ഐഫോണ്‍ 5 ല്‍ ആപ്പിളിന്റെ സ്വന്തം മാപ്പ്

Posted on: 13 Sep 2012


-സ്വന്തം ലേഖകന്‍




ഐടി രംഗത്തെ ഭീമന്‍മാരായ ഗൂഗിളും ആപ്പിളും തമ്മില്‍ വര്‍ധിച്ചുവരുന്ന അകല്‍ച്ച ശരിക്കും പ്രതിഫലിക്കുന്ന ഉപകരണമാണ്, കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട ഐഫോണ്‍ 5. ഗൂഗിളിന്റെ മാപ്‌സ് ഉള്‍പ്പടെയുള്ള സര്‍വീസുകളെ പരമാവധി ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഐഫോണ്‍ ആപ്പിള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

ഐഫോണ്‍ 5
ന്റെ പ്ലാറ്റ്‌ഫോം കഴിഞ്ഞ ജൂണില്‍ അവതരിപ്പിക്കപ്പെട്ട ഐഒഎസ് 6 (iOS6) ആണ്. ആ പ്ലാറ്റ്‌ഫോമില്‍ ഗൂഗിളിന്റെ മാപ്‌സ് ഇല്ല. പകരം ആപ്പിള്‍ വികസിപ്പിച്ച മാപ്‌സ് ആപ്ലിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

മാത്രമല്ല, ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രാധാന്യം കുറയ്ക്കത്തക്ക വിധം ഐഫോണ്‍ 5 ല്‍ ശബ്ദസഹായിയായ 'സിരി' (Siri)യുടെ സേവനവും വര്‍ധിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ഐഒഎസ് 6 ല്‍ ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സര്‍വീസായ യുട്യൂബിന്റെ ആപ്ലിക്കേഷന്‍ ലോഡ് ചെയ്തിട്ടുമില്ല. ഇക്കാര്യം ആപ്പിള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ് അതില്‍ ഗൂഗിള്‍ മാപ്‌സ് ഇല്ല എന്നത്. 2007 ല്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട നാള്‍ മുതല്‍ ഇക്കാര്യത്തില്‍ ആപ്പിള്‍ ഗൂഗിളുമായി സഹകരിച്ചിരുന്നു. മുന്‍കൂര്‍ ഗൂഗിള്‍ മാപ്‌സ് ലോഡ് ചെയ്താണ് ഐഫോണ്‍ വിപണിയിലെത്തിച്ചിരുന്നത്. ഗൂഗിളുമായുള്ള ആ സഹകരണം ഐഫോണ്‍ 5 ഓടെ അവസാനിച്ചിരിക്കുന്നു.

കഴിഞ്ഞ ആഗസ്തില്‍ ആപ്പിളിന്റെ മേധാവിയായി ചുമതലയേറ്റ ടിം കുക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്, ആപ്പിളിന്റെ സ്വന്തം മാപ്‌സ് സര്‍വീസ് വികസിപ്പിച്ചത്. നാവിഗേഷന്‍ കമ്പനിയായ ടോംടോം (TomTom) ഇതിനായി ആപ്പിളിന് മാപ്പുകള്‍ നല്‍കുന്നു.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും, ദിശയറിയാനുള്ള മാര്‍ഗവും, ഉപഗ്രഹമാപ്പുകളും, ട്രാഫിക്കും, ലോക്കല്‍ സെര്‍ച്ചും, ഫാന്‍സി ത്രീഡി ബില്‍ഡിങ്‌സ് ഫീച്ചറുമെല്ലാമുള്ള മാപ്പിങ് സര്‍വീസാണ് ആപ്പിള്‍ വികസിപ്പിച്ചിരിക്കുന്നത്. അതാണ് പുതിയ ഐഫോണിലുള്ളത്.


ലോക്കല്‍ സെര്‍ച്ച് കൂടി ഉള്‍പ്പെടുത്തി സിരിയെ ആപ്പിള്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി സിരിയെ കൂട്ടിക്കെട്ടാനും ആപ്പിളിന് കഴിഞ്ഞിരിക്കുന്നു. ഐഫോണ്‍ ഉപയോഗിക്കുമ്പോള്‍, ഇനി ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ നല്‍കാന്‍ സിരിയോട് പറയാം. അല്ലെങ്കില്‍ ഒരു കാര്യം ട്വിറ്ററില്‍ അപ്‌ഡേറ്റ് ചെയ്യാനും സിരിയുടെ സേവനം തേടാം.

മാപ്‌സ് ആപ്ലിക്കേഷന്റെയും പ്രയോജനമേറിയ സിരിയുടെയും സേവനം ഐഫോണ്‍ 5 ന് മാത്രമല്ല ലഭിക്കുക. ഇപ്പോള്‍ ബീറ്റ വേര്‍ഷനിലുള്ള ഐഒഎസ് 6 സപ്തംബര്‍ 19 മുതല്‍ ലഭ്യമാകും. ഐഫോണ്‍ 4എസ്, ഐഫോണ്‍ 4, പുതിയ ഐപാഡ്, ഐപാഡ് 2, ഐപോഡ് ടച്ച് തുടങ്ങിയവയും ഐഒഎസ് 6 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. അവയില്‍ നിന്നെല്ലാം ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ പുറത്താകുമെന്ന് സാരം.

എന്നാല്‍, ഐഫോണ്‍ 5 ലെ മാപ്പിങ് സര്‍വീസുകളുടെയും സിരിയുടെയുമൊക്കെ സേവനം പാശ്ചാത്യരാജ്യങ്ങളിലേ കാര്യമായി ലഭ്യമാകൂ. ഇന്ത്യയില്‍ ഐഫോണ്‍ വാങ്ങുന്നവര്‍ ഇതൊക്കെ കാര്യമായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കരുത്.
TAGS:
apple  |  iphone 5  |  ios6  |  siri  |  search  |  mapping service  |  mobile platform 


Stories in this Section