ആപ്പിളിന്റെ ഐഫോണ്‍ 4 എസ് ഈ മാസം 25 ന് ഇന്ത്യയില്‍ എത്തുന്നു. എയര്‍സെല്‍ കമ്പനി അതിന്റെ
ഫെയ്‌സ്ബുക്ക് പേജില്‍ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബര്‍ 25 ന് തന്നെ എയര്‍ടെല്ലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 4 എസ് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2011 ഒക്ടോബര്‍ നാലിനാണ് ഐഫോണിന്റെ പുതിയ പതിപ്പ് ആപ്പിള്‍ കമ്പനി അവതരിപ്പിച്ചത്. ഒക്ടോബര്‍ 14 ന് പുതിയ ഫോണ്‍ അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും വില്‍പ്പനയ്‌ക്കെത്തി. ഒക്ടോബര്‍ അവസാനത്തോടെ കൂടുതല്‍ രാജ്യങ്ങളില്‍
ഐഫോണ്‍ 4 എസ് എത്തി.
അവതരിപ്പിച്ച് ഒരുവര്‍ഷമെങ്കിലും കഴിയാതെ സാധാരണഗതിയില്‍ ഇന്ത്യയില്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ എത്താറില്ല. ആ പതിവ് ഐഫോണ്‍ 4 എസിന്റെ കാര്യത്തില്‍ മാറുകയാണ്.
ഐഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടു കമ്പനികളും ഫോണിന്റെ വിലയെന്താകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അണ്‍ലോക്ക് ചെയ്ത ഐഫോണ്‍ 4 എസ് 16 ജിബി മോഡലിന് അമേരിക്കയില്‍ 649 ഡോളര്‍ (ഏതാണ്ട് 32500 രൂപ) ആണ് വില.
രൂപഘടനയിലും ഡിസ്‌പ്ലെയിലും മുന്‍ഗാമിയായ ഐഫോണ്‍ 4 ന് തുല്യമാണ് പുതിയ മോഡലും. എന്നാല്‍, ഹാര്‍ഡ്‌വേറില്‍ കാര്യമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡ്യുവല്‍ കോര്‍ പ്രൊസസറിന്റെ കരുത്തുമായാണ് അതിന്റെ വരവ്. ഹൈഡെഫിനിഷന്‍ വീഡിയോ (1080p) റിക്കോര്‍ഡ് ചെയ്യാവുന്ന 8 എംപി ക്യാമറയും ഐഫോണ്‍ 4 എസിലുള്ളത്.
മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സാധ്യത ഉപയോഗിച്ചുള്ള
സിരി (Siri) എന്ന ഡിജിറ്റല്‍ അസിസ്റ്റന്റ് ആണ് ഐഫോണ്‍ 4 എസിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്.
സെര്‍ച്ചിന്റെ ഭാവി നിര്‍ണയിക്കാന്‍ ശേഷിയുള്ളതെന്ന് വിലയിരുത്തപ്പെടുന്ന സങ്കേതമാണ് സിരി. ഗൂഗിളിന് സിരി ഭീഷണിയാണെന്ന്
കഴിഞ്ഞയാഴ്ച കമ്പനി ചെയര്‍മാന്‍
എറിക് ഷിമിഡ്ത് പ്രസ്താവിക്കുകയുണ്ടായി.
എന്നാല്‍, മൂന്നു ഭാഷകളില്‍ (ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്) മാത്രമേ ഇപ്പോള്‍ സിരിയുടെ സേവനം ലഭ്യമായിട്ടുള്ളു. ഇംഗ്ലീഷില്‍ തന്നെ ഇന്ത്യന്‍ ഉച്ഛാരണത്തെ സിരി പിന്തുണയ്ക്കുന്നുമില്ല. അതിനാല്‍, ഐഫോണ്‍ 4 എസിലെ തുറുപ്പുശീട്ടായ സിരി ഇന്ത്യക്കാര്‍ക്ക് എത്ര പ്രയോജനപ്പെടും എന്ന് കണ്ടറിയേണ്ട കാര്യമാണ്.