ഇ-ബുക്കുകള്‍ക്ക് നിയമവിരുദ്ധമായി വില വര്‍ധിപ്പിക്കാന്‍ പ്രസാധകരെ ആപ്പിള്‍ സഹായിച്ചോ എന്നകാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ കുത്തകവിരുദ്ധ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പ്രധാനപ്പെട്ട അഞ്ച് പ്രസിദ്ധീകരണ കമ്പനികളെ ആപ്പിള്‍ വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം.
ഇ-ബുക്ക് വിപണിയില്‍ വര്‍ധിച്ചു വരുന്ന മത്സരത്തിന്റെ തീഷ്ണത വ്യക്തമാക്കുന്നതാണ് ആപ്പിളിനെതിരെ ചൊവ്വാഴ്ച യൂറോപ്പില്‍ ആരംഭിച്ച അന്വേഷണമെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ടു ചെയ്തു.
ആപ്പിള്‍ അതിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡ് അവതരിപ്പിച്ചത് 2010 ലാണ്. ഐപാഡിനൊപ്പം ആപ്പിള്‍ അതിന്റെ
ഐബുക്ക്‌സ്റ്റോറും (iBookstore) ആരംഭിച്ചു. ഐപാഡിനും ഐഫോണിലും ആപ്പിള്‍ ഇ-ബുക്കുകള്‍ വില്‍ക്കുന്നത് ഐബുക്ക്‌സ്റ്റോര്‍ വഴിയാണ്.
ഇ-ബുക്ക് രംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന ആമസോണിനും ആമസോണിന്റെ ഇ-ബുക്ക് റീഡര്‍ കിന്‍ഡ്‌ലിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ആപ്പിളും ഐപാഡും രംഗത്തെത്തിയത്.
ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് മൊത്തവിലയ്ക്ക് ഇ-ബുക്കുകള്‍ നല്‍കുകയായിരുന്നു പ്രസാധകര്‍ ചെയ്തിരുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍, ആപ്പിള്‍ ഈ രീതിക്ക് പകരം 'ഏജന്‍സി എഗ്രിമെന്റ്' ആണ് പ്രസാധകരുമായി ഉണ്ടാക്കിയത്. ആ എഗ്രിമെന്റ് പ്രകാരം പുസ്തക പ്രസാധകര്‍ക്ക് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍ പുസ്തകത്തിന്റെ വില എത്രവേണമെന്ന് നിശ്ചയിക്കാമെന്ന നിലവന്നു. പ്രസാധകര്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഇ-ബുക്ക് വാങ്ങേണ്ടിവരുന്ന സ്ഥിതിയാണ് അതോടെ സംജാതമായത്.
ഹാച്ചെറ്റെ ലിവെറെ, പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കൊളിന്‍സ്, സിമോണ്‍ ആന്‍ഡ് ഷൂസ്റ്റര്‍, വെര്‍ലാഗ്‌സ്ഗ്രൂപ്പി ഹോര്‍ഷെ വോന്‍ ഹോള്‍സ്ബ്രിന്‍ക് എന്നീ പുസ്തകപ്രസാധകരാണ് ഏജന്‍സി എഗ്രിമെന്റ് പ്രകാരം ആപ്പിള്‍ ഐബുക്ക്‌സ്റ്റോറില്‍ പുസ്തകങ്ങളെത്തിക്കുന്നത്.
ആപ്പിള്‍ ഈ നിലപാട് സ്വീകരിച്ചതോടെ, മറ്റ് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വില്‍പ്പനക്കാര്‍ക്കും പ്രസാധകരുമായി ഇത്തരം എഗ്രിമെന്റ് ഉണ്ടാക്കേണ്ട സ്ഥിതിയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇ-ബുക്കുകള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ പ്രസിദ്ധീകരണ കമ്പനികളെ ആപ്പിള്‍ വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നത്.
യൂറോപ്യന്‍ കമ്മീഷന്‍ ആരംഭിച്ചിട്ടുള്ള അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ പ്രതിനിധി തയ്യാറായില്ല. എന്നാല്‍, പ്രസാധക ഗ്രൂപ്പായ ഹോള്‍സ്ബ്രിന്‍ക് നടത്തിയ പ്രസ്താവനയില്‍ 'യാതൊരു അടിസ്ഥാനവുമില്ലാത്ത' കേസാണ് യൂറോപ്യന്‍ കമ്മീഷന്റേതെന്ന് പറഞ്ഞു.
സെര്‍ച്ച്‌രംഗത്ത് മത്സരം ഒഴിവാക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിനെതിരെ കഴിഞ്ഞ നവംബറില്‍ യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.