വീടിനെ സ്മാര്‍ട്ടാക്കാന്‍ ആന്‍ഡ്രോയിഡ് @ഹോം

Posted on: 11 May 2011


-യാസിര്‍ ഫയാസ്‌



ആദ്യം അവന്‍ വെബിലാണെത്തിയത്
തിരയാനുള്ള ശേഷികൊണ്ട് അവിടം കീഴടക്കി.
പിന്നെയവന്‍ മൈബൈലില്‍ ചേക്കേറി,
ആന്‍ഡ്രോയിഡിന്റെ കൊടി നാട്ടി
മൊബൈല്‍ ലോകവും കീഴടക്കി,
ഒടുവിലവന്‍ നമ്മെത്തേടി വീടുകളിലെത്തുകയാണ്,
വീടകങ്ങള്‍ തന്നെ കീഴടക്കാന്‍..

ത്രീജി യുഗത്തിലെ വിപ് ളവകാരിയുടെ കവിതയൊന്നുമല്ലിത്. ഗൂഗിളിന്റെ പുതിയ അവതാരമായ ആന്‍ഡ്രോയിഡ് അറ്റ് ഹോമിന്റെ പ്രഖ്യാപനത്തെക്കുറിച്ച് സി എന്‍ എന്‍ മണി ലേഖകന്റെ വിവരണമാണിത്.


എന്താണീ അന്‍ഡ്രോയിഡ് അറ്റ്‌ഹോം എന്നറിയണ്ടേ? സ്മാര്‍ട്ട്‌ഫോണിനെപ്പോലെ, നിങ്ങളുടെ ഭവനത്തെയും സ്മാര്‍ട്ടാക്കാന്‍ പോന്ന സങ്കേതമാണത്. അതെങ്ങനെയായിരിക്കും എന്നറിയാന്‍.....

സമീപഭാവിയിലെ ഈ സന്ദര്‍ഭം നോക്കൂ......

.....വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പെട്ടെന്ന് മൊബൈലിലൊരു കിളിനാദം. ഇന്‍ബോക്‌സിന്റെ ലക്കോട്ട് പൊട്ടിച്ച് നോക്കുമ്പോള്‍ ഇങ്ങിനെ കണ്ടു.. 'പാല്‍ വാങ്ങാന്‍ മറക്കണ്ട'. വീണ്ടും നോക്കിയപ്പോള്‍ മനസ്സിലായി, കല്‍പന ഭാര്യയുടേതല്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മൂലയില്‍ ഒതുങ്ങിയിരുന്ന ഫ്രിഡ്ജാണ് ഉത്തരവിട്ടിരിക്കുന്നത്. മൊബൈലിലെ ആപഌക്കേഷന്‍ തുറന്ന് ഫ്രിഡ്ജുമായി കണ്ക്ട് ചെയ്തപ്പോള്‍ സംഗതി ശരിയാണ്. പാല്‍ തീര്‍ന്നിരിക്കുന്നു....!

വീട്ടിലെ ഫ്രിഡ്ജും ടിവിയും ഫാനും ലൈറ്റും വാഷിങ് മെഷീനുമൊക്കെ സ്മാര്‍ട്ടാകാന്‍ പോവുകയാണ്. ഒറ്റ മൊബൈല്‍ കഌക്കില്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന, അനുസരണയുള്ള ഉപകരണങ്ങളായി അവ മാറും, സമീപഭാവിയില്‍ തന്നെ. പറയുന്നത് ആന്‍ഡ്രോയിഡിന്റെ ആശാന്മാരായ സാക്ഷാല്‍ ഗൂഗിളായതുകൊണ്ട് അവിശ്വസിക്കേണ്ട. എന്നുവെച്ച് നാളെത്തന്നെ ആന്‍ഡ്രോയിഡ് ഹോം അപഌയന്‍സ് തിരഞ്ഞ് ഷോപ്പിങ്ങിനിറങ്ങുകയും വേണ്ട. ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കണമെന്നാണ് ഗൂഗിള്‍ പറയുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗൂഗിളിന്റെ 'വാര്‍ഷിക ഐ. ഒ. ഡെവലപ്പര്‍ മീറ്റില്‍ ആണ് ഈ പുതിയ സംവിധാനത്തിന്റെ വരവ് അറിയിക്കപ്പെട്ടത് -ആന്‍ഡ്രോയിഡ് അറ്റ് ഹോം (Android@Home). ആന്‍ഡ്രോയിഡ് പഌറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം വഴി (അത് മൊബൈലോ ടാബ്‌ലറ്റോ ഏതുമാകട്ടെ) വീട്ടുപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പുതിയ സംവിധാനത്തിലാണ് തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ ഭാവി തന്നെ ഗൂഗിള്‍ കാണുന്നത്.

ആന്‍ഡ്രോയിഡ് അറ്റ് ഹോം വരുന്നതോടെ ആന്‍ഡ്രോയിഡ് പഌറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലോ ടാബ്‌ലറ്റോ കമ്പ്യൂട്ടറോ കൊണ്ട് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നിയന്ത്രിക്കാന്‍ കഴിയും. ടിവിയും മ്യൂസ്‌ക് സിസ്റ്റവും ഫാനും ലൈറ്റും കളിപ്പാട്ടങ്ങളും ഫിറ്റ്‌നസ് ഉപകരണങ്ങളും എന്തിന് കാറുവരെ ദൂരെയിരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാം. വീട് പൂട്ടിയിറങ്ങിയപ്പോള്‍ മോട്ടോര്‍ ഓഫ് ചെയ്യാന്‍ മറന്നാല്‍ ടാങ്ക് നിറഞ്ഞ് വെള്ളം പാഴാവുമല്ലോ എന്ന് ഇനി ആധി പിടിക്കേണ്ട എന്ന് ചുരുക്കം. വാതിലും ഗേറ്റുമൊക്കെ ഓട്ടോമേറ്റഡാണെങ്കില്‍ കാറിലിരുന്ന് തന്നെ അവ തുറക്കുകയും ചെയ്യാം, അടയ്ക്കുകയുമാകാം!


വീട്ടുപകരണങ്ങള്‍ മുഴുവന്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റ നെറ്റ്‌വര്‍ക്കില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് ആന്‍ഡ്രോയിഡ് അറ്റ് ഹോം ടീം തലവന്‍ ജോ ബ്രിട്ട് പറയുന്നു.

മൊബൈല്‍ ആപഌക്കേഷനുകള്‍ കൊണ്ട് ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ നടന്നിട്ടുണ്ട്. എന്നാലതെല്ലാം പ്രോട്ടോടൈപ്പ് മാത്രമായി ഒതുങ്ങുകയായിരുന്നു. വ്യത്യസ്ത നിര്‍മാതാക്കളുടെ ഉത്പന്നങ്ങളെല്ലാം നിയന്ത്രിക്കാന്‍കഴിയുന്ന സിംഗിള്‍ പഌറ്റ്‌ഫോമിന്റെ അഭാവമായിരുന്നു പ്രധാന തടസ്സം. ആന്‍ഡ്രായിഡ് അറ്റ് ഹോം ഓപ്പണ്‍ പ്രോട്ടോക്കാളാക്കി മാറ്റി ഇത് മറികടക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. ആന്‍ഡ്രോയിഡ് ഫോണ്‍ മാത്രമല്ല, ഐഫോണും വിന്‍ഡോസ് പിസിയും വരെ ആന്‍ഡ്രായിഡ് അറ്റ് ഹോമില്‍ ഉപയോഗിക്കാനാവും. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളാണ് പുതിയ പഌറ്റഫോം ഉപയോഗിക്കുകയെങ്കിലും പിന്നീട് മറ്റ് മൊബൈല്‍ നിര്‍മാതാക്കളും അതുപയോഗിക്കുമെന്നാണ് ഗൂഗിള്‍ കരുതുന്നത്.

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത പുതിയ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യയാണ് ആന്‍ഡ്രോയിഡ് അറ്റ് ഹോമില്‍ ഉപയോഗിക്കുന്നത്. ഗൂഗിളും എല്‍ഇഡി നിര്‍മാതാക്കളായ ലൈറ്റിങ് സയന്‍സ് കമ്പനിയും ചേര്‍ന്നാണ് ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വീട്ടുപകരണങ്ങള്‍ ഇപ്പോള്‍ വികസിപ്പിക്കുന്നത്. തുടക്കമെന്ന നിലയ്ക്ക് ആന്‍ഡ്രോയിഡ് കൊണ്ട് നിയന്ത്രിക്കാവുന്ന ഹോം മീഡിയ സിസ്റ്റം- പ്രൊജക്ട് ടംങ്സ്റ്റണും കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചു.
TAGS:


Stories in this Section