ആപ്പിളിന്റെ ഐഫോണ്‍ എന്തുകൊണ്ട് മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളെക്കാളും മികച്ചതാകുന്നു? ഈ ചോദ്യത്തിന് വിശദീകരണവുമായി ആപ്പിള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഐഫോണിന്റെ ഗുണഗണങ്ങള്‍ അക്കമിട്ട് നിരത്തുന്ന ഒരു സ്‌പെഷ്യല്‍ പേജ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആപ്പിള്‍.
ആപ്പിളിന്റെ തട്ടകത്തില്‍ സാംസങ് തങ്ങളുടെ
ഗാലക്‌സി എസ് 4 അവതരിപ്പിച്ചതാണ് ആപ്പിളിനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. ഗാലക്‌സി എസ് 4 അവതരിപ്പിച്ച് രണ്ടുദിവസത്തിനകം ഐഫോണിനായുള്ള ക്യാമ്പയ്ന്‍ പേജ് ആപ്പിള്‍ ആരംഭിച്ചു.
മാര്‍ച്ച് 14 നാണ് ഗാലക്‌സി എസ് 4 ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കപ്പെട്ടത്. അഞ്ചിഞ്ച് 1080 പി സൂപ്പര്‍ അമൊലേഡ് ഡിസ്‌പ്ലെയും, ക്വാഡ്‌കോര്‍ 1.9 GHz പ്രൊസസറും, 13 മെഗാപിക്‌സല്‍ ക്യാമറയും, ഒപ്പം ഒട്ടേറെ നൂതന ഫീച്ചറുകളുമുള്ള ഗാലക്‌സി എസ് 4 വാര്‍ത്തകളില്‍ നിറഞ്ഞു. കണ്ണുകൊണ്ടും ആംഗവിക്ഷേപം കൊണ്ടും ചലനം കൊണ്ടും നിയന്ത്രിക്കാവുന്ന ആന്‍ഡ്രോയിഡ് ഫോണാണ് ഗാലക്‌സി എസ് 4.
ഐഫോണിന് ഗാലക്‌സി എസ് 4 ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന നിരീക്ഷണം, പുതിയ ക്യാമ്പയ്ന്‍ വഴി സ്ഥീരീകരിച്ചിരിക്കുകയാണ് ആപ്പിള്‍. ഗാലക്‌സി എസ് 4 നെ നിസ്സാരമായി കാണാന്‍ ആപ്പിള്‍ തയ്യാറല്ല എന്നര്‍ഥം.
'There's iPhone. And then there's everything else' - ഇതാണ് ആപ്പിളിന്റെ ക്യാമ്പയ്ന്‍ പേജിന്റെ തലവാചകം. 'മറ്റെന്തിനെക്കാളും ഐഫോണ്‍ മികച്ചതാകുന്നതി'ന്റെ കാരണങ്ങളാണ് ഒന്നൊന്നായി ആ പേജില്‍ ആപ്പിള്‍ നിരത്തുന്നത്. അവ മുഴുവന്‍ കാണാന്‍
ആപ്പിളിന്റെ പേജ് സന്ദര്‍ശിക്കുക. അവയില്‍ ശ്രദ്ധേയമായ ചിലത് ചുവടെ-
1. ഉപയോക്താക്കള്‍ക്ക് ഏറ്റവും തൃപ്തിയേകുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്ന പദവിക്ക്, ജെ.ഡി.പവര്‍ ആന്‍ഡ് അസോസിയേറ്റ്‌സ് തുടര്‍ച്ചയായി എട്ടു തവണ തിരഞ്ഞെടുത്ത ഫോണ്‍ ആണ് ഐഫോണ്‍
2. ഐഫോണ്‍ ഉള്‍പ്പടെ ആപ്പിള്‍ ഉത്പന്നങ്ങളില്‍ മാത്രമാണ് റെറ്റിന ഡിസ്‌പ്ലെ ഉള്ളത്
3. ചെറിയ ബാറ്ററിയില്‍ വലിയ ലൈഫ്. എട്ടു മണിക്കൂര്‍ വരെ ടോക്ക് ടൈം കിട്ടുന്നതാണ് ഐഫോണിലെ ബാറ്ററി
4. അതിവേഗ വയര്‍ലെസ്, എല്‍.ടി.ഇ. കണക്ടിവിറ്റിയാണ് ഐഫോണ്‍ ഉറപ്പുനല്‍കുന്നത്
5. എട്ടുലക്ഷത്തിലേറെ ആപ്ലിക്കേഷനുകളുള്ള ഐട്യൂണ്‍സ് സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവയിലേക്ക് ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ വഴി മാത്രമേ പ്രവേശനം സാധ്യമാകൂ. ദുഷ്ടപ്രോഗ്രാമുകള്‍ (മാള്‍വെയറുകള്‍) ഇല്ലെന്ന് ആപ്പിള്‍ പരിശോധിച്ച് ഉറപ്പിച്ചവയാണ് ഓരോ ആപ്ലിക്കേഷനും.
6. ബുദ്ധിയുള്ള ഡിജിറ്റല്‍ സഹായിയായ 'സിരി' (Siri) ഐഫോണിലേ കാണൂ.