ആന്‍ഡ്രോയിഡിന്റെ 'ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്' എത്തി
Posted on: 19 Oct 2011
ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായ 'ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്' ഗൂഗിള്‍ അവതരിപ്പിച്ചു. സാംസങുമായുള്ള പങ്കാളിത്തത്തോടെ 'ഗാലക്‌സി നെക്‌സസ്' ഫോണിലൂടെയാണ് പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ അവതരിപ്പിക്കപ്പെട്ടത്.
ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഉപയോഗിക്കുന്ന ആദ്യസ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി നെക്‌സസ്. പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസും ഒട്ടേറെ പുതിയ സവിശേഷതകളുമായാണ് ആന്‍ഡ്രോയിഡ് 4.0 എന്ന ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിന്റെ വരവ്. ആന്‍ഡ്രോയിഡിന്റെ മുഖ്യപ്രതിയോഗിയായ ആപ്പിള്‍ ഐഒഎസിന്റെ പുതിയ വേര്‍ഷന്‍ പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്.
ഒരേ സോഫ്ട്‌വേര്‍ വിവിധ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഓപ്റ്റിമൈസേഷന്‍ പ്രശ്‌നമാകുക സ്വാഭാവികം മാത്രമാണ്. ആന്‍ഡ്രോയിഡിന്റെ ഇതിന് മുമ്പുള്ള എല്ലാ വേര്‍ഷനുകള്‍ക്കും ഈ പ്രശ്‌നം ഉണ്ടായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി വിവിധ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി ഓപ്റ്റിമൈസ് ചെയ്ത പ്ലാറ്റ്‌ഫോമാണ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്.
മുഖംനോക്കി ഫോണിന്റെ ഉടമസ്ഥനെ തിരിച്ചറിയാനുള്ള 'ഫെയ്‌സ് റിക്കഗ്നിഷന്‍' ആണ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലെ ഏറ്റവും വലിയ സവിശേഷത. ആന്‍ഡ്രോയിഡിന്റെ പഴയ വേര്‍ഷനുകളിലെ പാറ്റേണ്‍ കോഡ് ഉപയോഗിച്ചുള്ള പൂട്ടിന് പകരമാണ് ഈ ഫീച്ചര്‍. ഈമെയില്‍ കപ്പാസിറ്റിയും വര്‍ധിച്ചിരിക്കുന്നു. സബ്‌ഫോള്‍ഡറുകളുടെ പിന്തുണയും ലഭിക്കും.
മാത്രമല്ല, വെബ് ഉള്ളടക്കവും ആപ്ലിക്കേഷന്‍ ലിങ്കുകളും പരസ്പരം കൈമാറാന്‍ ഫോണുകള്‍ പരസ്പരം ഒന്ന് സ്പര്‍ശിച്ചാല്‍ മതി. 'ആന്‍ഡ്രോയിഡ് ബീം' (Android Beam) എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഫോണിലെ മൈക്രോഫോണ്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ത്തിരിക്കും. എന്നുവെച്ചാല്‍, വോയ്‌സ് റിക്കഗ്നിഷന്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സാരം.