5ഡി സങ്കേതത്തിന് ആപ്പിളിന് പേറ്റന്റ്‌

Posted on: 31 Jul 2012


-സ്വന്തം ലേഖകന്‍




ത്രീഡിയുടേതാണ് ഭാവിയെന്ന് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല, ത്രീഡി സങ്കേതം അത്ര വ്യാപകമായിട്ടുമില്ല. അതിനിടെ, ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ 5ഡി ടെക്‌നോളജിക്ക് പേറ്റന്റ് നേടിയിരിക്കുന്നു.

യു.എസ്.പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് ഒരാഴ്ച്ച മുമ്പ് പുറത്തുവിട്ട വിവരങ്ങളിലാണ്, 5ഡി സങ്കേതം ഉള്‍പ്പടെ 25 പുതിയ പേറ്റന്റുകള്‍ ആപ്പിളിന് അനുവദിച്ച കാര്യമുള്ളതെന്ന് 'പേറ്റന്റ്‌ലി ആപ്പിള്‍' റിപ്പോര്‍ട്ട് ചെയ്തു.

ഭാവിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോന്ന ഒട്ടേറെ സങ്കേതങ്ങള്‍ക്കുള്ള പേറ്റന്റുകള്‍ ആപ്പിളിന് അനുവദിച്ചതില്‍ പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അഡ്വാന്‍സ്ഡ് ടെലിവിഷന്‍, ഇന്ററാക്ടീവ് ഗെയിമിങ്, ടെലികോണ്‍ഫറന്‍സിങ്, വിര്‍ച്വല്‍ റിയാലിറ്റി ഡേറ്റ ഗ്ലോവ്‌സ്, 5ഡി വിനോദം തുടങ്ങിയതൊക്കെ ആപ്പിള്‍ നേടിയ പുതിയ പേറ്റന്റുകളില്‍ ഉള്‍പ്പെടുന്നു.

വില്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതിയാഥാര്‍ഥ്യത്തിന്റെ ലോകവുമായി ഇടപഴകാന്‍ പ്രേക്ഷകനെ പ്രാപ്തനാക്കുന്ന നൂതന സങ്കേതമാണ് 5ഡി സങ്കേതത്തിന്റേത്. ത്രീഡി സങ്കേത്തിനപ്പുറത്താണ് ഇതിന്റെ വിനോദസാധ്യതകള്‍ കുടികൊള്ളുന്നത്.

മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളുമായി ത്രീഡി ദൃശ്യങ്ങളെ സമ്മേളിപ്പിക്കാന്‍ സഹായിക്കുന്ന സങ്കേതാണ് 5ഡിയുടേത്. 5ഡി സിനിമ കാണുന്ന ഒരു പ്രേക്ഷകന്‍ സ്‌ക്രീനില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ശരിക്കും 'ഉള്‍പ്പെടുന്നു'. ചലനങ്ങള്‍ അനുഭവേദ്യമാകും, സൂര്യരശ്മികള്‍ പ്രേക്ഷകന് മേല്‍ വീഴും, ഈര്‍പ്പവും സമുദ്രത്തിലെ നീരാവിക്കാറ്റുമൊക്കെ ദേഹത്തടിക്കും!

ഇതുള്‍പ്പടെ, പ്രതീതിയാഥാര്‍ഥ്യത്തെ എവിടെയും കുടിയിരുത്താന്‍ സഹായിക്കുന്ന സങ്കേതങ്ങളാണ് ആപ്പിള്‍ പേറ്റന്റ് ചെയ്തിരിക്കുന്നത്.

ഒപ്പം, ഗൂഗിളിന്റെ 'പ്രോജക്ട് ഗ്ലാസ്' പദ്ധതിക്ക് സമാനമായി, തലയില്‍ ധരിക്കുകയും ദൃശ്യപഥത്തില്‍ തന്നെ പ്രതീതിയാഥാര്‍ഥ്യത്തെ കുടിയിരുത്താനും കഴിയുന്ന ഉപകരണം രൂപപ്പെടുത്താനും ആപ്പിള്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.


Stories in this Section