പകര്‍പ്പവകാശ ലംഘനം: ചൈനയില്‍ ആപ്പിളിന് പിഴ

Posted on: 29 Dec 2012



പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ എട്ട് ചൈനീസ് എഴുത്തുകാര്‍ക്കും രണ്ടു കമ്പനികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ചൈനയിലെ ഒരു കോടതി ആപ്പിളിനോട് നിര്‍ദേശിച്ചു. 10.3 ലക്ഷം യുവാന്‍ (89 ലക്ഷംരൂപ)യാണ് ആപ്പിള്‍ പിഴ നല്‍കേണ്ടത്.

തങ്ങളുടെ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ ലൈസന്‍സ് ഇല്ലാതെ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വില്‍ക്കുന്നു എന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായതിനെ തുടര്‍ന്ന് പിഴയടയ്ക്കാന്‍ വിധിക്കുകയായിരുന്നു. ബെയ്ജിങ് നമ്പര്‍ 2 ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് കോടതിയാണ് പിഴ വിധിച്ചത്.

പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ ഇത് രണ്ടാം തവണയാണ് ആപ്പിളിന് ചൈനയില്‍ പിഴയടയ്‌ക്കേണ്ടി വരുന്നത്. ഒരു ചൈനീസ് എന്‍സൈക്ലോപ്പീഡിയയുടെ പ്രസാധകര്‍ക്ക് 40 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാനുള്ള വിധിയുണ്ടായത് കഴിഞ്ഞ സപ്തംബറിലാണ്. അതിനെതിരെ ആപ്പിള്‍ ആപ്പീല്‍ നല്‍കിയിട്ടുണ്ട്.

പകര്‍പ്പവകാശത്തിന്റെ പേരില്‍ മാത്രമല്ല, മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ ചൈനയില്‍ നിയമനടപടിക്ക് വിധേയമാവുകയുണ്ടായി. 'ഐപാഡ്' എന്ന ബ്രാന്‍ഡ് നാമത്തിന്റെ പേരിലുള്ളതായിരുന്നു ഒരു തര്‍ക്കം.

ചൈനീസ് വിപണിയില്‍ 'ഐപാഡ്' എന്ന ബ്രാന്‍ഡ് നാമത്തിന്റെ അവകാശി തങ്ങളാണെന്നും, 2000 ല്‍ കമ്പനി അത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൈനീസ് കമ്പനിയായ 'പ്രോവ്യൂ' അവകാശപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ആപ്പിളിനെതിരെ നിയമനടപടി ആരംഭിക്കുകയും ചെയ്തു.

എന്നാല്‍, പ്രോവ്യൂ കമ്പനിയുടെ തയ്‌വാനീസ് അഫിലിയേറ്റിന്റെ പക്കല്‍ നിന്ന് 55,000 ഡോളര്‍ നല്‍കി ഐപാഡിന്റെ ആഗോള അവകാശം തങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതാണ് എന്ന് ആപ്പിള്‍ വാദിക്കുന്നു. ആ തയ്‌വാനീസ് അഫിലിയേറ്റിന് ചൈനയിലെ ഐപാഡിന്റെ അവകാശം നല്‍കാന്‍ നിയമപരമായി സാധ്യമല്ലെന്നാണ് പ്രോവ്യൂവിന്റെ വാദം.

തര്‍ക്കത്തെ തുടര്‍ന്ന് ചൈനയിലെ ചില ഭാഗങ്ങളില്‍ ആപ്പിളിന് ഐപാഡ് വില്‍പ്പന നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ ജൂലായില്‍ ഐപാഡ് തര്‍ക്കം ഒതുക്കാനായി പ്രോവ്യൂവിന് ആറ് കോടി ഡോളര്‍ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചു.
TAGS:
apple  |  china  |  copyright violation  |  patent issue 


Stories in this Section