ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡിസ്‌നിയുടെ ഒരു ഗെയിം ആപ്ലിക്കേഷന്‍ (
Where's My Water? Free) തിങ്കളാഴ്ച ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ചുന്‍ലി ഫു ഓര്‍ത്തിരിക്കില്ല താന്‍ ചരിത്രത്തില്‍ സ്ഥാനംനേടുകയാണെന്ന്. ചൈനയില്‍ ക്വിന്‍ഡാവൊ സ്വദേശിയായ ചുന്‍ലി ഫു അത് ഡൗണ്‍ലോഡ് ചെയ്തതോടെ,
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നുള്ള ഡൗണ്‍ലോഡുകളുടെ എണ്ണം 25 ബില്യണ്‍ (2500 കോടി) എന്ന മാന്ത്രികസംഖ്യ തികഞ്ഞു!
ആ ഡൗണ്‍ലോഡിന്റെ പേരില്‍ ചുന്‍ലിക്ക് ആപ്പിള്‍ സമ്മാനിക്കുക 10,000 ഡോളറിന്റെ ഐട്യൂണ്‍സ് ഗിഫ്ട് കാര്‍ഡാണ്. 25 ബില്യണ്‍ ആപ്പ്‌സ് എന്ന നാഴികക്കല്ല് തികയ്ക്കാന്‍ സഹായിച്ചതിന്, ഉപഭോക്താക്കളോടും ആപ്പ് നിര്‍മാതാക്കള്‍ക്കും ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എഡ്ഡി ക്യു നന്ദി പറഞ്ഞു.
'നാലുവര്‍ഷം മുമ്പ് ആപ്പ് സ്റ്റോര്‍ തുടങ്ങുമ്പോള്‍ മൊബൈല്‍ ആപ്പ്‌സ് ഇത്ര വലിയൊരു പ്രതിഭാസമായി മാറുമെന്ന് ഞങ്ങള്‍ കരുതിയില്ല'-എഡ്ഡി ക്യു പറഞ്ഞു. 'ആപ്പ്‌സ് നിര്‍മാതാക്കള്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഇത്ര വൈവിധ്യമേറിയ തരത്തില്‍ ആപ്പ്‌സ് സൃഷ്ടിക്കുമെന്നും കരുതിയില്ല'.
ലോകമാകെ ഉപയോഗിക്കപ്പെടുന്ന 315 മില്യണ്‍ ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും ഐപോഡ് ടച്ചുകള്‍ക്കും ആപ്പ്‌സ് (ആപ്ലിക്കേഷനുകള്‍) ഡൗണ്‍ലോഡ് ചെയ്യാന്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ അവസരമൊരുക്കുന്നു. ആപ്പിളിന്റെ ഉപകരണങ്ങള്‍ ഇത്രയേറെ സ്വീകാര്യമാക്കുന്നതില്‍ ഈ ആപ്പ്‌സ് പരിസ്ഥിതി വ്യൂഹം വഹിച്ച പങ്ക് വലുതാണ്.
നിലവില്‍ അഞ്ചു ലക്ഷത്തിലേറെ ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലുണ്ട്. ആപ്ലിക്കേഷനുകള്‍ക്ക് ഉപഭോക്താക്കള്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കുന്നത്. ഫോണ്‍ വിളിക്കുക, പാട്ടുകേള്‍ക്കുക തുടങ്ങിയ പരമ്പരാഗത റോളുകള്‍ മറന്ന്, പല ഉപഭോക്താക്കളും ഐഫോണുകളും ഐപാഡുകളും മറ്റും ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതലായി ഉപയോഗിക്കുന്ന നിലയിലാണ് കാര്യങ്ങള്‍.
ഒട്ടേറെ വിഭാഗങ്ങളിലുള്ള ആപ്ലിക്കേഷനുകള്‍ ആപ്പ്‌സ് ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമാണ്. ഗെയിംസ്, ബിസിനസ്, സ്‌പോര്‍ട്‌സ്, ആരോഗ്യം, യാത്ര, ടൂറിസം, ന്യൂസ് എന്നിങ്ങനെ പോകുന്ന ആ തരംതിരിവുകള്‍.
ആപ്പിളിനെപ്പോലെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണുകള്‍ക്കും, ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കും ആപ്ലിക്കേഷന്‍ സ്റ്റോറുകളുണ്ടെങ്കിലും, അവയ്‌ക്കൊന്നും ആപ്പിള്‍ ആപ്പ് സ്റ്റോറിന്റെ അത്ര വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.