ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറില്‍ (Apple App Store) നിന്ന് ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയ്ക്കുള്ള ആപ്ലിക്കേഷനുകള്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 15 ബില്യണ്‍ തവണ! ആപ്പിള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരമുള്ളത്.

ആപ്പിള്‍ ഗാഡ്ജറ്റുകള്‍ ടെക് രംഗത്ത് ചെലുത്തുന്ന സ്വാധീനത്തിന്റെ വ്യക്തമായ തെളിവാണ് അമ്പരപ്പിക്കുന്ന ഈ കണക്ക്. ലോകത്തെ മുഴുവന്‍ പേര്‍ക്കും കൂടി ഇത്രയും ആപ്ലിക്കേഷന്‍ വീതംവെച്ചാല്‍ ഒരാള്‍ക്ക് കുറഞ്ഞത് രണ്ടെണ്ണം വീതം ലഭിക്കും!
2008 ജൂലായ് 10 ന് ഐഫോണ്‍ 3ജിക്കൊപ്പം അവതരിപ്പിക്കപ്പെട്ട ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് മൂന്നുവര്‍ഷത്തിനുള്ളിലാണ്, 1500 കോടി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍ നടന്നത്. ആപ്പ് സ്റ്റോറില്‍ നിന്നുള്ള ഡൗണ്‍ലോഡുകളുടെ എണ്ണം ഒരു ബില്യണ്‍ തികഞ്ഞത് 2009 ഏപ്രിലിലായിരുന്നു. എന്നുവെച്ചാല്‍, കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് 14 ബില്യണ്‍ ഡൗണ്‍ലോഡുകള്‍ നടന്നു എന്നര്‍ഥം.
വിസ്മയിപ്പിക്കുന്ന കണക്കുകളാണ് ആപ്പ് സ്റ്റോറിന് പറയാനുള്ളത്.
ആപ്പിളിന്റെ വാര്‍ത്താക്കുറിപ്പില്‍ നല്‍കിയിരിക്കുന്ന ചില കണക്കുകള്‍ നോക്കുക-
1. ലോകത്താകമാനം ഉപയോഗിക്കപ്പെടുന്നത് 200 മില്യണ്‍ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവ.
2. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ 425,000 ആപ്ലിക്കേഷനുകള്‍
3. ഐപാഡിന് മാത്രമായി 100,000 ആപ്ലിക്കേഷനുകള്‍
4. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാക്ക് നല്‍കിയ പ്രതിഫലം 2.5 ബില്യണ്‍ ഡോളര്‍.
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ വിവിധ വിഭാഗങ്ങളിലായാണ് ആപ്ലിക്കേഷനുകളുള്ളത്. ഏറ്റവും കൂടുതല്‍ ഗെയിംസിനായുള്ള ആപ്ലിക്കേഷനുകളാണ് (15 ശതമാനം), രണ്ടാംസ്ഥാനം ബുക്‌സിനും (13.4 ശതമാനം), മൂന്നാം സ്ഥാനം വിനോദത്തിനും (10.8) ആണ്. താഴെയുള്ള പട്ടിക നോക്കുക-
1. ഗെയിംസ് 64,048 (15.04 ശതമാനം) ആപ്ലിക്കേഷനുകള്‍
2. ബുക്ക്‌സ് 57,136 (13.41 ശതമാനം)
3. വിനോദം 46,086 (10.82 ശതമാനം)
4. വിദ്യാഭ്യാസം 37,990 (8.92 ശതമാനം)
5. ലൈഫ്‌സ്റ്റൈല്‍ 32,480 (7.63 ശതമാനം)
നിലവില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലുള്ള
വിവിധ വിഭാഗങ്ങളിലെ ആപ്ലിക്കേഷനുകളുടെ പട്ടിക ഇവിടെ കാണാം.