
കുഴപ്പം പിടിച്ച സോഫ്ട്‌വേര്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 22 ആപ്ലിക്കേഷനുകള്‍ (Apps) ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. യൂറോപ്പിലെ നൂറുകണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ആപ്ലിക്കേഷനുകള്‍ വഴി തട്ടിപ്പിനിരയായെന്ന് കണ്ടതിനാലാണ് നടപടി.
തട്ടിപ്പിന് ഫോണ്‍ ഉടമകളെ ഇരയാക്കുന്ന 'റുഫ്രാഡ്' ('RuFraud') എന്ന ദുഷ്ടപ്രോഗ്രാം അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തവ. ഇതടങ്ങിയിട്ടുള്ള അഞ്ച് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്കൂടി തങ്ങള്‍ തിരിച്ചറിഞ്ഞതായി സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായുള്ള മൊബൈല്‍ സുരക്ഷാ കമ്പനി 'ലുക്കൗട്ട്' (Lookout) അറിയിച്ചു.
ഒരു ഗെയിമോ പ്രോഗ്രാമോ ഡൗണ്‍ലോഡ് ചെയ്യാനാണെന്ന് തോന്നിപ്പിക്കുകയാണ് റുഫ്രാഡ് ചെയ്യുക. ഫോണ്‍ ഉടമ അനുവാദം കൊടുത്താലുടന്‍, ഡൗണ്‍ലോഡിന് പകരം മൂന്നു പൗണ്ട് ചാര്‍ജ് ചെയ്യപ്പെടുന്ന സന്ദേശം ടെക്സ്റ്റ് മെസേജായി ഫോണില്‍ നിന്ന് അയയ്ക്കപ്പെടും. തട്ടിപ്പിന്റെ ഉറവിടം റഷ്യയാണെന്ന് കരുതുന്നതായി ലുക്കൗട്ട് പറയുന്നു.
ലുക്കൗട്ട് പുറത്തുവിട്ട കണക്ക് പ്രകാരം റുഫ്രാഡ് അടങ്ങിയിട്ടുള്ള ആപ്ലിക്കേഷനുകള്‍ 14,000 തവണ ഡൗണ്‍ലോഡിന് വിധേയമായിട്ടുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പടെ യൂറോപ്യന്‍ രാജ്യങ്ങളിലാണ് കഴിഞ്ഞ മാസങ്ങളില്‍ ഇത് ഏറെയും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.
മറ്റ് ആപ്പ്‌സ് സര്‍വീസുകളെപ്പോലെ മുന്‍കൂട്ടി വിശദമായി പരിശോധിച്ചിട്ടല്ല ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ആപ്പ്‌സ് സ്വീകരിക്കുക. ഇതിന്റെ പേരില്‍ മുമ്പും ഗൂഗിള്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. സുരക്ഷാനയങ്ങള്‍ ലംഘിക്കുന്നതായി കാണുന്ന ആപ്പ്‌സ് ഉടന്‍തന്നെ നീക്കം ചെയ്യുകയാണ് തങ്ങളുടെ രീതിയെന്ന് ഗൂഗിള്‍ പറയുന്നു.
അതേസമയം, ഗൂഗിളിന്റെ പ്രതിയോഗികളായ ആപ്പിളും മൈക്രോസോഫ്ടും അവയുടെ ആപ്പ്‌സ് സ്റ്റോറില്‍ കര്‍ക്കശമായ സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് ആപ്പ്‌സ് സ്വീകരിക്കാറ്. ആമസോണിന്റെ ആപ്പ്‌സ് സ്റ്റോറും ഗൂഗിളിനെക്കാള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്താറുണ്ട്.
ഗൂഗിള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന്, സുരക്ഷാസ്ഥാപനമായ കാസ്‌പെര്‍സ്‌കിയിലെ ഡേവിഡ് എം അഭിപ്രായപ്പെടുന്നു. ആന്‍ഡ്രോയിഡിന്റെ മാര്‍ക്കറ്റ് വിഹിതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തട്ടിപ്പുകാര്‍ കൂടുതലായി ആന്‍ഡ്രോയിഡിനെ ഉന്നംവെയ്ക്കുക സ്വാഭാവികമാണെന്ന് ഡേവിഡ് എം ബിബിസിയോട് പറഞ്ഞു.
ഫോണ്‍ ഉടമകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ പ്രവേശിക്കുക ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ചാണ്. ആ നിലയ്ക്ക് മാര്‍ക്കറ്റ് അക്കൗണ്ട് ഏതെങ്കിലും ദുഷ്ടബുദ്ധികള്‍ക്ക് ഭേദിക്കാനായാല്‍ അത് ഗൂഗിള്‍ അക്കൗണ്ടിന്റെ കാര്യത്തിലും ഭീഷണി സൃഷ്ടിക്കും.