ഫെയ്‌സ്ബുക്കിനെ ആക്രമിച്ച കുബുദ്ധികള്‍, ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിളിനെയും വെറുതെ വിട്ടില്ല. തങ്ങളും ആക്രമിക്കപ്പെട്ടതായും, എന്നാല്‍ ആക്രമണം നടത്തിയവര്‍ക്ക് വിവരങ്ങളൊന്നും കവരാന്‍ സാധിച്ചില്ലെന്നും ആപ്പിള്‍ കമ്പനി അറിയിച്ചു.
ഹാക്കര്‍മാരെ നേരിടാന്‍ നിയമപാലകരുടെ സഹായം തേടുമെന്ന്, ഐഫോണിന്റെയും ഐപാഡിന്റെയും മകിന്റോഷ് കമ്പ്യൂട്ടറുകളുടെയും നിര്‍മാതാക്കളായ ആപ്പിള്‍ അറിയിച്ചു.
ആപ്പിളിനെയും മറ്റ് കമ്പനികളെയും ആക്രമിച്ച് വിവരങ്ങള്‍ കവരാന്‍ പ്രത്യേക ദുഷ്ടപ്രോഗ്രാം (മാള്‍വെയര്‍) ആണ് ഉപയോഗിക്കപ്പെട്ടതെന്ന് ആപ്പിള്‍ പറഞ്ഞു. സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു വെബ്‌സൈറ്റ് വഴിയാണ് ദുഷ്ടപ്രോഗ്രാം വ്യാപിച്ചതെന്നും ആപ്പിള്‍ അറിയിച്ചു.
വെബ്ബ് ബ്രൗസറുകളുടെ 'പ്ലഗ്-ഇന്‍' ആയുപയോഗിക്കുന്ന ജാവാ പ്രോഗ്രാമിന്റെ ഒരു പിഴവ് മുതലെടുത്താണ് ദുഷ്ടപ്രോഗ്രാം പടര്‍ന്നത്. 'ആപ്പിള്‍ ആസ്ഥാനത്തെ കുറെ കമ്പ്യൂട്ടറുകളില്‍ ദുഷ്ടപ്രോഗ്രാം ബാധിച്ചതായി കണ്ടു. അതിനെ തുടര്‍ന്ന് ആ കമ്പ്യൂട്ടറുകള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് വേര്‍പെടുത്തി' - വാര്‍ത്താഏജന്‍സിയോട് ആപ്പിള്‍ വക്താവ് പറഞ്ഞു.
ആപ്പിളില്‍നിന്ന് എന്തെങ്കിലും വിവരങ്ങള്‍ കവരാന്‍ ആക്രമണം വഴി കഴിഞ്ഞു എന്നു കരുതുന്നില്ലെന്ന് വക്താവ് പറഞ്ഞു. ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളില്‍ കുഴപ്പബാധിത ജാവാ പ്രോഗ്രാമിനെ നിര്‍വീര്യമാക്കുന്ന സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റ് വേഗം പുറത്തിറക്കാനുള്ള നടപടി കമ്പനി ആരംഭിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന് നേരെ ആക്രമണം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. ഫെയ്‌സ്ബുക്കിലെ ജീവനക്കാരുടെ ലാപ്‌ടോപ്പുകള്‍ വഴിയാണ് ദുഷ്ടപ്രോഗ്രാം പടര്‍ന്നത്. ചൈനയില്‍ നിന്നായിരുന്നു ആക്രമണമെന്ന്, തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചതായി ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തുകയുണ്ടായി.
ചൈനയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു കെട്ടിടം കേന്ദ്രീകരിച്ചാണ് ലോകത്തേറ്റവുമധികം സൈബര്‍ ചാരപ്രവര്‍ത്തനം നടക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന വേളയിലാണ്, ആപ്പിളും ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നത്.
ഷാങ്ഹായിയില്‍ ചൈനീസ് സൈന്യത്തിന്റെ 'യൂണിറ്റ് 61398' എന്ന കെട്ടിടമാണ് സൈബര്‍ ആക്രമണങ്ങളുടെ കേന്ദ്രമെന്ന വിവരം, അമേരിക്കന്‍ സുരക്ഷാസ്ഥാപനമായ 'മാന്‍ഡിയാന്റ്' (Mandiant) ആണ് പുറത്തുവിട്ടത്.
വിവിധ രാജ്യങ്ങളിലെ 141 സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമായി നൂറുകണക്കിന് ടെറാബൈറ്റ്‌സ് ഡേറ്റ, ഈ കെട്ടിടത്തില്‍നിന്ന് സൈബര്‍ ആക്രമണം വഴി കവര്‍ന്നിട്ടുണ്ടെന്ന് മാന്‍ഡിയാന്റ് പറയുന്നു. ചൈന ആ റിപ്പോര്‍ട്ട് നിഷേധിച്ചു.