മൊത്തം നെറ്റ് ബ്രൗസിങില്‍ ഏതാണ്ട് ഒരു ശതമാനം ഇപ്പോള്‍ ആപ്പിളിന്റെ ഐപാഡിലൂടെയാണ് നടക്കുന്നത്. കേള്‍ക്കുമ്പോള്‍ ഇതത്ര ആനക്കാര്യമോ എന്ന് തോന്നാം. പക്ഷേ, ഇതങ്ങനെ നിസ്സാരമായി തള്ളിക്കളയരുത്. ടാബ്‌ലറ്റ് രംഗത്തെ പ്രതിയോഗികളെ ബഹുദൂരം പിന്തള്ളിയാണ് ഐപാഡ് ഇങ്ങനെയൊരു സ്വാധീനമുണ്ടാക്കിയതെന്ന് പുതിയൊരു പഠനറിപ്പോര്‍ട്ട് പറയുന്നു.
നെറ്റ് ബ്രൗസിങിന്റെ കാര്യത്തില്‍ തൊട്ടടുത്തുള്ള ആന്‍ഡ്രോയിഡ് പ്രതിയോഗിയെ അപേക്ഷിച്ച്, ഐപാഡ് 50 മടങ്ങ് കൂടുതല്‍ ജനപ്രിയമാണെന്ന് 'നെറ്റ് ആപ്ലിക്കേഷന്‍സ്' പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
എച്ച്.പി.യുടെ
'ടച്ച്പാഡ്', ബ്ലാക്ക്ബറിയുടെ
'പ്ലേബുക്ക്', സാംസങിന്റെ
'ഗാലിക്‌സി ടാബ്', മോട്ടറോളയുടെ
'ക്‌സൂം' തുടങ്ങി ഒട്ടേറെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഐപാഡിന്റെ പ്രതിയോഗി എന്ന അവകാശവാദത്തോടെ രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍, കുറഞ്ഞപക്ഷം നെറ്റ് ബ്രൗസിങിന്റെ കാര്യത്തിലെങ്കിലും എല്ലാ പ്രതിയോഗികളെയും ബഹുദൂരം പിന്നിലാക്കാന്‍ ഐപാഡിന് സാധിച്ചിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന മൊത്തം
വെബ് ബ്രൗസിങില്‍ 0.92 ശതമാനം ഐപാഡിന് അവകാശപ്പെട്ടതാണെന്ന് നെറ്റ് ആപ്ലിക്കേഷന്‍സിന്റെ കണക്ക് വ്യക്തമാക്കുന്നു. തൊട്ടടുത്ത പ്രതിയോഗിയായ സാംസങിന്റെ ഗാലക്‌സി ടാബാണ്. പക്ഷേ, അതിന്റെ ബ്രൗസിങ് വിഹിതം 0.018 ശതമാനം മാത്രം. അതനടുത്ത് 0.012 ശതമാനം വിഹിതമുള്ള മോട്ടറോള ക്‌സൂം ആണ്. അതുകഴിഞ്ഞാല്‍, 0.003 ശതമാനം ബ്രൗസിങ് വിഹിതമുള്ള ബ്ലാക്ക്ബറി പ്ലേബുക്കും.
ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതാണ്....ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വഴി ആയിരം വെബ്ബ്‌പേജുകള്‍ നോക്കുമ്പോള്‍ അതില്‍ 965 പേജും ഐപാഡ് വഴിയാണ് നോക്കപ്പെടുന്നത്. ഗാലക്‌സി ടാബില്‍ 19 പേജും ക്‌സൂമില്‍ 12 പേജും പ്ലേബുക്കില്‍ മൂന്നും പേജുകള്‍ വായിക്കപ്പെടുന്നു.
ആപ്പിളിന്റെ ഐപാഡിന് ബദലാകാന്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകള്‍ക്കൊന്നും സാധിച്ചിട്ടില്ലെന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.
250 ലക്ഷം ഐപാഡുകള്‍ ഇതിനകം ആപ്പിള്‍ വിറ്റു കഴിഞ്ഞു. അതേസമയം, വിറ്റുപോയ ഗാലക്‌സി ടാബുകളുടെ എണ്ണം അഞ്ച് ലക്ഷം മാത്രവും, ക്‌സൂം 3.25 ലക്ഷവും. ഇതില്‍ നിന്ന് തന്നെ വിപണിയില്‍ ഐപാഡിന്റെ ആധിപത്യം എത്ര വലുതാണെന്ന് വ്യക്തമാകുന്നു.
പേഴ്‌സണല്‍ കമ്പ്യൂട്ടിങില്‍ പുത്തന്‍യുഗത്തിന്റെ പിറവി എന്ന നിലയ്ക്കാണ്
2010 ജനവരിയില്‍ ഐപാഡ് അവതരിപ്പിക്കപ്പെടുന്നത്. വെറും ഒന്നര വര്‍ഷത്തിനകം നെറ്റ് ബ്രൗസിങ് രംഗത്ത് ഒരു ശതമാനം വിഹിതം ഐപാഡിന് സ്വന്തമാക്കാനായി എന്നു പറഞ്ഞാല്‍, ഇന്റര്‍നെറ്റിന്റെ ഭാവിയെ സംബന്ധിച്ച വ്യക്തമായ സൂചനയുമാണ് അത്.