐഫോണിലെ സിരിയെപ്പോലെ ശബ്ദസഹായി ഉള്‍പ്പെട്ട ഏകീകൃത സെര്‍ച്ച് പേറ്റന്റ്, ശരിക്കും ഗൂഗിളിന്റെ സെര്‍ച്ച് ബിസിനസിന് നേരിട്ട് ഭീഷണിയാകുമെന്ന് മ്യുള്ളര്‍ പറയുന്നു. വാക്കുകള്‍ ഓട്ടോമാറ്റിക്കായി പൂര്‍ണമാകുന്ന വിദ്യയുടെ പേറ്റന്റ് ഗൂഗിളിന്റെ മൊബൈല്‍ സെര്‍ച്ച് ആപ്ലിക്കേഷനും ഒരുപക്ഷേ പ്രശ്‌നം സൃഷ്ടിച്ചേക്കാം.

ഈമെയിലുള്ള ഫോണ്‍ നമ്പറില്‍ ടാപ്പ് ചെയ്ത് ഫോണ്‍വിളിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'ഡേറ്റാ ടാപ്പിങ്'. ഈ ഫീച്ചറിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച്ടിസിയെ കുഴപ്പത്തിലാക്കിയിരുന്നു. ആപ്പിളിന്റെ പേറ്റന്റ് ലംഘിക്കുന്നതിന്റെ പേരില്‍ എച്ച്ടിസി ഉത്പന്നങ്ങളുടെ വില്‍പ്പന തടയുമെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയപ്പോഴായിരുന്നു അത്. പേറ്റന്റ് ലംഘനം ഒഴിവാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ് എച്ച്ടിസി തടി രക്ഷിക്കുകയായിരുന്നു.

അണ്‍ലോക്ക് ചെയ്യാന്‍ ഫോണിന്റെ സ്‌ക്രീനില്‍ സ്ലൈഡ് ചെയ്യുന്ന വിദ്യയുടെ പേരില്‍ ഗാലക്‌സി നെക്‌സസിന്റെ വില്‍പ്പന തടയണമെന്ന ആവശ്യം ഈ മാസമാദ്യം ജര്‍മന്‍ കോടതി തള്ളിയിരുന്നു.

രൂപകല്‍പ്പനയുടെ പേരിലുള്ള അവകാശവാദങ്ങളാണ് ഇതുവരെ ആപ്പിള്‍ കൂടുതലായി നടത്തിയിരുന്നത്. അതിനു പകരം, കൂടുതല്‍ ശക്തമായ രീതിയില്‍ സാങ്കേതികവിദ്യയുടെ പേരിലുള്ള പേറ്റന്റുകളിലാണ് ആപ്പിള്‍ ഇപ്പോള്‍ ശ്രദ്ധവെയ്ക്കുന്നതെന്ന് മ്യുള്ളര്‍ ചൂണ്ടിക്കാട്ടുന്നു.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയ്ക്ക്, ഗൂഗിളും സാംസങും ഏറെ സഹകരിച്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ ഗാലക്‌സി നെക്‌സസ് പുറത്തിറക്കിയത്. ആപ്പിളിന്റെ അവകാശവാദങ്ങള്‍ക്കൊന്നും ആ ഫോണില്‍ ഇടമില്ല (ആപ്പിള്‍ -പ്രൂഫ്ഡ്) എന്നാണ് ഗൂഗിളും സാംസങും പറഞ്ഞിരുന്നത്.

ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അനുകരണമാണ് ആന്‍ഡ്രോയിഡ് ഒഎസ് എന്ന് ആപ്പിളിന്റെ അന്തരിച്ച മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആരോപിച്ചിരുന്നു. അതിനാല്‍, എന്തു വിലകൊടുത്തും ആന്‍ഡ്രോയിഡിനെ തകര്‍ക്കുമെന്ന് സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചിരുന്നു.
TAGS:
apple  |  samsung  |  galaxy nexus  |  google  |  android phone  |  patent issue  |  ice cream sandwich 


Stories in this Section