ഹസാരെ സമരത്തില്‍ ആന്‍ഡ്രോയിഡും

Posted on: 01 Sep 2011


-ബി.എസ്.ബിമിനിത്‌



അണ്ണ ഹസാരെയുടെ നേതത്വത്തില്‍ രാജ്യത്തെ ഇളക്കി മറിച്ച സമരം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ആയിരത്തിലധികം വരുന്ന യുവഭടന്മാര്‍. സംഗതി നടപ്പിലാക്കിയവര്‍ മാത്രമല്ല പ്രചാരണ പരിപാടികളും തികച്ചും യുവത്വം നിറഞ്ഞതായിരുന്നു.

ഇരുപത് തികഞ്ഞ വെബ്ബും അതിനേക്കാള്‍ ചെറുപ്പമായ മൊബൈല്‍ ഫോണുമായിരുന്നു മുഖ്യ പ്രചാരണ ആയുധങ്ങള്‍. പ്രചാരണത്തിനു വേണ്ടി ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ കണ്ടാല്‍ അറിയാം സമരം എത്രത്തോളം ഹൈടെക്കായിരുന്നുവെന്ന്്.

എട്ടുവഴികളിലൂടെയാണ് ആന്‍ഡ്രോയ്ഡ് ഫോണുകളിലുപയോഗിക്കുന്ന ഈ ആപ്ലിക്കേഷന്‍ അണ്ണയ്ക്കു തുണയായത്. ആര്‍.എസ്.എസ് ഫീഡ്, വീഡിയോ, പോളിങ്, സ്‌റ്റേ കണക്ടഡ്, ഇവന്റ്‌സ്, ഡൊണേറ്റ്, ചോദ്യോത്തരവേദി എന്നിവയ്ക്കുപുറമെ 'ഞങ്ങള്‍ക്കെഴുതൂ' എന്ന ടാബും ഇതിലുണ്ട്്.

സമരത്തെ അനുകൂലിച്ച് പ്രമുഖരുടെ പ്രസംഗങ്ങളുടെ നീണ്ട നിരതന്നെയുണ്ട് വീഡിയോ എന്ന ടാബില്‍. ജന്‍ ലോക് പാല്‍ ബില്ലിലെ വിവിധ വശങ്ങളേക്കുറിച്ചുള്ള വോട്ടെടുപ്പാണ് 'പോളിങ്ങി'ല്‍. സര്‍ക്കാര്‍ ബില്ലിനെയും പൊതുസമൂഹം തയ്യാറാക്കിയ ബില്ലിനേയും അടിസ്ഥാനമാക്കി തയ്യാറാക്കിയ പത്തു ചോദ്യങ്ങള്‍ക്ക് ഇവിടെ നമുക്ക് അനുകൂലിച്ചോ പ്രതികൂലിച്ചോ വോട്ട് രേഖപ്പെടുത്താം.

സ്‌റ്റേ കണക്ടഡ് എന്ന ടാബില്‍ ലഭിക്കുന്ന നമ്പറിലേക്ക്് (+912261550789) മിസ് കോള്‍ ചെയ്താല്‍ നമ്മുടെ നമ്പറിലേക്ക് ഓരോ വഴിത്തിരിവുകളും സന്ദേശമായെത്തും. നമ്മുടെ അഭിപ്രായം ജിടോക്ക് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനത്തിലൂടെ രേഖപ്പെടുത്താനും സംവിധാനമുണ്ട്.

ഡൊണേറ്റ് എന്ന ടാബില്‍ തൊട്ടാല്‍ അണ്ണ ഹസാരെ സമരത്തിന് സംഭാവന ചെയ്യുന്നവര്‍ ചെക്ക് ഏങ്ങോട്ടേക്കയയ്ക്കണം എന്ന വിവരം ലഭിക്കും, പണം നല്‍കുന്നത് ഓണ്‍ലൈനിലൂടെയാണെങ്കില്‍ അതിനുള്ള നിര്‍ദേശവും. പോരെങ്കില്‍ കൂടുതല്‍ സഹായത്തിനായി വളണ്ടിയറുടെ മൊബൈല്‍ നമ്പറും ലഭിക്കും.

ഫെയ്‌സ്ബുക്ക് ആക്ടിവിസമെന്നൊക്കെ പറഞ്ഞ്് അണ്ണ ഹസാരെ സമരത്തെ തള്ളിപ്പറഞ്ഞവര്‍ക്കു പോലും ഒരു കാര്യം സമ്മതിക്കാതിരിക്കാനാവില്ല. ഇതുവരെയുണ്ടായ ഇതര മുന്നേറ്റങ്ങളെ അപേക്ഷിച്ച് സമരത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷമാണ് പൊതുജനം രംഗത്തിറങ്ങിയതെന്ന്. അതിനുള്ള മാര്‍ഗങ്ങള്‍ മൊബൈല്‍ ഫോണായാലും ഫെയ്‌സ്ബുക്കായാലും ഇന്റര്‍നെറ്റിലെ ഏത് വഴികളായാലും ലക്ഷ്യം മാത്രമാണ് പ്രധാനം.

-biminith@techchillies.in


Stories in this Section