സ്മാര്‍ട്ട്‌ഫോണിനെ എങ്ങനെ 'ക്രെഡിറ്റ് കാര്‍ഡാ'ക്കി മാറ്റാമെന്ന് കാട്ടിത്തന്ന സങ്കേതമാണ് 'നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍' (എന്‍.എഫ്.സി). എന്നാല്‍, ആ സങ്കേതം വഴി ആന്‍ഡ്രോയിഡ് ഫോണുകളെ ഹൈജാക്ക് ചെയ്യാന്‍ കഴിയുമെന്ന് വെളിപ്പെടുത്തല്‍.
'ഹൃസ്വദൂര റേഡിയോ ടെക്‌നോളജി'യാണ് എന്‍.എഫ്.സി.യില്‍ ഉപയോഗിക്കുന്നത്. ആ ടെക്‌നോളജി വഴി സ്മാര്‍ട്ട്‌ഫോണ്‍ ഹൈജാക്ക് ചെയ്യാനും അതില്‍ സൂക്ഷിച്ചിട്ടുള്ള ഡേറ്റ കവരാനും കഴിയുമെന്ന് ചാര്‍ളി മില്ലര്‍ എന്ന ഹാക്കറാണ് തെളിയിച്ചതെന്ന് ബി.ബി.സി.പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
കെണിയൊരുക്കി വെച്ചിട്ടുള്ള ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍, സ്മാര്‍ട്ട്‌ഫോണിനെ പ്രേരിപ്പിക്കുന്ന ചില സോഫ്ട്‌വേര്‍ ഉപകരണങ്ങളാണ് മില്ലര്‍ രൂപപ്പെടുത്തിയത്. ആ വെബ്‌സൈറ്റുകള്‍ ഫോണിലെത്തുന്നതിലൂടെ, ഫോണിനെ നിയന്ത്രണത്തിലാക്കി അതിലെ ഡേറ്റ ചോര്‍ത്താന്‍ മില്ലര്‍ക്ക് കഴിഞ്ഞു.
പല പാശ്ചാത്യരാജ്യങ്ങളിലും, സാധനങ്ങള്‍ വാങ്ങാന്‍ സ്മാര്‍ട്ട്‌ഫോണിലെ എന്‍.എഫ്.സി.സങ്കേതം ഉപയോഗിക്കുന്നവരുടെ സംഖ്യ പെരുകുകയാണ്. ഇത്തരം സങ്കേതത്തിന്റെ അപകടസാധ്യത വ്യക്തമാക്കുന്നതായി മില്ലറുടെ വെളിപ്പെടുത്തി.
'അകുവാന്റ്' (Accuvant) എന്ന സുരക്ഷാസ്ഥാപനത്തിലെ റിസര്‍ച്ച് കണ്‍സള്‍ട്ടന്റായ മില്ലര്‍, ലാസ് വെഗാസില്‍ നടക്കുന്ന ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കോണ്‍ഫറന്‍സിലാണ് എന്‍.എഫ്.സി.സങ്കേതത്തിന്റെ അപകട സാധ്യത വെളിപ്പെടുത്തിയത്.
സാംസങ് നെക്‌സസ് എസ്, ഗൂഗിള്‍ ഗാലക്‌സി നെക്‌സസ്, നോക്കിയ 9 എന്നീ ഫോണുകളെ എങ്ങനെ എന്‍.എഫ്.സിയുടെ സഹായത്തോടെ ഹൈജാക്ക് ചെയ്യാമെന്ന് മില്ലര്‍ കാട്ടിത്തന്നു.
ഫോണിനെ ആക്രമിക്കാനായി, എന്‍.എഫ്.സി.യുമായി ബന്ധപ്പെട്ട റീഡര്‍ ടാഗിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വേര്‍ എഴുതിയുണ്ടാക്കുകയാണ് മില്ലര്‍ ചെയ്തത്. ആന്‍ഡ്രോയിഡ് ഫോണുകളുപയോഗിച്ച് താന്‍ നിശ്ചയിച്ച സൈറ്റുകള്‍ സന്ദര്‍ശിക്കാനും, ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനും കഴിയുമെന്ന് മില്ലര്‍ തെളിയിച്ചു.
നോക്കിയ ഫോണിനെയും ഇത്തരത്തില്‍ വരുതിയിലാക്കാന്‍ മില്ലര്‍ക്ക് സാധിച്ചു. മില്ലറുടെ അവകാശവാദത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് നോക്കിയ പറഞ്ഞു. ഗൂഗിളിന്റെ പ്രതികരണം അറിവായിട്ടില്ല.