ആപ്പിളിന്റെ ഐപാഡിന്റെ വരേവാടെയാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണി ചൂടുപിടിച്ചത്. യാത്രയ്ക്കിടെ ഇന്റര്‍നെറ്റ് പരതാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ ഉപയോഗപ്പെടുന്ന ടാബ്‌ലറ്റ് മോഡലുകളുമായി ഇപ്പോള്‍ ഒട്ടേറെ കമ്പനികള്‍ രംഗത്തുവന്നു കഴിഞ്ഞു. ഡെല്‍ സ്ട്രീക്ക്, സാംസങ് ഗാലക്‌സി ടാബ്, ഇന്ത്യന്‍ കമ്പനിയായ ഒലിവ് ടെലികോമിന്റെ ഒലിവ്പാഡ് എന്നിവയൊക്കെയാണ് ഇപ്പോള്‍ രാജ്യത്ത് പ്രധാനമായി വിറ്റഴിക്കപ്പെടുന്ന ടാബ്‌ലറ്റ് മോഡലുകള്‍. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്‌ക്കൊക്കെ വില 25,000 ത്തിന് മുകളിലാണ്. ഗാലക്‌സിടാബിന് 35000 ന് മേലാണ് വില.
ഒരു ടാബ്‌ലറ്റ് വാങ്ങണമെങ്കില്‍ ബാങ്കുവായ്പ്പ എടുക്കണമെന്ന ദയനീയസ്ഥിതിയില്‍ നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താനായി പുതിയൊരു മോഡല്‍ ഇതാ വിപണിയിലെത്തിയിരിക്കുന്നു. ഇംപക്‌സ് ഇലക്‌ട്രോണിക്‌സ് 'സെന്‍പാഡ്' എന്ന പേരിലിറക്കിയിരിക്കുന്ന ഈ ടാബ്ലറ്റിന് വില വെറും 13,990 രൂപ മാത്രം. ഇതത്ര നിസാര തുകയാണോ എന്ന് ദോഷൈകദൃക്കുകള്‍ ചോദിച്ചേക്കാം. ഒരുവിധം കൊള്ളാവുന്ന സ്മാര്‍ട്ടഫോണുകള്‍ക്ക് പോലും 15,000 രൂപ മുടക്കേണ്ടിവരുന്ന ഇക്കാലത്ത്, അതിലും കുറഞ്ഞ തുകയ്ക്ക് ടാബ്‌ലറ്റ് കിട്ടുകയെന്നത് ചെറിയ കാര്യമല്ല. സെന്‍ ദി മാസ്റ്റര്‍ എന്ന പേരില്‍ കീബോര്‍ഡുകളും മറ്റ് കമ്പ്യൂട്ടര്‍ ആക്‌സസറീസും നിര്‍മിക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് ഇംപക്‌സ്.
കാഴ്ചയിലും കാര്യത്തിലും മുന്‍നിര ടാബ്‌ലറ്റുകളോടു കിടപിടിക്കാന്‍ പോന്നവനാണ് സെന്‍പാഡ്. സിനിമ കാണാനും ഫോട്ടോകള്‍ കാണാനും പാട്ടുകേള്‍ക്കാനും ഇപുസ്തകങ്ങള്‍ വായിക്കാനും ഗെയിംസ് കളിക്കാനുമൊക്കെ സെന്‍പാഡ് ധാരാളം മതി. സോഷ്യല്‍നെറ്റ്‌വര്‍ക്കിങിനും ചാറ്റിങിനുമുള്ള ആപ്ലിക്കേഷന്‍സ് ഉള്ളതിനാല്‍ സുഹൃത്തുക്കളുമായി സദാസമ്പര്‍ക്കം പുലര്‍ത്താനും സെന്‍പാഡ് സഹായിക്കും. ബില്‍ട്ട്ഇന്‍ യുട്യൂബ് ആപ്‌സിന്റെ സഹായത്തോടെ വീഡിയോ സ്ട്രീമിങും സാധ്യം. ഇതത്രയും വിനോദത്തിന്റെ വിഷയങ്ങള്‍. അതിനൊപ്പം ഓഫീസ് ഡോക്യൂമെന്റ്‌സ് പരിശോധിക്കാനും ്രെപസന്റേഷനുകള്‍ തയ്യാറാക്കാനും ഇമെയിലുകള്‍ വായിക്കാനുമൊക്കെ സെന്‍പാഡില്‍ കഴിയും. അത്യാവശ്യത്തിനുള്ള ഓഫീസ്‌ജോലികള്‍ ചെയ്തുതീര്‍ക്കാനും സെന്‍പാഡ് സഹായിക്കുമെന്നര്‍ഥം.
ടാബ്‌ലറ്റിലുള്ള ഫോട്ടോകളും വീഡിയോകളും പ്രെസന്റേഷനുകളുമെല്ലാം ബിഗ്‌സ്‌ക്രീന്‍ എല്‍.സി.ഡി. ടിവിയിലേക്കോ മറ്റേതെങ്കിലും ഡിസ്‌പ്ലേ ഉപകരണത്തിലേക്കോ ഔട്ട്പുട്ട് ചെയ്യാവുന്ന എച്ച്.ഡി.എം.ഐ. (ഹൈഡെഫനിഷന്‍ മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ്) സംവിധാനത്തോടെയാണ് സെന്‍പാഡിന്റെ വരവ്. ഇതിനാവശ്യമായ എച്ച്.ഡി.എം.ഐ. കേബിളും ടാബ്ലറ്റിനൊപ്പം ലഭിക്കും.
800 ഗുണം 480 പിക്‌സസോടുകൂടിയ എഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍.ഇ.ഡി. ബാക്ക്‌ലൈറ്റ് ഡിസ്‌പ്ലേ, ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 256 എം.ബി. ഡി.ഡി.ആര്‍.2 റാം, വയര്‍ലെസ് ലാന്‍, വൈഫൈ എന്നിവയാണ് ഇതിലെ സാങ്കേതികസവിശേഷതകള്‍. ആന്‍ഡ്രോയ്ഡിന്റെ 2.1 പതിപ്പില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍സ് യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാനാകും. പുറകുവശത്തായി മൂന്ന് മെഗാപിക്‌സല്‍ ക്യാമറയും സെന്‍പാഡിലുണ്ട്.
ഏഴ് ഇഞ്ച് റെസിസ്റ്റീവ് സിംഗിള്‍ ടച്ച്‌സ്‌ക്രീന്‍ എന്നതുമാത്രമാണ് സെന്‍പാഡില്‍ പ്രധാനമായി ചൂണ്ടിക്കാട്ടാവുന്ന പോരായ്മ. മുന്‍നിര കമ്പനികളെല്ലാം ഏറ്റവും പുതിയ രീതിയിലുള്ള കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനുകളാണ് ഉപയോഗിക്കുന്നത്. റെസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ശരിയായി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സ്‌റ്റൈലസ് ഉപയോഗിക്കേണ്ടിവരും. എന്നാല്‍ കപ്പാസിറ്റീവ് സ്‌ക്രീനിന് വിരല്‍ത്തുമ്പ് മതി.
പുറകുവശം സില്‍വര്‍ നിറവും മുന്‍വശം കറുപ്പുനിറവുമായാണ് സെന്‍പാഡിന്റെ രൂപകല്‍പ്പന. കാഴ്ചയില്‍ മനോഹരം തന്നെയെന്ന് ആരും സമ്മതിക്കും. ടാബ്‌ലറ്റിനൊപ്പം എട്ട് ജി.ബി. മെമ്മറി കാര്‍ഡും പൗച്ചും കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സെന്‍പാഡ് രാജ്യം മുഴുവനുമുള്ള റീട്ടെയില്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് അറിയുന്നത്.