പേറ്റന്റ് പ്രശ്‌നത്തിന്റെ പേരില്‍ ടെക്‌നോളജി രംഗത്ത് നടക്കുന്ന പോരിന് പുതിയ തലം നല്‍കിക്കൊണ്ട്, എച്ച്.ടി.സി.കമ്പനിക്കെതിരെ ആപ്പിള്‍ നിയമനടപടി ആരംഭിച്ചു. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് രംഗത്തെ തങ്ങളുടെ പേറ്റന്റ് എച്ച്.ടി.സി.കൈയേറിയെന്ന് കാണിച്ച്, യു.എസ്. ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് (ITC) മുന്നിലാണ് ആപ്പിള്‍ പരാതി സമര്‍പ്പിച്ചത്.
രൂപകല്‍പ്പനയും സങ്കേതങ്ങളും കോപ്പിയടിച്ചതായി ആപ്പിളും സാംസങും പരസ്പരം പഴിചാരിയിട്ട് ആഴ്ചകളേ ആയിട്ടുള്ളു. ആ സമയത്താണ് എച്ച്.ടി.സിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ആപ്പിള്‍ പുതിയ നിമയനീക്കം നടത്തിയിരിക്കുന്നത്.
2011 ജൂലായ് 8 ന് ആപ്പിള്‍ സമര്‍പ്പിച്ച പരാതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. എങ്കിലും,
ഐഫോണ്‍, ഐപാഡ് എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് പേറ്റന്റുകളില്‍ എച്ച്.ടി.സി.കൈയേറ്റം നടത്തിയെന്നാണ് പരാതിയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആപ്പിളിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍, എച്ച്.ടി.സി. ഉത്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായി വിലക്കാന്‍ ട്രേഡ് കമ്മീഷന് സാധിക്കും.
സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം അനുസരിച്ച് ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാവാണ്
തയ്‌വാനീസ് കമ്പനിയായ എച്ച്.ടി.സി. ആപ്പിളിന്റെ ആരോപണം എച്ച്.ടി.സി. നിഷേധിച്ചു. 'വിപണിയില്‍ മത്സരിക്കുന്നതിന് പകരം, കോടതിയില്‍ മത്സരിക്കാനുള്ള ആപ്പിളിന്റെ നീക്കത്തില്‍ എച്ച്.ടി.സി.അത്ഭുതപ്പെടുന്നു'-എച്ച്.ടി.സിയുടെ ജനറല്‍ കൗണ്‍സല്‍ ഗ്രെയ്‌സ് ലീ പറഞ്ഞു.
ഐഫോണും ഐപാഡും പുറത്തിറക്കുക വഴി, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തും ടാബ്‌ലറ്റ് വിപണിയിലും മേധാവിത്വം സ്ഥാപിച്ച കമ്പനിയാണ് ആപ്പിള്‍. സ്വാഭാവികമായും മറ്റ് കമ്പനികളും സമാനമായ ഉത്പന്നങ്ങളുമായി രംഗത്തെത്തി. അതോടെ, ആപ്പിളും പ്രതിയോഗകളും തമ്മിലുള്ള മത്സരം മുറുകി.
മാതൃകാവകാശത്തിന്റെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇത് വഴി തുറന്നു. അതോടെ ആപ്പിളും മറ്റ് കമ്പനികളുമായുള്ള ബന്ധം വഷളാകാന്‍ തുടങ്ങി.
എച്ച്.ടി.സി. തങ്ങളുടെ 20 പേറ്റന്റുകളില്‍ കടന്നുകയറ്റം നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പരാതി നല്‍കിയിരുന്നു. അതേ നാണയത്തില്‍ തന്നെ എച്ച്.ടി.സി. തിരിച്ചടിച്ചു. തങ്ങളുടെ ചില പേറ്റന്റുകളില്‍ ആപ്പിള്‍ കയ്യേറ്റം നടത്തിയെന്ന് എച്ച്.ടി.സി പരാതി നല്‍കി.
മാത്രമല്ല, ഐഫോണ്‍, ഐപാഡ്, ഐപോഡ് എന്നിങ്ങനെയുള്ള ആപ്പിള്‍ ഉത്പന്നങ്ങളുടെ അമേരിക്കയിലെ വില്‍പ്പന നിരോധിക്കണമെന്നും എച്ച്.ടി.സി.ആവശ്യപ്പെടുകയുണ്ടായി.