പുതിയ ഐഫോണില്‍ 4.6 ഇഞ്ച് ഡിസ്‌പ്ലെയെന്ന് റിപ്പോര്‍ട്ട്‌

Posted on: 22 Mar 2012




വലിയ സ്‌ക്രീനും കൂടുതല്‍ മിഴിവുമുള്ള ഐഫോണ്‍ എങ്ങനെയിരിക്കും. 4.6 ഇഞ്ച് 'റെറ്റിന' ഡിസ്‌പ്ലെയുള്ളതാണ് അതെങ്കിലോ. ആപ്പിളിന്റെ പുതിയ ഐഫോണ്‍ അത്തരത്തിലുള്ളതായിരിക്കുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, 2007 ല്‍ രംഗത്തെത്തിയ ശേഷം ഐഫോണിന്റെ സ്‌ക്രീന്‍ വിസ്താരത്തില്‍ ആദ്യമായാണ് മാറ്റമുണ്ടാകുന്നത്. ഇതുവരെ പുറത്തുവന്ന എല്ലാ ഐഫോണ്‍ മോഡലുകളുടെയും ഡിസ്‌പ്ലെ 3.5 ഇഞ്ചാണ്. എന്നാല്‍, 4.6 ഇഞ്ച് വലിപ്പത്തിലുള്ള റെറ്റിന ഡിസ്‌പ്ലെ തീര്‍ച്ചയായും ഐഫോണ്‍ ആരാധകര്‍ക്ക് ഹരംപകരും.

അടുത്ത ഐഫോണില്‍ വിസ്താരമേറിയ ഡിസ്‌പ്ലെ അവതരിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും, ഡിസ്‌പ്ലെ നിര്‍മാതാക്കള്‍ക്ക് അതിനുള്ള ഓര്‍ഡര്‍ നല്‍കക്കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. വ്യവസായരംഗത്തുള്ളവരെ ഉദ്ധരിച്ച് 'മെയ്ല്‍ ബിസിനസ് ന്യൂസ്‌പേപ്പര്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് റോയിട്ടേഴ്‌സ് പറയുന്നു.


എന്നാല്‍, ഐഫോണിനായി ഡിസ്‌പ്ലെ നിര്‍മിച്ചു നല്‍കുന്ന എല്‍ജി ഡിസ്‌പ്ലെയും സാംസങ് ഇലക്ട്രോണിക്‌സും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആപ്പിളിന്റെ മുഖ്യപ്രതിയോഗിയായ സാംസങിന്റെ ഗാലക്‌സ് എസ് 2 ല്‍ 4.3 ഇഞ്ച് SUPER AMOLED ഡിസ്‌പ്ലെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഗാലക്‌സ് എസ് 2 വിപണിയിലെത്തിയത്.

ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും ഒടുവിലത്തെ വകഭേദമായ ഐഫോണ്‍ 4എസ് കഴിഞ്ഞ ഒക്ടോബറിലാണ് രംഗത്തെത്തിയത്. അത് അഞ്ചാംതലമുറ ഐഫോണ്‍ ആയിരുന്നു.
TAGS:
apple  |  iphone  |  smartphone  |  retina disply 


Stories in this Section