രണ്ടരലക്ഷം പേറ്റന്റുകള്‍ : മൊബൈല്‍ യുദ്ധം പൊടിപാറും
Posted on: 27 Aug 2012
-സ്വന്തം ലേഖകന്‍
രൂപഘടന മുതല്‍ സാങ്കേതികവിദ്യകള്‍ വരെ നീളുന്ന രണ്ടരലക്ഷം പേറ്റന്റുകള്‍ അടങ്ങിയ ഉപകരണം. അതിലെ ഓരോ പേറ്റന്റും ശക്തമായ നിയമയുദ്ധത്തിന് വഴിതുറക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ നിയമയുദ്ധം അടുത്തെങ്ങും ശമിക്കില്ലെന്ന് വ്യക്തം.
ആറു പേറ്റന്റുകള്‍ ലംഘിച്ചതിന്റെ പേരിലാണ് ആപ്പിളിന് സാംസങ് 105 കോടി ഡോളര്‍ (ഏതാണ്ട് 5700 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍
സാന്‍ ജോസിലെ കോടതി കഴിഞ്ഞയാഴ്ച വിധിച്ചത്.
അങ്ങനെയെങ്കില്‍, ഏതാണ്ട് രണ്ടരലക്ഷം പേറ്റന്റ് സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ പേരില്‍, അതിലെ ഓരോ പേറ്റന്റിനും അവകാശികളുമുണ്ടെന്ന് വരുമ്പോള്‍, എത്ര വലിയ നിയമയുദ്ധമാണ് ഉണ്ടാവുക.
ഇത് മുന്നില്‍ കണ്ടു തന്നെയാണ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തുള്ള വിവിധ കമ്പനികള്‍, പേറ്റന്റുകള്‍ വാങ്ങിക്കൂട്ടാനും പരസ്പരം കേസുകള്‍ നടത്താനും, കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ കോടിക്കണക്കിന് ഡോളര്‍ ചെലവിട്ടത്, ഇപ്പോഴും ചെലവിടുന്നത്.
പേറ്റന്റ് സംവിധാനം കൊണ്ട് യഥാര്‍ഥത്തില്‍ എന്താണോ ഉദ്ദേശിക്കുന്നത്, അതിന് നേരെ വിരുദ്ധമായ സംഗതിയാണ് കാശുകൊടുത്ത് പേറ്റന്റുകള്‍ സ്വന്തമാക്കി കേസിനുപയോഗിക്കുമ്പോള്‍ സംഭവിക്കുന്നതെന്ന്, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ പേറ്റന്റ് വിദഗ്ധന്‍ ജോഷ് ലേര്‍നെര്‍ 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു.
പുതിയ മുന്നേറ്റങ്ങള്‍ക്കുള്ള (ഇന്നവേഷനുള്ള) പ്രോത്സാഹനമെന്ന നിലയ്ക്കാണ് പേറ്റന്റ് സംവിധാനം വിഭാവനം ചെയ്തിട്ടുള്ളത്, അല്ലാതെ പുതിയ മുന്നേറ്റങ്ങളെ മുളയിലേ നശിപ്പിക്കാനല്ല- ലേര്‍നെര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ നഷ്ടമുണ്ടാകുന്നത് ഉപഭോക്താവിനാണ്.
സാങ്കേതികരംഗത്തെ ഓരോ മുന്നേറ്റവും -അത് ആവിയന്ത്രമാകട്ടെ, കാറുകളാകട്ടെ, അര്‍ധചാലകങ്ങളാകട്ടെ - പേറ്റന്റ് തര്‍ക്കങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, അവയൊന്നും സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധത്തിന്റെയത്ര സങ്കീര്‍ണമോ, ആഗോളസ്വഭാവമുള്ളതോ ആയിരുന്നില്ല.
പരോക്ഷയുദ്ധം
സാന്‍ ജോസിലെ ജൂറിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. ടെക്‌സ്റ്റും ഐക്കണുകളും സ്‌ക്രീനില്‍ കാണുന്ന രീതി മുതല്‍, 'ബൗണ്‍സ് ബാക്ക്' സൗകര്യം വരെ, ഐഫോണില്‍ നിന്ന് അടിച്ചുമാറ്റി സാംസങ് അതിന്റെ ഫോണുകളില്‍ ഉപയോഗിച്ചു എന്നാണ് ആപ്പിളിന്റെ വാദം.
നഷ്ടപരിഹാരമായി 250 കോടി ഡോളര്‍ ആണ് സാംസങില്‍ നിന്ന് ആപ്പിള്‍ ആവശ്യപ്പെട്ടത്. അതേസമയം, തങ്ങളുടെ പേറ്റന്റുകള്‍ ലംഘിച്ചതിന് ആപ്പിള്‍ 51.9 കോടി ഡോളര്‍ നല്‍കണമെന്ന് സാംസങും വാദിച്ചു. ഇരുകൂട്ടരുടെയും അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് 700 ചോദ്യങ്ങള്‍ പരിഗണിച്ച ഒന്‍പതംഗ ജൂറിയാണ് 105 കോടി ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരം നല്‍കാന്‍ സാംസങിനോട് കഴിഞ്ഞ വെള്ളിയാഴ്ച ആവശ്യപ്പെട്ടത്.
അമേരിക്കന്‍ പേറ്റന്റ് നിയമങ്ങളെ വിപണിയിലെ ആധിപത്യത്തിന് ആപ്പിള്‍ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്, വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനം സാംസങ് പ്രഖ്യാപിച്ചു. കോടതി നടപടികളും നിയമയുദ്ധവും അനന്തമായി നീളാനുള്ള സാധ്യതയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പകുതിയിലേറെ നിയന്ത്രിക്കുന്നത് സാംസങും ആപ്പിളും ചേര്‍ന്നാണ്. പത്ത് രാജ്യങ്ങളില്‍ ആപ്പിളും സാംസങും തമ്മില്‍ കേസുകളുണ്ട്. അതുകൊണ്ട് ആപ്പിളിന്റെ നീക്കം സാംസങിനെ ഒതുക്കാനാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം.
ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങിനെയാണ് കോടതിവിധിയിലൂടെ ആപ്പിള്‍ പ്രഹരിച്ചതെങ്കിലും, അതുചെന്ന് പതിക്കുന്നത് ആപ്പിളിന്റെ അയല്‍വാസിയും പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയുമായ ഗൂഗിളിന് മേലാണ്. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡാണ് ആപ്പിളിന്റെ യഥാര്‍ഥ ഉന്നം.
'മോഷണവസ്തു'വെന്ന് അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് വിശേഷിപ്പിച്ച ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് സാംസങ്. സ്വാഭാവികമായും സാംസങിനെതിരെ നേടിയ നിയമവിജയം, ആന്‍ഡ്രോയിഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും നിര്‍മിക്കുന്ന മറ്റ് കമ്പനികള്‍ക്കും മുന്നറിയിപ്പാണ്.
കുറഞ്ഞത് 17 ആന്‍ഡ്രോയിഡ് ഫോണ്‍ മോഡലുകളുടെ വില്‍പ്പന വിലക്കാനുള്ള ആവശ്യമാണ് ആപ്പിള്‍ കോടതിയില്‍ ഉടന്‍ ഉന്നയിക്കാന്‍ പോകുന്ന സംഗതിയെന്ന് അറിയുമ്പോള്‍, കാര്യങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് വ്യക്തം.
ബാലിശവാദങ്ങള്‍
ആപ്പിളും സാംസങും തമ്മില്‍ നടക്കുന്നതുപോലെ, മൈക്രോസോഫ്റ്റ്, നോക്കിയ, എച്ച്.ടി.സി., ഗൂഗിളിന്റെ മോട്ടറോള എന്നിവ തമ്മിലും പേറ്റന്റിന്റെ പേരില്‍ നിയമനടപടികള്‍ നടക്കുന്നുണ്ട്.
ഈ അവസരത്തില്‍, അടുത്തയിടെ ഷിക്കാഗോയിലെ പ്രമുഖ ഫെഡറല്‍ ജഡ്ജി റിച്ചാര്‍ഡ് എ.പോസ്‌നെര്‍ പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. ആപ്പിളും മോട്ടറോളയും തമ്മിലായിരുന്നു കേസ്. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ പേറ്റന്റുകളുടെ കാര്യം ശരിക്കും 'കുത്തഴിഞ്ഞ' നിലയിലാണെന്നായിരുന്നു വിധി. ജൂണില്‍ കേസ് തള്ളി. മാത്രമല്ല, യൂസര്‍-എക്‌സ്പിരിയന്‍സ് പേറ്റന്റുകളുടെ പേരില്‍ ആപ്പിളും, അടിസ്ഥാന കമ്മ്യൂണിക്കേഷന്‍സ് പേറ്റന്റുകളുടെ പേരില്‍ മോട്ടറോളയും ഉന്നയിച്ച അവകാശവാദങ്ങളെ ജഡ്ജി പരിഹസിച്ചു തള്ളി.
ഇതുകമ്പനികളും ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
നിസ്സാര സംഗതികള്‍ക്ക് പോലും പേറ്റന്റ് അനുവദിക്കുന്ന അമേരിക്കന്‍ അധികൃതരുടെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയരാന്‍ ഷിക്കാഗോ കോടതിയുടെ നടപടി വഴിയൊരുക്കി.
'ഒരിക്കലും നല്‍കാന്‍ പാടില്ലാത്ത ബാലിശമായ ചില പേറ്റന്റുകളുടെ പേരിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റ് യുദ്ധങ്ങള്‍ നടക്കുന്നത്'-ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ ജെയിംസ് ഇ.ബെസ്സന്‍ അഭിപ്രായപ്പെടുന്നു. ജസ്റ്റിസ് പോസ്‌നെര്‍ അത്തരമൊരു വിധി പുറപ്പെടുവിക്കാന്‍ ഇടയാക്കിയത് അതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
പേറ്റന്റ് യുദ്ധത്തിലെ ഏത് വിജയവും വിപണിയില്‍ മേല്‍കൈ നേടാന്‍ വഴിയൊരുക്കും. പ്രത്യേകിച്ചും മൊബൈല്‍ കമ്പ്യൂട്ടിങും സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും ചൂടപ്പംപോലെ വിറ്റഴിയുന്ന പുതിയ കാലത്ത്. ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയാക്കി മാറ്റിയതും ഇത്തരം ഉപകരണങ്ങളാണ്.
ഗൂഗിളിന്റെ പ്രതികരണം
ആപ്പിള്‍ നടത്തുന്ന പേറ്റന്റ് യുദ്ധത്തിന്റെ യഥാര്‍ഥ ഉന്നം ഗൂഗിളിന് അറിയാം. ആപ്പിള്‍-സാംസങ് പേറ്റന്റ് കേസിലെ വിധി മൂലം, ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെ ലഭ്യത 'പരിമിതപ്പെടാന്‍' തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പേറ്റന്റ് ലംഘനവും അതിന്റെ സാധുതയും അപ്പീല്‍ കോടതി പുനരവലോകനം ചെയ്യുമെന്ന് ഗൂഗിള്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 'തര്‍ക്കമുള്ള പേറ്റന്റുകളില്‍ മിക്കതും മുഖ്യ ആന്‍ഡ്രോയിഡ് ഒ.എസുമായി ബന്ധമുള്ളതല്ല. അവയില്‍ പലതും യു.എസ്.പേറ്റന്റ് ഓഫീസ് പുനപ്പരിശോധിച്ചു വരികയാണ്'.
'മൊബൈല്‍ വ്യവസായം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ ആശയങ്ങള്‍ക്ക് മേല്‍, നവാഗതരുള്‍പ്പടെ എല്ലാ കമ്പനികളും സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറിക്കുകയും ചെയ്യുന്നു. പുതുമയാര്‍ന്നതും താങ്ങാന്‍ പറ്റുന്നതുമായ ഉത്പന്നങ്ങള്‍ക്കായാണ് പങ്കാളികളുമായി ഞങ്ങള്‍ സഹകരിക്കുന്നത്. അത് പരിമിതപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'-ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മൈക്രോസോഫ്റ്റിന് പുതിയ അവസരം ?
തങ്ങളുടെ ചില മൊബൈല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റിന് ലൈസന്‍സ് അനുവദിച്ച കാര്യ കോടതി നടപടിക്കിടെ ആപ്പിള്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ഐഫോണില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാം എന്നതിന് ഉദാഹരണമായി, മൈക്രസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7 മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ ഫോണിന്റെ ചിത്രങ്ങളും ആപ്പിള്‍ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പിളിന്റെ അനുകരണമാണ്, മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോം അങ്ങനെയല്ല എന്നര്‍ഥം.
സാംസങിനെതിരെ കോടതി വിധി വന്നയുടന്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ വിഭാഗം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ബില്‍ കോക്‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു : 'Windows Phone is looking gooooood right now'.
ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച് പൊല്ലാപ്പില്‍ പെടുന്നതിന് പകരം, വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അത് മൈക്രോസോഫ്റ്റിനാകും നേട്ടമാവുക. ഡെല്‍, എച്ച്.ടി.സി, എല്‍.ജി തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇപ്പോള്‍ തന്നെ വിന്‍ഡോസ് ഫോണ്‍ ഒഎസ് ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിന്‍ഡോസ് 8, വിന്‍ഡോസ് ഫോണ്‍ 8 ഒപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക്, ആന്‍ഡ്രോയിഡിനെതിരെയുള്ള പേറ്റന്റ് നീക്കങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞാല്‍ അത് മൈക്രോസോഫ്റ്റിന് പുതുജീവന്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, ആപ്പിളും ഗൂഗിളും തമ്മില്‍ പേറ്റന്റിന്റെ പേരില്‍ നടക്കുന്ന ബലാബലം മൈക്രോസോഫ്റ്റിന് എത്രത്തോളം മുതലാക്കാന്‍ കഴിയുമെന്ന് പലര്‍ക്കും സംശയമുണ്ട്. അതിന് ഉത്തരം പറയേണ്ടത് കാലമാണ്.