കൂടുതല്‍ മിഴിവ്, വേഗം: പുതിയ ആപ്പിള്‍ ഐപാഡ് എത്തി

Posted on: 08 Mar 2012


-സ്വന്തം ലേഖകന്‍




ഇതുവരെ ഒരു ടാബ്‌ലറ്റിനും കഴിയാത്തത്ര ഉയര്‍ന്ന റെസല്യൂഷന്‍, ഒപ്പം 4ജി പിന്തുണയും. ആപ്പിള്‍ അവതരിപ്പിച്ച മൂന്നാം തലമുറ ഐപാഡിന്റെ മുഖ്യ സവിശേഷതകള്‍ ഇവയാണ്. കൂടുതല്‍ മിഴിവും കൂടുതല്‍ വേഗവുമുള്ള ഒന്നാണ് പുതിയ ഐപാഡ് എന്നുസാരം.

നെറ്റില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ പോലെ, ആപ്പിള്‍ തങ്ങളുടെ പുതിയ ഐപാഡ് മോഡലിന്റെ പേരൊന്നും മാറ്റിയിട്ടില്ല, ഐപാഡ് എന്നു മാത്രമേയുള്ളൂ!

മിഴിവും വേഗവും കൂടുമെങ്കിലും വില കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കരുത്. 499 ഡോളര്‍ മുതല്‍ 829 ഡോളര്‍ വരെയായിരിക്കും പുതിയ ഐപാഡിന്റെ ചെലവ്. ഐപാഡ് 2 ന്റെ അടിസ്ഥാന മോഡല്‍ 399 ഡോളറിന് ലഭിക്കുമ്പോള്‍, അതുവിട്ട് പുതിയ ഐപാഡിലേക്ക് ചുവടുമാറ്റാന്‍ ആളുകള്‍ ശ്രമിക്കുമോ എന്നാണിനി അറിയേണ്ടത്.

പുതിയ ഐപാഡില്‍ ഹൈഡെഫനിഷന്‍ സ്‌ക്രീനിന്റെ റസല്യൂഷന്‍ 2048 ബൈ 1536 പിക്‌സല്‍സ് ആണ്. കൂടുതല്‍ മികവോടെ ഗ്രാഫിക്‌സ് പ്രകടനം സാധ്യമാക്കാന്‍ കരുത്തേറിയ പുതിയ 'എ5എക്‌സ്' ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. മാത്രമല്ല, 5 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും ഉണ്ട്.

4ജി എല്‍ടിഇ നെറ്റ്‌വര്‍ക്കുകളുടെ സേവനമുള്ള സ്ഥലത്ത് അവയെ പിന്തുണയ്ക്കുന്നതാണ് പുതിയ ഐപാഡ്. മറ്റ് ഉപകരണങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധം സാധ്യമാക്കാനുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടായും പ്രവര്‍ത്തിക്കും.

ഐപാഡ് 2 ന് 8.8 മില്ലീമീറ്റര്‍ കനമുണ്ടെങ്കില്‍, പുതിയ ഐപാഡിന് അത് 9.4 മില്ലീമീറ്ററാണ്. വൈഫൈ മാത്രമുള്ളതാണ് പുതിയ ഐപാഡിന്റെ അടിസ്ഥാന മോഡല്‍-വില 499 ഡോളര്‍. അതേസമയം, 4ജി മോഡലിന്റെ വില 629 ഡോളറിലാണ് തുടങ്ങുന്നത്. 3ജി സങ്കേതത്തിന്റെ പത്തുമടങ്ങായിരിക്കും 4ജി കണക്ഷന്റെ വേഗം.


ഐപാഡ് 2 ന്റെ വില്‍പ്പന തുടരുമെന്ന് ആപ്പിള്‍ അറിയിച്ചു. അതിന്റെ വില നൂറുഡോളര്‍ കുറച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന മോഡലിന്റെ വില ഇനി 399 ഡോളറായിരിക്കും.

പുതിയ ഐപാഡ് വിപണിയിലെത്തുക മാര്‍ച്ച് 16 നാണ്. ബ്രിട്ടണ്‍, അമേരിക്ക, കാനഡ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സ്വര്‍ലന്‍ഡ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലാവും ആദ്യം എത്തുക.

2011 ല്‍ 67 മില്യണ്‍ ആയി ലോകത്ത് ടാബ്‌ലറ്റ് ഉപയോഗം വര്‍ധിച്ചുവെന്ന് സ്ട്രാറ്റജി അനാലിസ്റ്റിക്‌സ് പറയുന്നു. രണ്ടക്ക വളര്‍ച്ചയാണ് 2011 ല്‍ ടാബ്‌ലറ്റ് രംഗം കാഴ്ച്ചവെച്ചത്. ഐഎംഎസ് റിസര്‍ച്ചിന്റെ കണക്ക് പ്രകാരം, 2011 ല്‍ ടാബ്‌ലറ്റുകളുടെ ആഗോളവിപണിയില്‍ ആപ്പിളിന്റെ വിഹിതം ഇപ്പോള്‍ 62 ശതമാനമാണ്. ഈ വര്‍ഷം അത് 70 ശതമാനമാകുമെന്നാണ് പ്രതീക്ഷ.

ഇത്രകാലവും ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളായിരുന്നു ഐപാഡിനോട് മത്സരിച്ച് വിപണിയിലുണ്ടായിരുന്നത്. ഈ വര്‍ഷം പുതിയൊരു താരം കൂടി മത്സരത്തിനെത്തുകയാണ്-മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് 8 ഒഎസ്. ആ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് പുതിയ ഐപാഡ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം.

TAGS:
apple  |  new ipad  |  tablet computers  |  4g tablets  |  tim cook 


Stories in this Section