ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്കും സൃഷ്ടിക്കാം!

Posted on: 12 Jul 2010


-സ്വന്തം ലേഖകന്‍




മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ ശരിക്കും ജനകീയമാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍-ഉപയോഗത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന കാര്യത്തിലും. അതിനായി കമ്പനി ഒരു സൗജന്യ സോഫ്ട്‌വേര്‍ പുറത്തിറക്കിക്കഴിഞ്ഞു-'ഗൂഗിള്‍ ആപ്പ് ഇന്‍വെന്റര്‍ ഫോര്‍ ആന്‍ഡ്രോയിഡ്' (Google App Inventor for Android) എന്ന സോഫ്ട്‌വേറിന്റെ സഹായത്തോടെ ആര്‍ക്കും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ച് ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ഇത്രകാലവും പ്രോഗ്രാം ഡെവലപ്മാരുടെയും വിദഗ്ധരുടെയുമായിരുന്നു മൊബൈല്‍ ആപ്ലിക്കേഷന്‍ മേഖല. സാധാരണക്കാര്‍ അത്തരം ആപ്ലിക്കേഷനുകളുടെ വെറും ഉപഭോക്താക്കള്‍ മാത്രമായിരുന്നു. ആ സ്ഥിതിവിശേഷം മാറ്റാനാണ് ഗൂഗിളിന്റെ പുറപ്പാട്. പുതിയ സോഫ്ട്‌വേര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്താന്‍ ഡെവലപ്പര്‍മാരുടെ ആവശ്യമില്ല, ഒരു പ്രോഗ്രാമിങ് ജ്ഞാനവും വേണ്ട!

ആപ്ലിക്കേഷന് ആവശ്യമായ സോഫ്ട്‌വേര്‍ കോഡുകള്‍ എഴുതിയുണ്ടാക്കുന്നതിന് പകരം, നിങ്ങള്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന (ഡിസൈന്‍) ചെയ്‌തെടുക്കുകയാണ് വേണ്ടത്. ആപ്ലിക്കേഷന്റെ സ്വഭാവം നിശ്ചയിക്കാന്‍ സഹായിക്കുന്ന ബ്ലോക്കുകള്‍ ക്രമത്തില്‍ അടുക്കി കാര്യം സാധിക്കാമെന്ന്, ഗൂഗിള്‍ ലാബ്‌സ് അറിയിക്കുന്നു. ഇന്നു മുതല്‍ ഈ 'ഗൂഗിള്‍ ആപ്പ് ഇന്‍വെന്റര്‍' പരീക്ഷിക്കാനാകും.

ആന്‍ഡ്രോയിഡിന് വേണ്ടിയുള്ള ഈ ജനകീയ സോഫ്ട്‌വേര്‍ ഗൂഗിള്‍ ലാബ്‌സില്‍ വികസിപ്പിക്കാനാരംഭിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷമായി. കമ്പ്യൂട്ടര്‍ സയന്‍സില്‍ പരിചയവുമില്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ പരീക്ഷണാര്‍ഥം ഉപയോഗിച്ച് അതിന്റെ ഉപയോഗക്ഷമത ഗൂഗിള്‍ ഉറപ്പു വരുത്തിയതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ടു ചെയ്തു.

കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന കമ്പ്യൂട്ടറുകളായി മൊബൈല്‍ ഫോണുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യമുള്ള ആപ്ലിക്കേഷനുകള്‍ സ്വയം വികസിപ്പിക്കാന്‍ സാധിക്കണം. 'മൊബൈല്‍ ലോകത്ത് വെറും ഉപഭോക്താക്കള്‍ എന്നതിലുപരി ആളുകളെ സൃഷ്ടാക്കള്‍ തന്നെയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം'-ഗൂഗിളിന്റെ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ ഹരോള്‍ഡ് അബെല്‍സണ്‍ അറിയിച്ചു.



ഗ്രാഫിക് ഇമേജുകളായി കാണാവുന്ന വിവിധ കോഡ്‌ബ്ലോക്കുകളാണ് ഗൂഗിളിന്റെ പുതിയ സോഫ്ട്‌വേറില്‍ ഉപയോഗിച്ചിരിക്കുന്നത്. ആ ഓരോ ബ്ലോക്കുകളും വിവിധ തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ കര്‍മങ്ങള്‍ക്കുള്ളതായിരിക്കും. ഇത്തരം ബ്ലോക്കുകളെ കൂട്ടിയോജിപ്പിച്ച് 'ലെഗോ ബ്ലോക്കുകള്‍' (Lego blocks) ഉപഭോക്താവിന് സൃഷ്ടിക്കാനാകും. അതിന്റെ ഫലം അയാളുടെ സ്മാര്‍ട്ട്‌ഫോണിലെ ഒരു അപ്ലിക്കേഷനായിരിക്കും!

ഉദാഹരണത്തിന്, താനെവിടെയാണെന്ന് ഒരു വിദ്യാര്‍ഥിക്ക് തന്റെ ഏതാനും സുഹൃത്തുക്കള്‍ക്ക് 15 മിനിറ്റ് വീതം കൂടുമ്പോള്‍ ടെക്‌സ്റ്റ് മെസേജ് അയയ്ക്കണം എന്നിരിക്കട്ടെ. പുതിയ സോഫ്ട്‌വേറിന്റെ സഹായത്തോടെ ഇതിനായി മൂന്ന് ഗ്രാഫിക് കോഡ് ബ്ലോക്കുകള്‍ ചേര്‍ത്തുവെച്ച് അവനൊരു ആപ്ലിക്കേഷന്‍ സൃഷ്ടിക്കാം. അവന്റെ സ്ഥാനം നിര്‍ണയിക്കാനുള്ള ലൊക്കേഷന്‍ സെന്‍സര്‍ കാണിക്കുന്നതാണ് ഒരു ബ്ലോക്ക്. 15 മിനിറ്റ് ഇടവേളകളായി ക്രമീകരിച്ചിട്ടുള്ള ക്ലോക്കാണ് മറ്റൊരു ബ്ലോക്ക്. സുഹൃത്തുക്കളുടെ പട്ടിക ചേര്‍ത്തിട്ടുള്ള ലളിതമായ ഡേറ്റാബേസിനെ ഒരു വെബ്ബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്നതാണ് മൂന്നാമത്തെ ബ്ലോക്ക്. സ്‌ക്രീനിലെ ഒരു ബട്ടണ്‍ തെളിച്ചു വെയ്ക്കുക (ഓണാക്കുക) വഴി ഈ പ്രോഗ്രാം പ്രവര്‍ത്തനക്ഷമമാകുമെന്ന് അബെല്‍സണ്‍ പറയുന്നു.

വീഴ്ച്ചയുണ്ടാകുന്ന വേളയില്‍ ഒരു അടിന്തര സന്ദേശമോ അല്ലെങ്കില്‍ ഫോണ്‍ വിളിയോ സാധ്യമാകുന്ന വിധത്തിലൊരു ആപ്ലിക്കേഷന്‍ ഇന്ത്യാനാ സര്‍വകലാശാലയിലെ ഒരു നഴ്‌സിങ് വിദ്യാര്‍ഥി സൃഷ്ടിച്ച കാര്യം അബെല്‍സണ്‍ വെളിപ്പെടുത്തുന്നു. ഫോണിലെ ആക്‌സലറോമീറ്ററിന് വീഴ്ചയുടെ കാര്യം മനസിലാക്കാന്‍ പാകത്തിലാണ് ആ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയത്. ആക്‌സലറോമീറ്റര്‍ അക്കാര്യം മനസിലാക്കിക്കഴിഞ്ഞാല്‍, കുറച്ചു നേരം കഴിഞ്ഞിട്ടും വീണയാള്‍ എഴുന്നേല്‍ക്കുന്നില്ലെങ്കില്‍, പ്രോഗ്രാം ഓട്ടോമാറ്റിക്കായി സന്ദേശം നിശ്ചിതസ്ഥാനത്തേക്ക് അയയ്ക്കും.

ഗൂഗിളിന്റെ പുതിയ സോഫ്ട്‌വേര്‍ ആന്‍ഡ്രോയിഡ് ഫോണിലേ പ്രവര്‍ത്തിക്കൂ. മാത്രമല്ല, ഒരു ഗൂഗിള്‍ ജിമെയില്‍ അക്കൗണ്ട് ഉണ്ടെങ്കിലേ സോഫ്ട്‌വേര്‍ സൈറ്റിലേക്ക് പ്രവേശിക്കാനാകൂ. വെബ്ബ് അടിസ്ഥാന പ്രോഗ്രാമാണിത്. പുതിയ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന വേളയില്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ യു.എസ്.ബി.വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കണം.

ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ആന്‍ഡ്രോയിഡ്. ആപ്ലിക്കഷനുകളുടെ കാര്യത്തില്‍ പക്ഷേ, ആപ്പിളിന്റെ ഐഫോണിന്റെ ഒപ്പമെത്താന്‍ ആന്‍ഡ്രോയിഡിന് സാധിച്ചിട്ടില്ല. തങ്ങളുടെ ആപ്പ് സ്റ്റോറില്‍ 2.25 ലക്ഷം ആപ്ലിക്കേഷനുകള്‍ ലഭ്യമാണെന്ന് ആപ്പിള്‍ അടുത്തയിടെ വെളിപ്പെടുത്തുകയുണ്ടായി. അതേസമയം, 'ആന്‍ഡ്രോയിഡ് മാര്‍ക്കറ്റി'ല്‍ 60,000 ആപ്ലിക്കേഷനുകളേ ഉള്ളു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സര്‍വ്വെ പറയുന്നത്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന 43,185 ഡെവലപ്പര്‍മാരുള്ളപ്പോള്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍മാരുടെ സംഖ്യ 10,199 മാത്രമാണ് എന്നാണ്.

മൊബൈല്‍ ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണിനുള്ള ഈ മേല്‍കൈ മുന്നില്‍ കണ്ടു തന്നെയാണ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രംഗം സാധാരണക്കാര്‍ക്കുകൂടി തുറന്നുകൊടുക്കാന്‍ ഗൂഗിള്‍ തയ്യാറായിരിക്കുന്നത്. ഗൂഗിളിന്റെ ഈ തുന്ന സമീപനം, സ്മാര്‍ട്ട്‌ഫോണ്‍ സോഫ്ട്‌വേര്‍ വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, ആപ്പിളിന്റേത് അത്ര തുറന്ന സമീപനമല്ല. ആപ്പിളിന്റെ ഐഫോണിലും ഐപാഡിലും മാത്രമാണ് അവരുടെ മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഡസണ്‍ കണക്കിന് കമ്പനികള്‍ ആന്‍ഡ്രോയിഡ് ഫോണുകളും ടാബ്‌ലറ്റുകളും പുറത്തിറക്കുന്നുണ്ട്. ഇതും ആന്‍ഡ്രോയിഡിന് അനുകൂലമായ ഘടകമാണ്.
TAGS:
android phones  |  apps  |  google labs 


Stories in this Section